തിരുവനന്തപുരം: സിപിഐയും സിപിഎമ്മും ഉള്‍പ്പെടെയുള്ള മുപ്പതോളം ഇടതു പാര്‍ട്ടികള്‍ ഒന്നിക്കാതെ രാജ്യത്തിനി ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാകാന്‍ കഴിയില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പ്രകാശ് ബാബു.
രാജ്യത്ത് ഇടതു പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ ആകെയുള്ള 9 എംപിമാരില്‍ 8 പേരും കോണ്‍ഗ്രസിന്‍റെ സഹായത്താല്‍ വിജയിച്ചവരാണ്. യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകില്ലെന്നും പ്രകാശ് ബാബു.
സിപിഐ ശതാബ്ദി വര്‍ഷത്തോട് അനുബന്ധിച്ച് 'സത്യം ഓണ്‍ലൈന്‍' പ്രത്യേക പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് നെറികേട്, പിവി അന്‍വറിനെ സിപിഎം കയറൂരിവിട്ടു, വയനാട്ടില്‍ സിപിഐയ്ക്ക് വോട്ട് ചോര്‍ന്നത് പ്രിയങ്കാ ഗാന്ധിയും ഇന്ദിരയും തമ്മിലുള്ള രൂപസാദൃശ്യം കൊണ്ടാണ്.. എന്നിങ്ങനെ രാഷ്ട്രീയത്തിനപ്പുറം യാഥാര്‍ഥ്യബോധത്തോടെയുള്ള സമഗ്രവും വ്യക്തവുമായ നിലപാടുകളാണ് അഭിമുഖത്തിലുടനീളം പ്രകാശ് ബാബു പങ്കുവച്ചത്.
സിപിഐ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹം പലപ്പോഴും തഴയപ്പെട്ടത് നിലപാടുകളിലെ കണിശതകൊണ്ടുതന്നെയാണ്. വായിക്കുക..
? സി.പി.ഐ നൂറു വർഷം തികയ്ക്കുകയാണ്. ഇതുവരെയുള്ള യാത്രയെ എങ്ങനെ വിലയിരുത്തുന്നു
1925 ഡിസംബർ 26 നാണ് നൂറ് വർഷം തികയുന്നത്. നൂറുവർഷത്തെ പാർട്ടിയുടെ യാത്രയ്ക്കിടയിൽ അഭിമാനകരമായ നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിൽ കോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യൻ ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ജനങ്ങൾക്ക് വേണ്ടി പാർട്ടി പേരാട്ടങ്ങൾ നടത്തിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇത് ഇന്ത്യയുടെ വികാസവുമായി ബന്ധപ്പെട്ടുള്ളതാണ്.
? കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന പോലെ ആർ.എസ്.എസിനും ഇത് ശതാബ്ദി വർഷമാണ്. അവർ കൂടി നേതൃത്വം നൽകുന്ന ഭരണമാണ് കേന്ദ്രത്തിലുള്ളത്. ഇതിനെ എങ്ങനെ കാണുന്നു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കഴിഞ്ഞാൽ ഒന്നര ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയായ സി.പി.ഐക്ക് പിന്നോട്ടടിയുണ്ടായി.
അവിടെ പകരമെത്തിയത് നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചിന്തകൾക്കെതിരായ യാഥാസ്ഥിതികരെ സംഘടിപ്പിച്ച് കൊണ്ട് ജനസംഘത്തിന് മുന്നോട്ട് പോകാൻ കഴിഞ്ഞു. ആർ.എസ്.എസ് രൂപീകരണവും അങ്ങനെ നടന്നതാണ്.
1922 -ൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ ഇന്ത്യയിലെ ഹിന്ദുക്കൾ ഉണർന്നാൽ മാത്രമേ ഇന്ത്യയ്ക്ക് പൂർണ്ണ സ്വരാജ് കൈവരിക്കാൻ കഴിയൂ എന്ന് പറഞ്ഞ് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചയാളാണ് ആർ.എസ്.എസ് സ്ഥാപകൻ കേശവ ബൽറാം ഹെഡ്‌ഗേവാർ. പ്രമേയം അവതരിപ്പിക്കാൻ ഗാന്ധിജി അനുവാദം നൽകിയില്ല.
അതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി ഹിന്ദുക്കളെ സജീവമാക്കാൻ 1925ൽ ഹെഡ്‌ഗേവാർ സ്ഥാപിച്ചതാണ് ആർ.എസ്.എസ്. അന്നുമുതൽ സവർണ്ണ ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിച്ച പ്രസ്ഥാനമാണ് ആർ.എസ്.എസ്.
ഇന്ത്യൻ ദേശീയത ഹിന്ദുത്വ ദേശീയതയാണെന്ന വ്യാഖ്യാനം നൽകിക്കൊണ്ട് അതിന് വേരോട്ടമുണ്ടാക്കാൻ ആർ.എസ്.എസിനും ബി.ജെ.പിക്കും കഴിഞ്ഞു. അതുകൊണ്ടാണ് അവർക്ക് ഭരണത്തിലേറാൻ കഴിഞ്ഞത്.
? നിലവിലെ എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നാണല്ലോ പരക്കെ ആക്ഷേപം
സർക്കാരിന്റെ പ്രവർത്തനങ്ങൾ പാവപ്പെട്ടവരെ ലക്ഷ്യമിട്ട് മുന്നോട്ട് പോവുകയാണ്. സർക്കാരിനെ കേന്ദ്രം സാമ്പത്തികമായി അതിഭീകരമായി ഞെരുക്കുന്നുണ്ട്. അതിനിടയിലും ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് നേട്ടമാണ്.
വിഴിഞ്ഞം തുറമുഖത്തിന്റെ വി.ജി.എഫ് തിരിച്ചു പിടിക്കാനാണ് ശ്രമം. തൂത്തുക്കുടിക്ക് ഇളവ് കൊടുത്തു. മലയോര ഹൈവേ പൂർത്തീകരണം, ദേശീയപാത വികസനം എന്നിവയിൽ സർക്കാർ മികച്ച പ്രവർത്തനം നടത്തി.
അതിദരിദ്ര നിർമ്മാർജ്ജനം വലിയ നേട്ടമാണ്. എന്നാൽ വിഭവ സമാഹരണം കുറവായ സംസ്ഥാനത്ത് ഫണ്ട് വിനിയോഗത്തിൽ മുൻഗണനാക്രമം തീരുമാനിക്കുന്നില്ല എന്ന് വിമർശനമുണ്ട്. കാർഷിക, പൊതുവിതരണ രംഗങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
? എൽ.ഡി.എഫ് നിയമസഭാംഗമായ പി.വി അൻവർ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ കടുത്ത വിമർശനം ഉയർത്തി പത്രസമ്മേളനം നടത്തി. ഈ വിമർശനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന നിലയിലേക്കല്ലേ സർക്കാർ പോകുന്നത്
എം.എൽ.എയെ വളർത്തിക്കൊണ്ടുവന്ന പ്രസ്ഥാനം അദ്ദേഹത്തെ കയറൂരി വിട്ടു. നിയന്ത്രിക്കേണ്ട സമയത്ത് അത് ചെയ്തില്ല. അയാളുന്നയിച്ച ചില ആരോപണങ്ങൾ ഇനിയും തെളിയിക്കപ്പെടാനുള്ളതാണ്.
അതൊക്കെ അനേ്വഷിക്കട്ടെ. ഭരണകക്ഷി- പ്രതിപക്ഷ വ്യതാ്യാസമില്ലാതെ എം.എൽ.എമാർ ഉന്നയിക്കുന്ന ആരോപണം അന്വേഷിക്കേണ്ടതാണ്.
? എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകിയത് സിപിഐ നിലപാടുകള്‍ക്ക് വിരുദ്ധമായാണ്
എം.ആർ അജിത് കുമാറിന്റെ ആർ.എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ആരും അന്വേഷിച്ച് ബോധ്യപ്പെടേണ്ട കാര്യമല്ല. അദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. പിന്നെ എന്ത് അന്വേഷണത്തിനാണ് പ്രസക്തിയുള്ളത്.
നിയമപ്രകാരം തെറ്റ് ചെയ്തുവെന്ന് സി.പി.ഐ പറഞ്ഞിട്ടില്ല. ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനത്തെ ഒരു പൊലീസ് മേധാവി കാണിച്ച അനൗചിത്യം അത് രാഷ്ട്രീയ മര്യാദകേടാണ്. അത് രാഷ്ട്രീയ വിഷയമാണ്. അത് ഇപ്പോഴും നിലനിൽക്കുന്നു.
