/sathyam/media/media_files/2024/12/31/hygHO1vYb1YZht0nKr9J.jpg)
തൃശൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തൃശൂര്‍ മേയർ എം.കെ വർഗീസ് ബി.ജെ.പിയിൽ പോകുമെന്നതിന് ഒരു തർക്കവുമില്ലെന്ന് തൃശൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എക്സ് എംഎല്‍എ.
തൃശ്ശൂരിൽ സി.പി.എം - ബി.ജെ.പി ഡീലിന്റെ പാലമാണ് മേയർ എം.കെ വർഗീസ്. ബിജെപിക്കുള്ള സിപിഎമ്മിന്‍റെ ഒരു ഗിഫ്ടായിരിക്കും മേയര്‍.
ചേലക്കരയിൽ രമ്യയ്‌ക്കെതിരായത് പ്രാദേശിക വികാരമാണെന്നും മണ്ഡലത്തില്‍ ഏറ്റവും സുപരിചിതയായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് അവിടെ രമ്യയെ പരിഗണിച്ചതെന്നും അനില്‍ അക്കര പറഞ്ഞു.
തൃശ്ശൂർ ജില്ലയിൽ കോൺഗ്രസിന് ദോഷം ചെയ്തത് സംഘടനാ ദൗർബല്യമാണ്. അല്ലാതെ കാലുവാരിയതുകൊണ്ട് തോല്‍ക്കുന്ന ആളല്ല കെ.മുരളീധരന്‍.
പത്മജ വേണുഗോപാല്‍ ഇതുവരെ നേടിയത് കോണ്‍ഗ്രസിനെക്കൊണ്ടാണ്. ഇനി കോണ്‍ഗ്രസിനെ കൂറ്റം പറയുന്നതും അവരുടെ നേട്ടങ്ങള്‍ക്കാണ്.
താന്‍ 2 തവണ മത്സരിച്ച ഒരു സ്ഥാനങ്ങളിലേയ്ക്കും വീണ്ടും മത്സരിക്കില്ലെന്നത് എന്‍റെ തീരുമാനമാണ്. അതിനാലാണ് ഇനി നിയമസഭയിലേയ്ക്ക് മത്സരിക്കില്ലെന്ന് പറഞ്ഞത്.
ലോക്സഭയിലെ എന്‍റെ സീറ്റ് സംവരണവുമാണ്. അതിനാല്‍ എന്‍റെ ഭാവി പൊതുജീവിതം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ആകാനാണ് ആഗ്രഹിക്കുന്നതെന്നും അനില്‍ അക്കര പറയുന്നു.
രാഷ്ട്രീയത്തില്‍ ഇത്തരം നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാക്കളുടെ എണ്ണം വളരെ കുറവായിരിക്കും.
അധികാരത്തിന്‍റെ പിന്നാലേ പോകാന്‍ താല്‍പര്യപ്പെടാതെ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കും എന്ന് പറയുന്ന ചുരുക്കം കോണ്‍ഗ്രസ് നേതാക്കളിലൊരാളായ അനില്‍ അക്കര സത്യം ഓണ്‍ലൈന്‍ പ്രതിനിധിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മനസ് തുറക്കുന്നു.
?. തൃശ്ശൂരിൽ മേയർക്കെതിരെ താങ്കൾക്കും സുനിൽകുമാറിനും ഒരേസ്വരമാണല്ലോ
തൃശ്ശൂർ മേയർ എം.കെ വർഗീസ് ബി.ജെ.പിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടു കൂടി അയാൾ ബി.ജെ.പിയിൽ എത്തുമെന്നതിൽ തർക്കമില്ല. സുനിൽകുമാറിന്റെയും എന്റെയും മാത്രം സ്വരമല്ല, ഇത് തൃശ്ശൂർകാരുടെ മുഴുവൻ സ്വരമാണ്.
?. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയാണ് മേയർക്കെതിരെ ആരോപണം ഉന്നയിക്കാൻ കാര്യമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറയുന്നത്
ശരിയാണത്. സുനിൽ കുമാർ ഉന്നയിച്ച ആരോപണം അതിന്റെ കൂടി അടിസ്ഥാനത്തിലുള്ളതാണ്. എം.കെ വർഗീസ് തൃശ്ശൂരിലെ കോൺ്രഗസിന്റെ ബ്ലോക്ക് ഭാരവാഹിയായിരുന്നു.
അദ്ദേഹം കൗൺസിലറായി ജയിച്ചത് റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ചാണ്. പിന്നീടാണ് മേയറാകുന്നത്.
