/sathyam/media/media_files/2025/09/18/india-saudi-flag-2025-09-18-19-49-00.jpg)
കോട്ടയം: ഇന്ത്യയും സൗദിയും യുദ്ധമുഖത്തു നേര്‍ക്കു നേര്‍ വരുന്ന കാലം വിദൂരമല്ല.. കേട്ടാല്‍ അത്ഭുതം തോന്നാം. സൗദി അറേബ്യയും പാകിസ്ഥാനും തമ്മില്‍ ഒരു പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കരാര്‍ പ്രകാരം രണ്ടില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെയുള്ള ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നാണു കരാറില്‍ പറയുന്നത്.
ഒരു രാജ്യത്തിന്റെയും പേര് പറയാതെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെങ്കിലും ഇന്ത്യ - പാകിസ്ഥാന്‍ ബന്ധം സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണു കടന്നുപോകുമ്പോള്‍ സൗദി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടതു സൗദിയില്‍ ഉള്ള ഇന്ത്യാക്കാരേ ആശങ്കയിലാക്കിയിരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം മലയാളികള്‍ സൗദിയില്‍ ജോലിനോക്കുന്നുണ്ട്. സൗദിയുടെ ആരോഗ്യമേഖലയില്‍ ഉള്‍പ്പടെ മലയാളികള്‍ ഏറെയാണ്. ഓയില്‍ റിഫൈറനറി, പൈപ്പ് ലൈന്‍, നിര്‍മാണ മേഖല തുടങ്ങി മലയാളികളുടെ സാന്നിധ്യമില്ലാത്ത മേഖല സൗദിയില്‍ ചുരുക്കമാണ്.
പുതിയ കരാറില്‍ സൗദിയില്‍ ഉള്ള മലയാളികളും കടുത്ത ആശങ്കയിലാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷത്തിലേക്കു നീങ്ങിയാല്‍ സൗദി അറേബ്യ ഇന്ത്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചു പാക്കിസ്ഥാനൊപ്പം നില്‍ക്കുമോ എന്നതാണ് ഇവര്‍ ഉയര്‍ത്തന്ന ചോദ്യം. കാലങ്ങളായി പാക്കിസ്ഥാന്റെ പങ്കാളിയാണു സൗദിയെങ്കിലും പരസ്യമായി ഇന്ത്യയ്‌ക്കെതിരെ സൗദി നിലകൊണ്ടിരുന്നില്ല. മറിച്ചു ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധവും സൗദിക്കുണ്ട്. എന്നാല്‍, സൗദിയുടെ പുതിയ നീക്കം ഇന്ത്യ-സൗദി ബന്ധത്തില്‍ പൊൡച്ചെഴുത്തിനു വഴിവെച്ചേക്കും.
'മേരാ ദോസ്ത്'എന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഴ്ത്തിപ്പാടിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കു മേല്‍ ഇരട്ട നികുതിയാണു ചുമത്തിയത്. ഇത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയാണു സമ്മാനിച്ചത്. അമേരിക്ക കൈവിട്ടതിന്റെ ആഘാതം മറികടക്കും മുന്‍പു സൗദി കൂടി പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്നത് ഇന്ത്യയ്ക്കു നയതന്ത്ര തലത്തില്‍ക്കൂടി വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മില്‍ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണു പുതിയ കരാര്‍ വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, പെഹല്‍ഗാം ഭീകരാക്രമണം പോലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു വീണ്ടും നീചമായൊരു നീക്കം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ സൗദി - പാക്കിസ്ഥാന്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്കു വെല്ലുവിളി ഉയര്‍ത്തുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പുതിയ കരാര്‍ അനുസരിച്ചു സൗദി ഇന്ത്യയുമായി നേര്‍ക്കുനേര്‍ യുദ്ധത്തിനു തയ്യാറാകുമെന്ന് അര്‍ഥമില്ലെങ്കിലും ആയുധങ്ങളും സാങ്കേതിക വിദ്യകളും പാക്കിസ്ഥാനു കൈമാറാന്‍ സൗദിക്കു സാധിക്കും. പാകിസ്ഥാനെ ഒപ്പം നിര്‍ത്തുന്നതിനു പിന്നില്‍ സൗദിയുടെ ലക്ഷ്യം ആണവ ശക്തിയെ ഒപ്പം നിര്‍ത്തുക എന്നതുകൂടി ലക്ഷ്യമിട്ടാണ്. ഇതോടൊപ്പം പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിയില്‍ സൗദി ഫണ്ട് ചെയ്യുന്നു എന്ന ആരോപണങ്ങളും സജീവമാണ്.