അതുകൊണ്ടാണ് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടി വന്നത്. അത് നല്ല കാര്യം. അയാൾക്ക് നിയമപ്രകാരമുള്ള എന്ത് സ്ഥാനക്കയറ്റം നൽകിയാലും അയാളെ ഈ നെറികേടിൽ നിന്ന് മാറ്റാനാവില്ല.
രാഷ്ട്രീയമായി സർക്കാർ അയാളോട് നിലപാട് സ്വീകരിക്കണം. രാഷ്ട്രീയ നെറികേട് കാട്ടിയവരെ എങ്ങനെ നിർത്തണമെന്ന് രാഷ്ട്രീയ നേതൃത്വമാണ് ആലോചിക്കേണ്ടത്. എൽ.ഡി.എഫ് ഇതേപ്പറ്റി ഗൗരവമായി ആലോചിക്കണം.
? മെക്ക് 7 വിവാദത്തിൽ സി.പി.ഐക്ക് വേറിട്ട വിലയിരുത്തലാണല്ലോ
മെക്ക് 7 വിവാദത്തിൽ ജനയുഗത്തിന്റെ എഡിറ്റോറിയലിൽ വന്നതിൽനിന്ന് വ്യത്യസ്തമായ സമീപനമില്ല. രാഷ്ട്രീയമായി ഈ കൂട്ടായ്മയെ ആ നിലയിൽ കാണേണ്ട കാര്യമില്ല.
? വിവിധ സഭകൾ കമ്മ്യൂണിസ്റ്റുകാരുമായി ചർച്ചകൾക്ക് തയ്യാറാവുന്നു. കേരളത്തിൽ അത് തുടർച്ചയായി സംഭവിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലീം ന്യൂനപക്ഷത്തോട് കമ്മ്യൂണിസ്റ്റ്കാർ ഒരു 'ലൗ ഹേറ്റ് റിലേഷൻഷിപ്പ് 'എന്തിനാണ് തുടരുന്നത്
ഏതെങ്കിലും ചില വ്യക്തികളോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏതെങ്കിലും ഒരു വിഭാഗമോ മുസ്ലീം ന്യൂനപക്ഷെത്ത തള്ളിപ്പറയുന്നത് സാമാന്യവൽക്കരിക്കാനാവില്ല.
ചില നേതാക്കൻമാരുടെ തെറ്റായ ചിന്താഗതികൾ അവരുടെ പ്രസംഗത്തെ സാധീനിച്ചിട്ടുണ്ടാവും. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആകെ ചാർത്താവുന്ന തിലകക്കുറിയല്ല.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഇസ്ലാം മത വിശ്വാസികളായിട്ടുള്ള ആളുകൾ ഒളിപ്പോരാട്ടം പഠിക്കാൻ പോയ കാലയളവിലാണ്.
ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് ആദ്യ കമ്മ്യൂണിസ്റ്റ് ഗൂഡാലോചനക്കേസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 1921ൽ ശപഷവാർ ഗൂഡാലോചന കേസാണ്.
കേസിലെ മുഴുവൻ പ്രതികളും ഇസ്ലാം മതവിശ്വാസികളാണ്. ന്യൂനപക്ഷങ്ങക്കെതിരായ ചിന്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു തലത്തിലും ഉണ്ടാവാൻ പാടില്ല. ന്യൂനപക്ഷ- ഭൂരിപക്ഷ തീവ്രവാദത്തെ പാർട്ടി അംഗീകരിക്കുന്നില്ല.
? അങ്ങനെയെങ്കിൽ ബദൽ രേഖ വിവാദമോ
അത് സി.പി.എമ്മിനോട് ചോദിക്കണം. എനിക്ക് മറുപടിയില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്.
? തൃശ്ശൂരിലെ പരാജയം സി.പി.ഐക്ക് അപ്രതീക്ഷിതമായിരുന്നില്ലേ? സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി ഡീലുണ്ടെന്ന യു.ഡി.എഫ് ആരോപണത്തെ എങ്ങനെ കാണുന്നു
പരാജയം അരപതീക്ഷിതമായിരുന്നു. എന്നാൽ അതിന് പിന്നിൽ മറ്റ് ഡീലുണ്ടായിരുന്നോഎന്നതിനെപ്പറ്റി ഞങ്ങൾക്ക് ഇതുവരെ ബോദ്ധ്യമായിട്ടില്ല.
? ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർത്തനത്തിൽ മൂല്യശേഷണം വന്നിട്ടുണ്ടോ ? കേരളത്തിലെ അവസ്ഥയെന്താണ്
1964 -ല്‍ ഉണ്ടായ ഭിന്നിപ്പ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിനുണ്ടാക്കിയ മുറിവ് ചെറുതല്ല. പാർട്ടി നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയവർ ന്യൂനപക്ഷമാണെങ്കിലും അതിന് പിന്നിൽ സാർവദേശീയ തലത്തിലുണ്ടായ പ്രത്യയ ശാസ്ത്രപരമായ ഇടപെടൽ വലുതായിരുന്നു.
ചൈനയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ റിവിഷനിസ്റ്റുകൾ എന്ന് ആദ്യം വിളിച്ചത്. അത് ഏറ്റ് പിടിച്ചാണ് കൗൺസിലിൽ നിന്നിറങ്ങിയ 32 പേർ ബാക്കിയുള്ള സി.പി.ഐ നേതാക്കളെ റിവിഷനിസ്റ്റുകളെന്ന് വിളിച്ചത്.
അത് ഇന്ത്യയിലെ ബുദ്ധിജീവികൾ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ എന്നിവരുടെ ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കി.
സി.പി.എമ്മിന്റെ രൂപീകരണത്തിന് ശേഷം അവരെയും ഞങ്ങളെയും റിവിഷനിസ്റ്റുകൾ എന്ന് വിളിച്ചാണ് 1967ൽ നക്‌സൽ പ്രസ്ഥാനം രൂപം കൊണ്ടത്. അത് പിന്നീട് പല തരത്തിലേക്ക് പോയി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നിപ്പ് വന്നപ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. അത് പാർട്ടിയുടെ പ്രഹര ശേഷിയെയും സംഘടനാശേഷിയെയും ജനങ്ങളിലുള്ള സ്വാധീനത്തെയും ബാധിച്ചു.
മുറിവുകൾ ഉണക്കുന്നതിന് പാർട്ടിക്ക് വലിയ വില കൊടുക്കേണ്ടി വന്നു. പൂർണ്ണമായി ഇപ്പോഴും മുറിവുണക്കാനായിട്ടില്ല.
1952, 57, 62 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ പാർലമെന്റിലെ സി.പി.ഐ അംഗസഖ്യ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കോൺഗ്രസ് കഴിഞ്ഞാൽ വലിയ പാർട്ടി സി.പി.ഐ ആയിരുന്നു.
ഭിന്നിപ്പിന് ശേഷമാണ് ജനസംഘവും സ്വതന്ത്ര പാർട്ടിക്കും പാർലമെന്റിൽ കുറച്ച് കൂടി മെച്ചപ്പെട്ട അംഗസംഖ്യ ലഭിക്കുന്നത്. 1967ന് ശേഷമാണ് അവർക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭ്യമായത്. തുടർന്ന് സി.പി.ഐയ്ക്ക് സംഘടനാപരമായി മുറിവുകളേറ്റു.
സി.പി.ഐ - സി.പി.എം ശത്രുതാ മനോഭാവം ജനങ്ങളുടെ ആത്മവിശ്വാസമില്ലാതാക്കി. അത് വലിയ തിരിച്ചടിയായി. അതിൽ നിന്ന് കരകയറാനാണ് 1978 -ല്‍ എൽ.ഡി.എഫിനെ കുറിച്ച് ആലോചിക്കണമെന്ന ചർച്ച വന്നത്.
ഇപ്പോൾ 30ലധികം ഇടത് പാർട്ടികളുണ്ട്. ഇനി കമ്മ്യൂണിസ്റ്റ് ഐക്യം യാഥാർത്ഥ്യമായാൽ മാത്രമാവും ഇടത് പാർട്ടികൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിച്ചേരാൻ സാധ്യത കാണുന്നത്.