എന്നാൽ തൃശ്ശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായത് മുതൽ മേയറും സുരേഷ് ഗോപിയും തമ്മിൽ സാധാരണ ബന്ധമായിരുന്നില്ല പുലർത്തിയത്.
സി.പി.എം - ബി.ജെ.പി രാഷ്ട്രീയത്തിനതീതമായി വികസിച്ചു വന്ന ബന്ധമാണ്. ഇത് വർഗീസിന്റെ വ്യക്തിപരമായ താൽപര്യ പ്രകാരമായിരുന്നില്ല.
സി.പി.എമ്മിന്റെ താൽപര്യമായിരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് സിപി.എം ചെയ്തത്.
?. സി.പി.എം - ബി.ജെ.പി ഡീൽ സംസ്ഥാനത്ത് നിലവിലുണ്ടെന്നത് തൃശ്ശൂരിലെ തിരഞ്ഞെടുപ്പിൽ ബോധ്യം വന്നിട്ടുണ്ടോ
സുരേഷ് ഗോപിയുടെ ഓരോ വിഷയങ്ങളിലും എം.കെ വർഗീസ് താൽപര്യപൂർവ്വം ഇടപെട്ടത് സി.പി.എമ്മിന്റെ കൂടി താൽപര്യപ്രകാരമാണ്.
ബന്ധം തുടരുന്നതിൽ സി.പി.എമ്മിന് തടസമുണ്ടായിരുന്നില്ല. തൃശ്ശൂരിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മറികടക്കാൻ കഴിയുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തുടക്കം മുതൽ സി.പി.എമ്മും ബി.ജെ.പിയും തയ്യാറാക്കി.
രാഷ്ട്രീയക്കാരൻ എന്നതിനുപരിയായി വികസനത്തിനോട് താൽപര്യമുള്ളയാളെന്ന നിലയിൽ സുരേഷ് ഗോപിയെ ഉയർത്തിക്കാട്ടാൻ ബി.ജെ.പി ഉപയോഗിച്ച 'ടൂൾ' എന്നത് മേയർ എം.കെ വർഗീസായിരുന്നു.
അതിന് സി.പി.എം അവസരം കൊടുത്തു. അങ്ങനെയൊരു മൗനസമ്മതം കൊടുക്കാനുണ്ടായ കാരണം സി.പി.എം - ബി.ജെ.പി ഡീലാണ്.
സുരേഷ് ഗോപിയുടെ ജയമുണ്ടായ ഡീലിന് പിന്നിൽ കരുവന്നൂർ, സ്വർണ്ണക്കള്ളക്കടത്ത്, എക്‌സാലോജിക്ക് തുടങ്ങിയ വിഷയങ്ങളുണ്ട്.
മേൽപ്പറഞ്ഞ കേസുകൾ കേന്ദ്ര ഏജൻസികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കൈകാര്യം ചെയ്യുന്നത് നോക്കിയാൽ ഉത്തരം കിട്ടും.
?. ഇത്രയും ആരോപണങ്ങളുണ്ടായിട്ടും ഇടതുപക്ഷം മേയറെ മാറ്റാത്തതും ഡീലിന്റെ ഭാഗമാണോ
രണ്ട് കാര്യങ്ങളാണുള്ളത്. സുരേഷ് ഗോപിയുമായി അതിരുവിട്ട ബന്ധമുണ്ടാക്കാൻ മേയർക്ക് സി.പിഎം അനുമതി നൽകിയിരുന്നു.
ഈ ഡീലിന് ഉപയോഗിച്ച പാലമാണ് മേയർ എന്നുള്ളതാണ് ഒരു കാര്യം. മേയറെ സി.പി.എം കൈവിട്ടാൽ അതിന്റെ രാഷ്ട്രീയ ഗുണം ലഭിക്കുക യു.ഡി.എഫിനാണ്.
പ്രതിപക്ഷത്തിന് ഒരു മേയറെ തൃശ്ശൂരിൽ ലഭിക്കും. ഇതാണ് മറ്റൊരു കാര്യം. രണ്ടാമത്തെ കാര്യം ഉയർത്തിക്കാട്ടിയാണ് സി.പി.എം സി.പി.ഐയെ ഭയപ്പെടുത്തി നിർത്തിയിരിക്കുന്നത്.
