/sathyam/media/media_files/2025/12/03/indydude-2025-12-03-22-09-04.jpg)
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രങ്ങൾക്കായി ആഗോള വേദിയൊരുക്കി ഇൻഡിവുഡ്.
ഇൻഡിവുഡ് ഇന്റർനാഷണൽ എഐ സിനിഫെസ്റ്റ് (IIAC) എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രമേളയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം നവംബർ ഒന്നുമുതലാണ് ഈ ഫെസ്റ്റിവലിലേക്ക് സൃഷ്ടികൾ അയക്കാൻ ഷോർട്ട് ഫിലിം നിർമ്മാതാക്കൾക്ക് അവസരമൊരുങ്ങിയത്.
ഫെസ്റ്റിവലിലേക്ക് ഇതിനകം തന്നെ നിരവധി മികച്ച കലാസൃഷ്ടികൾ ലഭിച്ചതായും ഇനിയും എൻട്രികൾ അയക്കാൻ അവസരം ഉണ്ടെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഓൾ ലൈറ്റ്സ് ഇൻഡിവുഡ് ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകരാണ് നിർമ്മിത ബുദ്ധിയെ ക്രിയാത്മകതയുമായി സംയോജിപ്പിച്ചുകൊണ്ട് 'നാളെയുടെ സിനിമ' യ്ക്കായി ഈയൊരു അവസരം ഒരുക്കുന്നത്. ആധുനിക സാങ്കേതികവിദ്യയെ സർഗാത്മകതയ്ക്കൊപ്പം സമന്വയിപ്പിച്ച് ഒരു മികച്ച ദൃശ്യവിരുന്ന് പ്രേക്ഷകർക്ക് നൽകുവാൻ കരുത്തുള്ള സിനിമാ പ്രവർത്തകരെ വാർത്തെടുക്കുകയാണ് ഈ ചലച്ചിത്ര മേള കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രീ-പ്രൊഡക്ഷൻ, പ്രൊഡക്ഷൻ അല്ലെങ്കിൽ പോസ്റ്റ്-പ്രൊഡക്ഷൻ എന്നീ ഘട്ടങ്ങളിലൊന്നിലെങ്കിലും കുറഞ്ഞത് എഴുപത് ശതമാനം എങ്കിലും എഐ ഉപയോഗപ്പെടുത്തി നിർമിച്ച, മുപ്പതു മിനിറ്റ് വരെ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് ഇൻഡിവുഡ് ഇന്റർനാഷണൽ എഐ സിനിഫെസ്റ്റിലേയ്ക്ക് അയയ്‌ക്കേണ്ടത്.
ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർമ്മിതബുദ്ധി എങ്ങനെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നു എന്ന് ലോകത്തെ അറിയിയ്ക്കാൻ ഈ മേള കലാകാരന്മാർക്ക് അവസരം നൽകുന്നു.
​" ഒരു സാധാരണ ചലച്ചിത്രോത്സവം എന്നതിലുപരി, ഇന്ത്യൻ സിനിമയുടെ വൈകാരികവും ദൃശ്യപരവുമായ ചാരുത ചോർന്നു പോകാതെ അതിൽ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുവാൻ ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്കുള്ള പ്രത്യേക കഴിവിനെ ലോക സിനിമയിൽ അടയാളപ്പെടുത്താനുള്ള ഒരു ശ്രമം കൂടിയാണ് ഈ മേള. ഇതുവരെ ലഭിച്ച എൻട്രികൾ, നിർമ്മിത ബുദ്ധി സർഗാത്മകമായി ഉപയോഗിച്ചുകൊണ്ട് ഒരു കഥയെ കൂടുതൽ ശക്തമായി എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കാമെന്ന് കാണിച്ചു തരുന്നുണ്ട് " ഇൻഡിവുഡിന്റെ ഫൗണ്ടർ ഡയറക്ടർ സർ. സോഹൻ റോയ് പറഞ്ഞു. ഓസ്‌കർ പട്ടികയിൽ ഇടം നേടിയ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ സംവിധായകനും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സി ഇ ഒ യും കൂടിയാണ് അദ്ദേഹം.
എഐ സാങ്കേതികവിദ്യ ശരിയായി ഉപയോഗപ്പെടുത്തുന്ന ചലച്ചിത്ര വിദഗ്ധരുടെ ഒരു ആഗോള കൂട്ടായ്മ രൂപപ്പെടുത്തുക എന്നതും ഈ ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രഖ്യാപിക്കും. വിവിധ മേഖലകളിലെ മികവിനെ പരിഗണിച്ചുകൊണ്ട് ഇരുപത്തിയഞ്ച് എൻട്രികൾക്ക് പുരസ്കാരങ്ങൾ നൽകും.
തെരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവർക്ക് ഇൻഡിവുഡിന്റെ ഭാവി പ്രൊജക്ടുകളിൽ പ്രത്യേക മുൻഗണന നൽകും.
ലോകമെമ്പാടുമുള്ള ചലച്ചിത്ര വിദഗ്ധരുടെ പിന്തുണയോടെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്. തിരക്കഥയുടെ നിലവാരം, എഐയുടെ സർഗ്ഗാത്മകമായ ഉപയോഗം, ദൃശ്യ-ശബ്ദ രൂപകൽപ്പന, ചിത്രത്തിന്റെ കലാപരമായ സമഗ്രത എന്നിവയുടെ അടിസ്ഥാനത്തിലുള്ള സമഗ്രമായ വിലയിരുത്തലിന് എല്ലാ എൻട്രികളും വിധേയമാക്കും. എഐ അധിഷ്ഠിത ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള പാനൽ ഡിസ്കഷൻസ്, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവയ്ക്ക് ശേഷം ഔദ്യോഗിക പ്രദർശനം അവാർഡ് ദാന ചടങ്ങുകൾ എന്നിവയോടെയാണ് ഈ മേളയുടെ സമാപനം.
2023 ജനുവരി 1-ന് ശേഷം നിർമ്മാണം പൂർത്തിയാക്കിയ സിനിമകൾക്കാണ് ഫെസ്റ്റിവലിൽ പ്രവേശനമുള്ളത്. മറ്റു മേളകളിൽ പ്രദർശിപ്പിച്ചതോ, ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തതോ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതോ ആയ ചിത്രങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഓരോ ചലച്ചിത്ര പ്രവർത്തകനും പരമാവധി രണ്ട് എൻട്രികൾ സമർപ്പിയ്ക്കാം. അവസാന തീയതി 2026 ഫെബ്രുവരി 28 ആണ്.
ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, ബൈറ്റ് ഡാൻസ്, മെറ്റാ എന്നിവയുടെ മുൻ സ്ട്രാറ്റജിസ്റ്റും ഇൻഡിവുഡ് ടിവിയുടെ ക്രിയേറ്റീവ് ഡയറക്ടറുമായ അനീജ്, ഇൻഡിവുഡ് ഡയറക്ടർ ലക്ഷ്മി അതുൽ, ചലച്ചിത്ര സംവിധായകൻ ബിജു മജീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സൃഷ്ടികൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് വിശദവിവരങ്ങൾ എന്നിവക്കായി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Website :https://www.indywood.co.in/ai-film-festival
contact :+91 9539003638
Email : filmfestivals@indywood.co.in
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us