? 2015 -ൽ മെയിൻ സ്ട്രീം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സി.പി.ഐക്കൊപ്പം സി.പി.എമ്മും മുങ്ങാൻ പോകുന്നുവെന്ന് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സി.കെ ചന്ദ്രപ്പൻ പറഞ്ഞിരുന്നു. ഇതിനെ എങ്ങനെ കാണുന്നു
ദേശീയ രാഷ്ട്രീയത്തിലെ ഓരോ നാഡിമിടിപ്പുകളും നന്നായി അറിയാവുന്നയാളായിരുന്നു സി.കെ ചന്ദ്രപ്പൻ. അദ്ദേഹത്തിന്റെ നിഗമനം വെച്ചായിരിക്കും അഭിമുഖത്തിൽ അങ്ങെന അഭിപ്രായപ്പെട്ടിട്ടുണ്ടാവുക.
? പാർലമെന്ററി രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാജ്യത്താകമാനം പിന്തള്ളപ്പെട്ടുവെന്ന് തോന്നലുണ്ടോ
ഇന്ത്യയിലെ നിലവിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥ ജനങ്ങളുടെ നിക്ഷ്പക്ഷമായ വികാരം പ്രതിഫലിപ്പിക്കുന്ന ഒന്നല്ല. പണത്തിന്റെയും കൈയ്യൂക്കിന്റെയും സാധീനം ജനങ്ങളെ ബാധിക്കും.
തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയുന്ന തന്ത്രങ്ങൾ മെനയാനും കൂട്ടുകെട്ടുണ്ടാക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തിരിച്ചടി നേരിടുന്നുണ്ട്.
? ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനത്തിൽ താഴെ വോട്ടാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. സമൂഹത്തിലെ വിവിധ ചേരികൾ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നകന്നുവെന്നതല്ലേ ഇത് കാണിക്കുന്നത്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വേണ്ടത്ര മുന്നോട്ട് വരാൻ കഴിയുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രമുപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.
ആധുനിക സാേങ്കതിക വിദ്യയിൽ റിമോട്ട് സെൻസറിങ്ങ് ഉപയോഗിച്ച് അതിൽ മാറ്റം വരുത്താൻ കഴിയും. ഇന്ത്യയെക്കാൾ ശാസ്ത്ര സാങ്കേതിക മേഖലിൽ ഏറെ വികസിച്ച രാജ്യങ്ങളായ അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ ഇപ്പോഴും പേപ്പർ ബാലറ്റുകളാണ്.
ഇസ്രാേയലിന്റെ പെഗാസസ് പോലെയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്നു. പേപ്പർ ബാലറ്റിലേക്ക് ഇന്ത്യ മടങ്ങിയാൽ ജനാഭിപ്രായം കൃത്യമായും രേഖപ്പെടുത്താൻ കഴിയും
? കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണത്തെ ശരിവെയ്ക്കുകയാണോ
കോൺഗ്രസ് ഇതിനെക്കുറിച്ച് ചിന്തിക്കും മുമ്പ് ഞങ്ങൾ ഇത് പറഞ്ഞിട്ടുണ്ട്. കോൺഗ്രസാണ് ആദ്യമായി വോട്ടിംഗ് യന്ത്രം കൊണ്ടുവന്നത്. ഇപ്പോൾ അവർ പ്രതിപക്ഷത്തായപ്പോഴാണ് ആരോപണം ഉന്നയിക്കുന്നത്. ഒട്ടേറെ ലേഖനങ്ങൾ ഞാൻ തന്നെ എഴുതിയിട്ടുണ്ട്.
? എന്നാൽ ഇത് പുറത്ത് നിന്ന് നിയന്ത്രിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്
തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കുറച്ച് ഉദ്യോഗസ്ഥരുടെയും സൗകര്യത്തിനാണ് വോട്ടിംഗ് യന്ത്രം നടപ്പാക്കിയിട്ടുള്ളത്. ഇത് ജനങ്ങൾക്ക് വേണ്ടിയല്ല.
നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാൻ യന്ത്രം സഹായിക്കുന്നു. അത് യഥാർത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കില്ലെന്ന് നൂറുശതമാനവും വിശ്വാസമുണ്ട്.
