കോഴിക്കോട് : ഛത്തീസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ ട്രെയിൻ യാത്രക്കിടെ പോലീസുകാർ തടഞ്ഞു വെച്ച് ജെയിലിലടച്ച സംഭവം അതി ക്രൂരവും അത്യന്തം അപലപനീയവുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ പ്രശസ്ത സേവനം നടത്തുന്ന അസീസി സിസ്റ്റേഴ്സ് സംന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് തടവിലടക്കപ്പെട്ട രണ്ട് പേരും. ഇത് ന്യായീകരണമില്ലാത്ത കയ്യേറ്റമാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് അജണ്ടകൾ അതി ഭീകരമായ നിലയിൽ രാജ്യമെമ്പാടും നടപ്പിലാക്കി വരികയാണ്.
അനധികൃത നിർമ്മാണം എന്ന് പറഞ്ഞ് ആസ്സാമിൽ ആയിരക്കണക്കിന് മുസ്‌ലിം വീടുകൾ കഴിഞ്ഞ ആഴ്ച ഇടിച്ച് തകർത്തിരിക്കയാണ്. അമ്പത് വർഷത്തിലധികമായി നികുതിയടച്ച് പോരുന്നവരുടെ വീടുകളാണ് അവിടെ തകർത്തത്. ന്യൂനപക്ഷ സമുദായങ്ങളെ ഓരോന്നോരോന്നായി വംശഹത്യ നടത്തി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢതന്ത്രങ്ങളുടെ ഫലമായുള്ള പ്രവർത്തനങ്ങളാണിതെല്ലാം.
രാഷ്ട്രത്തിൻ്റെ അഖണ്ഡതയും പൗരന്മാരുടെ സ്വാതന്ത്ര്യവും നശിപ്പിക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ നീതി നടപ്പാക്കണമെന്നും ഇമാം ഡോ ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു