ഐഐഎസ്എഫ് 2025: ബ്രിക്-ആർജിസിബി യില്‍​ കർട്ടന്‍ റെയ്സർ പരിപാടി സംഘടിപ്പിച്ചു

New Update
Pic
തിരുവനന്തപുരം: ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനു (ഐഐഎസ്എഫ് 2025) മുന്നോടിയായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു.

ഡിസംബര്‍ 6 മുതല്‍ 9 വരെ ചണ്ഡീഗഡില്‍ നടക്കുന്ന ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ബ്രിക്-ആര്‍ജിസിബിയിലെ അത്യാധുനിക ഗവേഷണ, സേവന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയായിരുന്നു പരിപാടി. 'വിജ്ഞാന്‍ സേ സമൃദ്ധി: ഫോര്‍ ആത്മനിര്‍ഭര്‍ ഭാരത്' എന്ന ദേശീയ പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ശാസ്ത്രത്തെ ആഘോഷമാക്കുന്നതിനും അറിവ് പങ്കിടുന്നതിനും ഇന്ത്യയുടെ ശാസ്ത്രശക്തിയെ കൂട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നവീനാശയക്കാര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാന്‍ ഐഐഎസ്എഫ്  ലക്ഷ്യമിടുന്നു.

ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ (അഡീഷണല്‍ ചാര്‍ജ് ) ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലുള്ളതും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടതുമായ നിരവധി വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിത നൂതന പരിഹാരങ്ങള്‍ അനിവാര്യമാണെന്ന് ഡോ. സന്തോഷ് പറഞ്ഞു. യുവജനങ്ങളെ ശാസ്ത്രമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഐഐഎസ്എഫ് പോലുള്ള പരിപാടികള്‍ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവലോകനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച 'ഡിസൈന്‍ ഫോര്‍ ബയോ ഇ3' ചലഞ്ചിനെക്കുറിച്ച് ബ്രിക് സിഡിഎഫ്ഡി യിലെ ശാസ്ത്രജ്ഞനായ ഡോ. കെ.ബി. ഹരികുമാര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.

ആര്‍ജിസിബി ശാസ്ത്രജ്ഞരായ ഡോ. ദിലീപ് വാസുദേവന്‍, ഡോ. കെ.ആര്‍. മഹേന്ദ്രന്‍ എന്നിവര്‍ നിലവിലെ ഗവേഷണ പരിപാടികളെക്കുറിച്ച് പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ജിസിബി യുടെ വിവിധ ലബോറട്ടറികള്‍ സന്ദര്‍ശിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കാനുള്ള അവസരവും ലഭിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അനീഷ് എന്‍.പി. നന്ദി പറഞ്ഞു.
Advertisment
Advertisment