? കമ്മ്യൂണിസ്റ്റ് ജീവിതശൈലി നേതാക്കൾ തന്നെ പാലിക്കുന്നില്ലെന്ന ആരോപണത്തെ എങ്ങനെ കാണുന്നു
വാക്കും പ്രവർത്തിയും തമ്മിൽ വ്യത്യാസം വരുമ്പോഴാണ് മൂല്യശോഷണമുണ്ടാകുന്നത്. കമ്മ്യൂണിസ്റ്റുകാർ ജനങ്ങളുടെ മുന്നിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ആവർത്തിച്ച് പറയാറും പ്രവർത്തിച്ച് കാണിക്കാറുമുണ്ട്.
നേതാക്കളുടെ പ്രവർത്തനം സംബന്ധിച്ച് പാർട്ടി അണികൾക്ക് ആശങ്കയുണ്ടായാൽ അത് പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. ചിലർ തനി ഹിപ്പോക്രാറ്റിക്കായി പെരുമാറുന്നു.
വാക്കും പ്രവർത്തിയും ഒരു പോലെയാവുന്നില്ല. അത് ജനങ്ങൾക്കിടയിൽ വിശ്വാസമില്ലാതാക്കും. രാഷ്ട്രീയ പ്രവർത്തകർ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങൾക്ക് പോലും ശോഷണം വന്നിട്ടുണ്ട്.
? കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ദലിതർ അകന്ന് പോയതാണോ രാജ്യത്ത് അംബേദകറിസ്റ്റ് രാഷ്ട്രീയത്തിന് പ്രസക്തിയേറാൻ കാരണം
ദളിതർ അകന്ന് പോയിട്ടില്ല. പട്ടികജാതി പട്ടികവർഗങ്ങളുടെ മുന്നേറ്റത്തിന് കാരണമായത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. സാമൂഹ്യ സാമ്പത്തിക മുന്നേറ്റങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റവും നല്ല സംഭാവന നൽകി.
അച്യുതമേനോൻ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നടപടികൾ എടുത്തു പറയേണ്ടതാണ്. അതു കൊണ്ട് എല്ലാമായി എന്ന് ഒരിക്കലും പറയാനാവില്ല. എങ്കിലും ഒരുപാട് മുന്നേറ്റത്തിന് അത് കാരണമായി. തലമുറ മാറുമ്പോൾ ചരിത്രം വിസ്മരിച്ച് ചിലർ വിട്ട് പോവുന്നുണ്ടാവും.
? നിലവിലെ ഇന്ത്യമുന്നണിക്ക് ബി.ജെ.പി - സംഘപരിവാർ ചേരിയുടെ ഭരണത്തിന് അന്ത്യം കുറിക്കാനാവുമെന്ന് കരുതുന്നുണ്ടോ
നല്ല യോജിപ്പോടെ പോകുകയാണെങ്കിൽ അത് നടപ്പാക്കും. കോൺഗ്രസിന്റെ അപ്രമാദിത്വവും തെറ്റായ ചില കണക്ക്കൂട്ടലുകളും മാറ്റി എല്ലാ കക്ഷികളെയും ഒരുമിച്ച് നിർത്തി മുന്നോട്ട് പോയാൽ നിശ്ചയമായും ബി.ജെ.പി സർക്കാരിനെ താഴെയിറക്കാനാവും.
? സംഘപരിവാർ നേതൃത്വത്തിലുള്ള പ്രതിവിപ്ലവ ശക്തി അധികാരത്തിലേറാൻ കാരണം കോൺഗ്രസിനെ ഇടതുകക്ഷികൾ അകറ്റി നിർത്തിയത് കൊണ്ടല്ലേ
നെഹ്‌റുവിന്റെ സിദ്ധാന്തങ്ങളിൽ നിന്നും കോൺഗ്രസ് അകന്നതാണ് അതിന്റെ കാരണം. 1969 ഇന്ദിരാ ഗാന്ധി ബാങ്ക് ദേശസാൽക്കരിക്കുമ്പോഴും പ്രിവ്യൂപേഴ്‌സ് നിർത്തലാക്കുമ്പോഴും സി.പി.ഐ, സി.പി.എം ഉൾപ്പെടെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവർക്ക് നിരുപാധിക പിന്തുണ നൽകിയിരുന്നു.
നെഹ്‌റു സർക്കാരിനോട് ആദ്യം മുതൽ സി.പി.ഐ എടുത്ത സമീപനം ഐക്യവും സമരവുമെന്നതായിരുന്നു. അത് തന്നെയാണ് ശാസ്ത്രി, ഇന്ദിര സർക്കാരിനോടും ആദ്യ ഘട്ടങ്ങളിൽ എടുത്ത സമീപനം.
