/sathyam/media/media_files/2025/09/15/dam-2025-09-15-14-23-11.jpg)
ന്യൂഡൽഹി∙ ബ്രഹ്മപുത്ര നദിയിൽ ചൈന അണക്കെട്ട് നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതോടെ ഇന്ത്യയും ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നു. അരുണാചൽപ്രദേശിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കുന്നത്. ജലം സുരക്ഷിതമാക്കുക, വൈദ്യുതി ഉൽപ്പാദിപ്പിക്കുക, വെള്ളപ്പൊക്കം ലഘൂകരിക്കുക, ചൈനയുടെ അപ്‌സ്ട്രീം അണക്കെട്ട് നിർമ്മാണത്തിന് ഒരു തന്ത്രപരമായ പ്രതിരോധമായി വർത്തിക്കുക എന്നിവയാണ് ഇന്ത്യൻ പദ്ധതിയായ അപ്പർ സിയാങ് മൾട്ടിപർപ്പസ് പ്രോജക്റ്റ് ലക്ഷ്യമിടുന്നത്.
ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അണക്കെട്ടു നിർമിച്ചശേഷം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് ഇന്ത്യ പുതിയ അണക്കെട്ട് നിർമിക്കുന്നതെന്നാണ് വിവരം. അണക്കെട്ടിന് 278 മീറ്റർ ഉയരമുണ്ടാകും.
പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് അണക്കെട്ട് നിർമിക്കുന്നത്. 17,069 കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറായി. അണക്കെട്ട് നിർമാണം 2032ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയും അണക്കെട്ടിന്റെ ഭാഗമായുണ്ടാകും. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണു ബ്രഹ്മപുത്രയിലേത്.