/sathyam/media/media_files/JmnR6GfiLCfDBerWh1uc.jpg)
cricket
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം വമ്പന്‍ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം നടത്തിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ജെമീമ റോഡ്രിഗ്രസാണ് കളിയിലെ താരം. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, ജെമീമ റോഡ്രിഗ്രസ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഒരവസരത്തില്‍ മൂന്നിന് 68 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗറും ജെമീമ റോഡ്രിഗ്രസും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടുനീങ്ങി. വ്യക്തിഗത സ്‌കോര്‍ 48 ല്‍ നില്‍ക്കെ ബംഗ്ലാദേശ് ഫീല്‍ഡറുടെ ത്രോ കൈയില്‍ കൊണ്ട് ഹര്‍മന്‍ പ്രീത് റിട്ടേയര്‍ഡ് ഹര്‍ട്ടായി. തുടര്‍ന്ന് ഹര്‍ലിന്‍ ഡിയോളിനൊപ്പം ജെമീമ സ്‌കോര്‍ ഉയര്‍ത്തി. 47-ാം ഓവറില്‍ 25 റണ്‍സെടുത്ത ഡിയോള്‍ പുറത്തായതോടെ ഹര്‍മ്മന്‍ പ്രീത് മടങ്ങിയെത്തി.
78 പന്തില്‍ 86 റണ്‍സെടുത്ത ജെമീമ 49-ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. എട്ട് ഫോറുകളാണ് ജെമീമയുടെ ഇന്നിംഗ്സിലുള്ളത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 224 ല്‍ എത്തിയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ രണ്ടാം പന്തില്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ കൂടി പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 88 പന്തില്‍ കൗര്‍ 52 റണ്‍സെടുത്തു. മൂന്ന് ഫോറുകള്‍ മാത്രമാണ് കൗറിന്റെ ഇന്നിംഗ്സിലുള്ളത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യയ്ക്ക് നാല് റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു. 228 ന് 8 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിംഗില്‍ 14 റണ്‍സിനിടെ ബംഗ്ലാ ഓപ്പണര്‍മാരെ പവിലിയനിലേക്ക് അയക്കാന്‍ ഇന്ത്യയ്ക്കായി. ഷാര്‍മിന്‍ അക്തര്‍ ഒന്‍പത് പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സും മുര്‍ഷിദ ഖാത്തൂന്‍ 19 പന്തുകളില്‍ നിന്ന് 12 റണ്‍സും നേടി പുറത്തായി. പിന്നീട് ഇറങ്ങിയ ഫര്‍ഗാന ഹഖ് 81 പന്തില്‍ 47 റണ്‍സ് നേടി ക്രീസിലുറച്ചു. ഫര്‍ഗാനയ്‌ക്കൊപ്പം ക്രീസിലൊരുമിച്ച റീതു മോണി 46 പന്തില്‍ 27 റണ്‍സ് നേടി. എന്നാല്‍ അവസാന ഓവറുകളില്‍ ജെമീമയുടെ ആധിപത്യമായിരുന്നു ഗ്രൗണ്ടിലുടനീളം കണ്ടത്.
ലതാ മോണ്ടല്‍ (9), ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന (3), റബേയ ഖാന്‍ (1), നാഹിദ അക്തര്‍ (2), സുല്‍ത്താന ഖാത്തൂന്‍ (0), മറൂഫ അക്തര്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. ആറ് റണ്‍സ് നേടി ഫാത്തിമ ഖാത്തൂന്‍ പുറത്താകാതെ നിന്നു. ജെമീമയ്ക്ക് പുറമെ ദേവിക വൈദ്യ മൂന്ന് വിക്കറ്റും മേഖ്‌ന സിംഗും ദീപ്തി ശര്‍മ്മയും സ്‌നേഹ് റാണയും ഓരോ വിക്കറ്റും വീഴ്ത്തി.