ആക്സിയ ഹാക്കത്തോൺ 2025 വിജയികളായി ഐ.ഐ.ടി. പട്ന; നേട്ടം എ.ഐ-അധിഷ്ഠിത കോപൈലറ്റ് പ്രോജക്റ്റിന്

New Update
5a70bff6-9f69-4137-a614-919b995ab01d

തിരുവനന്തപുരം: ലോകത്തെ മുൻനിര വാഹനസോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ് സംഘടിപ്പിച്ച, ആക്സിയ ഹാക്കത്തോൺ 2025-ൽ ഐഐടി. പട്ന വിജയികളായി. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് III ക്യാമ്പസിലാണ്, 24 മണിക്കൂർ നീണ്ടുനിന്ന ഈ ദേശീയ ഇന്നൊവേഷൻ ചാലഞ്ച് മത്സരം അരങ്ങേറിയത്. ഭാവിയിലെ മൊബിലിറ്റിക്കായി എ.ഐ/എം.എൽ. സൊല്യൂഷനുകൾ രൂപകൽപ്പന ചെയ്യുന്നതുമായി ബന്ധപ്പെട്ട മത്സരത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവപ്രതിഭകൾ പങ്കെടുത്തു. 

Advertisment

അഞ്ച് ഐഐടികൾ ഉൾപ്പടെ, 92 മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി, മുന്നൂറിൽ അധികം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്. 24 വിദ്യാർത്ഥികൾ ഉൾപ്പെട്ട 14 ടീമുകളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. മ്യുലേർൺ, ഐഇഇഇ. കേരളാ സെക്ഷൻ എന്നിവയുമായി സഹകരിച്ചാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്.

ഐ.ഐ.ടി. പട്നയിൽ നിന്നുള്ള ആദിത്യൻ വി.പി. ഒന്നാം സമ്മാനം നേടി. ജിറ, ഗിറ്റ്‌ഹബ്, ടീംസ് എന്നിവയെ ഏകീകരിച്ച്, ഇന്റലിജന്റ് ഓട്ടോമേഷനിലൂടെ  റിസ്കുകൾ പ്രവചിക്കാനും, വ‍ർക് ലോഡ് ഒപ്റ്റിമൈസ് ചെയ്യുന്നതിനും സഹായിക്കുന്ന എ.ഐ. അധിഷ്ഠിത കോപൈലറ്റാണ് ആദിത്യൻ വികസിപ്പിച്ചത്. 

സൗകര്യം, വിനോദം, സുരക്ഷ എന്നിവയെ തത്സമയം വ്യക്തിഗതമാക്കുന്ന, ജനറേറ്റീവ് ഇൻ-കാർ അസിസ്റ്റന്റായ സ്മാർട്ട്കോക്ക്പിറ്റ് എ.ഐ അവതരിപ്പിച്ച ചെന്നൈ അമൃത വിശ്വ വിദ്യാപീഠത്തിലെ ശ്രീധരൻ എസ്. രണ്ടാം സമ്മാനം നേടി. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഗ്ലെൻ മാത്യൂസ്, നന്ദന മുരളി എന്നിവർക്കാണ് മൂന്നാം സ്ഥാനം. ചെലവ് കുറഞ്ഞതും അനുയോജ്യവുമായ ടീമുകളെ രൂപീകരിക്കുന്നതിനായി സഹായിക്കുന്ന, ജനറേറ്റീവ് എ.ഐ. അധിഷ്ഠിത പ്രോജക്ട് സ്റ്റാഫിംഗ് അസിസ്റ്റന്റായ, മാച്ച്മേക്കർ എ.ഐ വികസിപ്പിച്ചതിനാണ് അവാർഡ്. എ.ഐ. അടിസ്ഥാനമാക്കിയുള്ള ടീം രൂപീകരണ സൊല്യൂഷനായ വിസാർഡ് എ.ഐ അവതരിപ്പിച്ച ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഴിൽ ശ്രീകാന്ത് എം.,  ഗിരിധർ എൻ. എന്നിവർക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.

