ആഗോള കടൽപായൽ വിപണിയിൽ ഇന്ത്യ നിർണായക ശക്തിയാകുമെന്ന് വിലയിരുത്തൽ

സിഎംഎഫ്ആർഐയിൽ നടന്ന ആഗോള കടൽപായൽ ഉച്ചകോടി സമാപിച്ചു

New Update
Photo 1

കൊച്ചി: ആഗോള കടൽപായൽ സമ്പദ്വ്യവസ്ഥയിൽ അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ നിർണായക ശക്തിയായി മാറുമെന്ന് വിലയിരുത്തൽ. വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗം, വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ, ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് സിഎംഎഫ്ആർഐയിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ കടൽപായൽ ഉച്ചകോടിയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.

Advertisment

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ്  രണ്ടു ദിവസത്തെ എക്്‌സ്‌പോയും ഉച്ചകോടിയും സംഘടിപ്പിച്ചത്.

അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മധ്യവർഗ ജനസംഖ്യയിൽ 60 കോടിയുടെ വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് കടൽപായലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന 'കരാജിനൻ' പോലുള്ള ഉൽപ്പന്നങ്ങൾക്ക് വലിയ വിപണി ഒരുക്കും. ഭക്ഷണം, മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിൽ കരാജിനൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏഷ്യൻ വിപണിയിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ഈ മേഖലയിൽ വൻ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ബെൽജിയത്തിൽ നിന്നുള്ള കടൽപായൽ മേഖലയിലെ വ്യവസായ നിരീക്ഷകൻ സ്റ്റീവൻ ഹെർമൻസ് പറഞ്ഞു.

ഇതിന് പുറമെ, കാർഷിക മേഖലയിൽ വളർച്ചാ ത്വരിതപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന കടൽപായൽ അധിഷ്ഠിത ഉൽപ്പന്നമായ ബയോസ്റ്റിമുലന്റുകൾക്കും ഇന്ത്യയിൽ ആവശ്യകത കൂടും. ഇവയുടെ വിപണി പ്രതിവർഷം 10 ശതമാനം വളർച്ച കൈവരിക്കും. 2030-ഓടെ ഇതിനായി വൻതോതിൽ കടൽപായൽ ആവശ്യമായി വരും.

പരിസ്ഥിതി സൗഹൃദ പാക്കേജിംഗിനായി കടൽപായൽ പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്ന രീതിക്ക് വലിയ നിക്ഷേപം ലഭിക്കുന്നുണ്ട്. 2020 മുതൽ ഈ മേഖലയിൽ ഏകദേശം 1,500 കോടി രൂപയുടെ ആഗോള നിക്ഷേപം നടന്നിട്ടുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി.

മാത്രമല്ല, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയുന്നതിൽ കടൽപായൽ കൃഷിക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സംഭരിച്ചുവെക്കുന്ന 'ബ്ലൂ കാർബൺ' പദ്ധതിയിൽ കടൽപായലുകൾ പ്രധാന കണ്ണിയാകും. തീരദേശങ്ങളുടെ സുരക്ഷയ്ക്കും കടൽപായൽ കൃഷി അനിവാര്യമാണെന്ന് ഗവേഷകർ പറഞ്ഞു.

Advertisment