?. ബി.ജെ.പി - സി.പി.എം ബന്ധം, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സർക്കാരിനെതിരായ ജനവികാരം, പൂരം കലക്കല്‍.. എന്നിട്ടും ചേലക്കരയിൽ എൽ.ഡി.എഫ് വീണ്ടും ജയമാവർത്തിച്ചു
ചേലക്കരയിൽ കെ.രാധാകൃഷ്ണന്റെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പിൽ കുറയ്ക്കാൻ സാധിച്ചു. 27000ത്തോളം എൽ.ഡി.എഫ് വോട്ടുകൾ മാറി.
അവിടെ കടുത്ത പ്രാദേശിക വികാരം വികസിപ്പിച്ചെടുക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. കാരണം ബി.ജെ.പിയുടെ സ്ഥാനാർത്ഥി അവിടുത്തുകാരനായിരുന്നു.
എൽ.ഡി.എഫിന്റെ സ്ഥാനർത്ഥിക്കും അതേ ഗുണം കിട്ടി. എന്നാൽ യു.ഡി.എഫ് വോട്ടുവിഹിതം വർധിപ്പിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്.
സംഘടനാ സംവിധാനം ശക്തിപ്പെടുത്തി ഒന്നുകൂടി പരിശ്രമിച്ചാൽ ചേലക്കരയിൽ ഫലം അനുകൂലമാക്കാനാവും.
?. രണ്ടാമതും രമ്യയെ ചേലക്കരയിൽ പരിഗണിച്ചത് തെറ്റായ തീരുമാനമെന്ന് കണക്കാക്കാനാവുമോ
കുറെ സ്ഥാനാർത്ഥികളെ പരിഗണിച്ച ശേഷമാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയത്.
കെ.പി.സി.സി അവസാനം വിളിച്ച ചർച്ചയിൽ ഞാനും ടി.എൻ പ്രതാപനുമാണ് പങ്കെടുത്തത്. അന്ന് എടുത്ത തീരുമാനം രമ്യ സ്ഥാനാർത്ഥിയാകട്ടെ എന്നതാണ്.
കാരണം പാർലമെന്റിൽ കെ.രാധാകൃഷ്ണനോട് ചേലക്കരയിൽ അയ്യായിരത്തിൽപ്പരം വോട്ടിന് മാത്രമാണ് പിന്നിൽ പോയത്.
അങ്ങനെ വരുമ്പോൾ മണ്ഡലത്തിൽ ഏറ്റവും സുപരിചിതയായ സ്ഥാനാർത്ഥി രമ്യ ഹരിദാസാണ്. വോട്ടര്‍മാരെ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം രമ്യയ്ക്ക് അനുകൂലമാണ്.
അതിൽ തെറ്റുണ്ടായി എന്ന് പറയാനാവില്ല. എന്നാൽ പരമ്പരാഗതമായി കിട്ടിയിരുന്ന മണ്ഡലം 1991ന് ശേഷമാണ് നഷ്ടപ്പെട്ടു തുടങ്ങിയത്.
അവിടെ വലിയ മത്സരം കാഴ്ച്ചവെയ്ക്കാൻ രമ്യയ്ക്കാണ് കഴിയുക. പുതിയ സ്ഥാനാർത്ഥിക്ക് കഴിയുമെന്ന് വിശ്വസിക്കാനാവില്ല.
?. സുരേഷ് ഗോപിയുടെ ജയം രാഷ്ട്രീയമായി ബി.ജെ.പിയുടെ ജയമല്ലെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. എന്താണ് അഭിപ്രായം
അത് ശരിയാണ്. സുരേഷ് ഗോപി തന്നെ തന്റെ ജയം രാഷ്ട്രീയ വിജയമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു സിനിമാ താരമാണ്.
പിന്നിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ വെച്ച് തയ്യാറാക്കിയ ചില സംവിധാനങ്ങൾ, തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിഷയങ്ങൾ എന്നിവയടക്കം ഒട്ടേറെ തിരക്കഥകൾ ഇതുമായി ബന്ധപ്പെട്ടുണ്ട്.
വളരെ ബുദ്ധിപൂർവ്വമാണ് സുനിൽ കുമാറിന് എൽ.ഡി.എഫ് സ്ഥാനാർത്ഥിത്വം നൽകിയത്.
പ്രത്യക്ഷത്തിൽ സുനിൽകുമാറിന്റെ സാന്നിദ്ധ്യം പേരാട്ട വീര്യം കൂട്ടുമെന്ന് തോന്നിച്ചിരുന്നുവെങ്കിൽ അത് ബി.ജെ.പിയുടെ വിജയത്തിന് വഴിതെളിക്കുമെന്ന കൃത്യമായ ബോധ്യം പിണറായിക്കുണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. കാരണം ക്രിസ്ത്യൻ, മുസ്ലീം വോട്ടുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കൂടുതലായി വരുന്നത്.
