കണ്ണൂർ: കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയിലാണ് കുടുങ്ങിയതെന്നുമാണ് ഇപ്പോള്‍ വനംവകുപ്പ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ കൊട്ടിയുർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം തുടങ്ങി. പന്നികളെ ലക്ഷ്യമിട്ട് ആരോ സ്ഥാപിച്ച കെണിയിൽ കടുവ വീണുവെന്നാണ് വനം വകുപ്പിന്റെ നിഗമനം. സംഭവത്തിൽ ഉടമ സ്ഥലത്തില്ലാത്തതിനാൽ മൊഴി എടുക്കുന്നതിന് നോട്ടീസ് നൽകും.
നേരത്തെ കമ്പി വേലിയിലാണ് കടുവ കുടുങ്ങിയതെന്നായിരുന്നു പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വെച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചത്തുപോവുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ പറഞ്ഞിരുന്നത്.
കെണിയില്‍ കുടുങ്ങിയപ്പോഴുള്ള സമ്മര്‍ദവും കടുവയുടെ മരണകാരണമായിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. കൊട്ടിയൂര്‍ ആര്‍എഫ്ഒ സുധീര്‍ നരോത്തിനാണ് അന്വേഷണ ചുമതല. കടുവ ചാകാൻ കാരണം ശ്വാസകോശത്തിലെ അണുബാധയെന്ന് പോസ്റ്റ്‍മോർട്ടത്തിലെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയ കടുവ ചത്തത്.
കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്. കടുവ മണിക്കൂറികൾക്കുള്ളിൽ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുടുക്കില്‍നിന്ന് രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ കടുവയുടെ പേശികൾക്കും പലയിടത്തും പരിക്കേറ്റിരുന്നു.
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എൻ ടി സി എ പ്രോട്ടോകോൾ പ്രകാരം മൂന്ന് ഡോക്ടർമാരും ഡിഎഫ്ഒയുമടങ്ങുന്ന അഞ്ചംഗ സമിതിയാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്. കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കടുവയെ തൃശൂരിലേക്ക് മാറ്റുന്നതിനിടെ വാഹനത്തില്‍ വെച്ചാണ് കടുവ ചത്തത്. വാഹനം കോഴിക്കോട് എത്തിയപ്പോഴാണ് കടുവ ചത്ത കാര്യം ഡോക്ടര്‍ മനസിലാക്കിയത്. രാവിലെ ആറ് മണിയോടെ തൃശൂര്‍ മൃഗശാലയില്‍ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കടുവയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുന്നതിനുള്‍പ്പടെ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ റബ്ബര്‍ ടാപ്പിങിന് പോയ തൊഴിലാളികളാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടത്.
മുന്‍ കാലുകളിലൊന്ന് വേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തി. ആറ് മണിക്കൂറിന് ശേഷം മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ കൂട്ടിലടയ്ക്കുകയായിരുന്നു.