എന്നാൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കാലയളവിൽ ഇന്ദിര നയങ്ങളിൽ നിന്ന് വ്യതിചലിച്ചപ്പോഴാണ് യോജിച്ചു പോകാൻ കഴിയാത്ത സാഹചര്യമുണ്ടായത്. ഇന്ത്യൻ മുതലാളിത്തത്തെ കൂടുതൽ പിന്തുണയ്ക്കുന്ന നടപടികളാണുണ്ടായത്.
1991 മുതൽ കോൺഗ്രസ് സർക്കാരുകൾ സ്വീകരിച്ച നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിൽ കൊണ്ടുവരുന്നതിന് വഴിതുറന്നത്.
? കോൺ്രഗസുമായി സി.പി.ഐ സഖ്യമുണ്ടായിരുന്നപ്പോൾ 20ലധികം പാർലമെന്റംഗങ്ങളെ ജയിപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലേ
കോൺഗ്രസുമായി സഖ്യമില്ലാത്ത സമയത്ത് 1952ൽ സി.പി.ഐക്ക് 27 എം.പിമാരുണ്ടായിരുന്നു. 1957ൽ 30 പേരായി അത് ഉയർന്നു. 1962ലെ തിരഞ്ഞെടുപ്പിൽ നാല് സ്വതന്ത്രരുൾപ്പെടെ 36 എം.പിമാരായി അത് മാറി. ഒറ്റയ്ക്കാണ് അന്ന് മത്സരിച്ചത്.
ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ നെഹ്‌റുവിനേക്കാൾ ഭൂരിപക്ഷം ആന്ധ്രയിൽ നിന്നുള്ള സി.പി.ഐ അംഗമായ രവി നാരായണ റെഡ്ഡിക്കാണ് ലഭിച്ചത്.
? സി.പി.എമ്മിന്റെ നയങ്ങളെ അന്ധമായി പിന്തുണച്ച് പാർട്ടി സ്വത്വം കളഞ്ഞുകുളിച്ചതാണ് സി.പി.ഐയുടെ പതനത്തിന് കാരണമായതെന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ
തീർച്ചയായും നിഷേധിക്കും. ഒരു പാർട്ടിയുടെയും നയങ്ങളെ സി.പി.ഐ അന്ധമായി പിന്തുണച്ചിട്ടില്ല. രാജ്യത്ത് വലത് പക്ഷ രാഷ്ട്രീയ ശക്തികൾ ശക്തിയാർജ്ജിക്കുകയും 79 ശതമാനത്തിലധികം വരുന്ന ഭൂരിപക്ഷ ഹിന്ദുജനസംഖ്യയെ െതറ്റായ പ്രചാരണത്തിൽ കൂടി കൊണ്ടുപോകുകയും ചെയ്തതാണ് കാരണം.
ഇതിനെ ചെറുക്കണമെങ്കിൽ ഇടത് പാർട്ടികൾ ഒന്നിച്ച് നിൽക്കണം. ഇടത് പാർട്ടികളുടെ ഐക്യത്തിനുള്ള മുൻ ഉപാധിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോജിപ്പ്. അതുകൊണ്ടാണ് സി.പി.ഐ - സി.പി.എം ഒന്നിച്ചു പോകണമെന്ന നിലപാട്.
ഇന്ത്യമുന്നണി രൂപീകരിച്ച ഷേശം സി.പി.ഐക്ക് രണ്ടും സി.പി.എമ്മിന് നാലും സി.പി.ഐ.എംഎല്ലിന് രണ്ടും എം.പിമാരാണുള്ളത്. ഇതെല്ലാം ലഭിച്ചത് കോൺഗ്രസിന്റെ കൂടി പിന്തുണയിലാണ്.
ഇടതുപക്ഷത്തിന് ആകെ 9 എം.പിമാരാണ് പാർലമെന്റിലുള്ളത്. കേരളത്തിൽ നിന്നുള്ള സി.പി.എം പ്രതിനിധി ഒഴിച്ചാൽ ബാക്കി എട്ട് പേരും കോൺഗ്രസ് പിന്തുണയോടെ ഇന്ത്യാമുന്നണിയുടെ പ്രതിനിധികളായാണ് ജയിച്ചത്. യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് എന്ത് കാര്യമാണുള്ളത്.
