ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റ് നവീകരണ പ്രവര്‍ത്തികള്‍ക്കുമായി ഇന്ന് മുതല്‍ അടച്ചിടും. അഞ്ച് മാസക്കാലത്തേക്കാണ് അടച്ചിടുക. കൂടാതെ ഒരു റണ്‍വേയും നവീകരണത്തിനായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ടി 2 വില്‍ നടന്ന സര്‍വീസുകള്‍ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം.
122 പ്രതിദിന സര്‍വീസുകള്‍ ടി1 ലേക്കും ടി3ലേക്കും മാറ്റുമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അറ്റകുറ്റപ്പണികള്‍ നടപ്പാക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം വിമാനത്താവളം പരമാവധി പരിധിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് കൂടി കണക്കാക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മെച്ചപ്പെട്ട എയര്‍ ക്വാളിറ്റി ഉറപ്പാക്കാന്‍ പുതിയ ഹീറ്റിങ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിങ് (എച്ച്‌വിഎസി) സംവിധാനവും അഗ്‌നിരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കും.