ഇന്നോവേഷൻ എന്നത്, ഇറക്കുമതി ചെയ്യുന്ന ഒന്നല്ല, മറിച്ച് അന്തർലീനമാണെന്ന് റിട്ടയേർഡ് പ്രൊഫസറും, എഴുത്തുകാരനും, പണ്ഡിതനും, സി-ഡിറ്റ് മുൻ ഡയറക്ടറുമായ ഡോ. അച്യുത്‌ശങ്കർ എസ്. നായർ പറഞ്ഞു. ഒരു പ്രശ്നത്തെ മനസ്സിലാക്കി, അതിന് ലളിതവും പ്രായോഗികവുമായ പരിഹാരം കണ്ടെത്താനുള്ള കഴിവിലാണ് യഥാർത്ഥ സൃഷ്ടിപരത്വം നിലകൊള്ളുന്നത്. ആക്സിയ ഹാക്കത്തോൺ അതിനെയാണ് ആഘോഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെസ്റ്റ് റിസർച്ച് പാർക്ക് സി.ഇ.ഒ. ഡോ. രാജശ്രീ എം.എസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ഡീൻ (അക്കാദമിക്) പ്രൊഫസർ എസ്. അഷ്റഫ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ. ഫായാ മാനേജിംഗ് ഡയറക്ടറും മ്യുലേൺ ചീഫ് വളണ്ടിയറുമായ ദീപു എസ്. നാഥ്, ആക്സിയ ടെക്നോളജീസ് എഞ്ചിനീയറിംഗ്  വൈസ് പ്രസിഡന്റ്  അനിൽ എസ്, ന്യൂ ഇനിഷ്യേറ്റീവ്സ് വൈസ് പ്രസിഡന്റ്  രജീഷ് ആർ തുടങ്ങിയവരും അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിജയികൾക്ക് യഥാക്രമം 50,000, 25,000, 15,000 രൂപയും, വിവിധ സമ്മാനങ്ങളും ആക്സിയ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും സമ്മാന കിറ്റുകളും നൽകി.

വ്യവസായ–അക്കാദമിക് സഹകരണത്തിന്, ആക്സിയ ടെക്നോളജീസ് വർഷങ്ങളായി നൽകിവരുന്ന പ്രാധാന്യത്തെ കുറിച്ച്, കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ സംസാരിച്ചു. അക്കാദമിക് ലോകവുമായി ഞങ്ങളുടെ യാത്ര എപ്പോഴും പരസ്പര പഠനത്തിൻ്റെയും വളർച്ചയുടേതുമായിരുന്നു. വീൽസ് ഓഫ് ദ ഫ്യൂച്ചർ, ഇൻഡസ്ട്രി ഇമ്മേഴ്‌ഷൻ, ക്യാമ്പസ് കണക്ട്, ആക്സിയ ഫിനിഷിംഗ് സ്കൂൾ തുടങ്ങിയ സംരംഭങ്ങളിലൂടെ, ശരിയായ വേദി ലഭിക്കുമ്പോൾ, യുവമനസ്സുകൾ എങ്ങനെ ആശയങ്ങളെ, യാഥാർത്ഥ്യമാക്കുന്നു എന്നത് നേരിൽ കാണാനായിട്ടുണ്ട്. അക്സിയ ഹാക്കത്തോൺ ആ ദർശനത്തിൻ്റെ തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐ/എം.എൽ, ഏജന്റിക് എഞ്ചിനീയറിംഗ് ടൂളുകൾ, ഡാറ്റാ അനലിറ്റിക്സ് എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രശ്ന പ്രസ്താവനകളാണ് രണ്ട് ദിവസങ്ങളിലായി ഹാക്കത്തോണിൽ പങ്കെടുത്തവർ കൈകാര്യം ചെയ്തത്. മുതിർന്ന ആക്സിയ എഞ്ചിനീയർമാർ ടീമുകൾക്ക് മെന്റർഷിപ്പ് നൽകി. ഡിസൈൻ തിങ്കിംഗും, റിയൽ- വേൾഡ് സിസ്റ്റം ഇന്റഗ്രേഷൻ ആശയങ്ങൾ പ്രയോഗിക്കാനും, അവരെ സഹായിക്കുകയും ചെയ്തു.'സങ്കീർണ്ണമായവയെ ലളിതമാക്കുക' എന്ന ആക്സിയയുടെ തത്വശാസ്ത്രം പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും, അക്കാദമിക രംഗവും, വ്യവസായവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, യുവ എഞ്ചിനീയർമാരെ സോഫ്റ്റ്‌വെയർ-നിർവചിക്കപ്പെട്ട വാഹന കാലഘട്ടത്തിനായി സജ്ജരാക്കുന്നതിനുമുള്ള കമ്പനിയുടെ ദൗത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ ഹാക്കത്തോൺ.

Advertisment