? കേന്ദ്രത്തിൽ ഒരേമുന്നണിയുടെ ഭാഗമായിട്ടും സി.പി.ഐയും കോൺ്രഗസും തമ്മിൽ കേരളത്തിൽ മത്സരമുണ്ടാകുന്നത് സി.പി.എമ്മിന്റെ കൂടി അജൻഡ പ്രകാരമല്ലേ
ഇന്ത്യമുന്നണി രൂപീകരിക്കുമ്പോൾ ബംഗാളിലും കേരളത്തിലും ഇത് നടപ്പാക്കാൻ സാധ്യമാവില്ല എന്ന ഉപാധി വെച്ചിരുന്നു. കേരളത്തിൽ യു.ഡി.എഫാണ് എൽ.ഡി.എഫിന്റെ ശത്രു. ബംഗാളിൽ തൃണമൂൽ കോൺഗ്രസാണ്.
? സംസ്ഥാനത്ത് എൽ.ഡി.എഫിലെ തിരുത്തൽ ശക്തിയെന്ന അറിയപ്പെട്ടിരുന്ന സി.പി.ഐക്ക് ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടോ
ഇല്ല, കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടങ്കിലേ ഉള്ളൂ. ഇടതുപക്ഷ സർക്കാരിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്ന യു.ഡി.എഫിന് അടിക്കാൻ വടി നൽകേണ്ടതില്ലെന്ന കാരണത്താലാണ് സി.പി.ഐ പലപ്പോഴും സംയമനം പാലിക്കുന്നത്.
? മുന്നണി രാഷ്ട്രീയത്തിൽ പാലക്കേണ്ട മര്യാദകൾ സി.പി.എം പാലിച്ചുവെന്ന് പറയാനാവുമോ
വ്യത്യസ്തമായ രാഷ്ട്രീയപാർട്ടികളും താൽപര്യങ്ങളുമുണ്ടാവുമ്പോൾ 100 ശതമാനം കൃത്യമായി മുന്നണി സംവിധാനം കൊണ്ടുപോകാനായി എന്നു വരില്ല. ചില അസ്വാരസ്യങ്ങൾ ഉണ്ടാകും. അതുകൊണ്ട് മുന്നണി മര്യാദ ഒട്ടുമേ പാലിച്ചില്ല എന്ന് പറയാനാവില്ല.
? പല കാര്യങ്ങളിലും സി.പി.ഐയുടെ അഭിപ്രായം സി.പി.എം മുഖവിലയ്‌ക്കെടുക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ
അങ്ങനെ പറയാനാവില്ല. സ്വാഭാവികമായും പല വിഷയങ്ങളും മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമ്പോൾ സി.പി.എമ്മും സർക്കാരും ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
? വയനാട് ഉപതിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞുവെന്ന ആക്ഷേപത്തെ എങ്ങനെയാണ് കാണുന്നത്
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോട് ജനങ്ങൾ പൊതുവിൽ താൽപര്യം കൂടുതലായിരുന്നു. ആദ്യമായാണ് അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവർക്ക് ഇന്ദിരാ ഗാന്ധിയോടുള്ള രൂപസാദൃശ്യവും ബാധിച്ചിട്ടുണ്ട്.
? പാർട്ടിയിൽ വിഭാഗീയതയുണ്ടെന്ന് വിലയിരുത്തലുണ്ടോ
നല്ല കെട്ടുറപ്പോടെയാണ് സി.പി.ഐ പോകുന്നത് അതിൽ നിലവിൽ വിഭാഗീയതയില്ല. ഉണ്ടാവാൻ അനുവദിക്കുകയുമില്ല.
? കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ 75 വയസെന്ന പ്രായപരിധി മാനദണ്ഡം തുടരേണ്ടതുണ്ടോ
തുടരണം. സി.പി.ഐയെ സംബന്ധിച്ച് സംസ്ഥാന- ദേശീയ കൗൺസിലുകളിൽ അതിന്റെ ഉയർന്ന പ്രായപരിധിയായ 75 വയസെന്നത് പാർട്ടി ഭരണഘടനയിലുള്ള കാര്യമാണ് അതിനിയും തുടരുന്നതിൽ കുഴപ്പമില്ല.