ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജതീയ പാര്‍ട്ടിയുടെ ഖുല്‍ന ഓഫീസും ഒരു സംഘം അടിച്ചു തകര്‍ത്ത് തീവെച്ച് നശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് തലസ്ഥാനമായ ധാക്കയുടെ ഹൃദയഭാഗത്ത് കാക്രെയ്ല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ജതീയ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.
ഒരു സംഘം പ്രതിഷേധക്കാര്‍ ഖുല്‍നയിലെ ദക്ബംഗ്ല ഇന്റര്‍സെക്ഷനിലുള്ള ജതീയ പാര്‍ട്ടി ഓഫീസ് നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ഓഫീസിന് നേരെ ഇഷ്ടിക എറിഞ്ഞ് അകത്ത് നിന്ന് രണ്ട് പ്ലാസ്റ്റിക് കസേരകള്‍ പുറത്തെടുത്ത് തീയിട്ടു. ആക്രമണം നടത്തിയവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും അവരെ പിടികൂടാനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പരിഭ്രാന്തി പരക്കുകയും സമീപത്തെ കടകള്‍ അടക്കുകയും ചെയ്തു.
ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പ്രകോപിതരായ ഒരു കൂട്ടം വ്യക്തികള്‍ ജതിയ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത്. മുന്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ് സ്ഥാപിച്ച ജതിയ പാര്‍ട്ടി, അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ശനിയാഴ്ച ധാക്കയില്‍ റാലി നടത്തുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഷെയ്ഖ് ഹസീന വിരുദ്ധരെ ദേഷ്യം പിടിപ്പിച്ചത്.