അത് വിഭജിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് സുനിൽകുമാറെന്ന് എല്ലാവരെക്കാളും നന്നായി അറിയുന്നയാളാണ് പിണറായി.
സുനിൽ കുമാറിന്റെ സ്ഥാനാർത്ഥിത്വമാണ് അക്ഷരാർത്ഥത്തിൽ സുരേഷ്‌ഗോപിയുടെ വിജയിത്തിന് വഴിതെളിച്ചത്.
?. ജില്ലയിലെ ക്രിസ്ത്യൻ വോട്ടുകളിൽ ഒരു ഭാഗം ബി.ജെ.പിക്ക് പോയെന്ന് കരുതാനാവുമോ
മൂന്ന് ലക്ഷത്തിൽപ്പരം വോട്ടുകൾ യു.ഡി.എഫിനും എൽ.ഡിഎഫനും ലഭിച്ചപ്പോൾ നാല് ലക്ഷത്തിൽപ്പരം വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
തൃശ്ശൂരിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് യു.ഡി.എഫിനാണ് സാധാരണ ഗതിയിൽ ലഭിച്ചു കൊണ്ടിരുന്നത്. ഇത്തവണയും അതുണ്ടായെന്ന് വേണം കരുതാൻ.
മൂന്ന് ലക്ഷത്തിലധികം വോട്ടുകൾ യു.ഡിഎഫ് നേടിയിട്ടുണ്ട്. എൽ.ഡി.എഫുമായുള്ള വ്യത്യാസം പതിനായിരത്തിൽ താഴെയാണ്.
അപ്പോൾ ലഭിച്ചു കൊണ്ടിരുന്ന വോട്ടുകളിൽ കുറവ് വന്നിട്ടില്ലെന്ന് വേണം മനസിലാക്കാൻ. എന്നാൽ മുസ്ലീം വിഭാഗത്തിന്റെ വോട്ടുകൾ മുരളീധരനും സുനിൽ കുമാറും പങ്കിട്ടതോടെയാണ് കാര്യങ്ങൾ മറ്റൊരു വഴിക്കായത്.
?. സഭയുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമെന്ന തരത്തിലാണല്ലോ കാര്യങ്ങൾ പോകുന്നത്
രാഷ്ട്രീയ കണ്ണ് കൊണ്ട് നോക്കുമ്പോൾ പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുന്നതാണ്. കാര്യങ്ങൾ അങ്ങനെയല്ല. അമിതമായ രീതിയിൽ സുരേഷ് ഗോപിയെ ആശ്രയിക്കുന്നുവെന്ന് തോന്നുന്നില്ല.
അതിന്റെ ആവശ്യം സഭയ്ക്കില്ല. ബി.ജെ.പിയുമായി ചേരാൻ സഭാ നേതൃത്വം തീരുമാനിച്ചാൽ പോലും വിശ്വാസസമൂഹം അതിനെ അംഗീകരിക്കാൻ സാധ്യത കുറവാണ്.
?. സി.ബി.സി.ഐയുടെ അദ്ധ്യക്ഷനായ തൃശ്ശൂരിലെ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ ഇത്തവണ ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചതിനെ പറ്റി എന്താണ് വ്യക്തമാക്കാനുള്ളത്
ആഡ്രൂസ് താഴത്ത് പിതാവ് സി.ബി.സി.ഐയുടെ അദ്ധ്യക്ഷനാണ്. സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവാണ്.
കാത്തലിക്ക് വിഭാഗത്തിൽ പെട്ട നിരവധി സഭകളുമായി ചേർന്നുള്ള സംവിധാനമാണ് സി.ബി.സി.ഐ.
അതിൽ മാര്‍ ആൻഡ്രൂസ് താഴത്തിന്റെ താൽപര്യപ്രകാരം മാത്രമല്ല മോദിയെ വിളിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അത് കൂട്ടായ തീരുമാനമാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇന്നത്തെ സാഹചര്യത്തിൽ അവർക്ക് നല്ലതായി തോന്നിയിട്ടുണ്ടാകാം. അതിന് അമിത പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.
?. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ സി.ബി.സി.ഐ ആസ്ഥാനത്ത് അതിന് ശേഷം സന്ദർശനം നടത്തിയതോ
സഭയോട് അടുക്കുക എന്നുള്ളത് ബി.ജെ.പിയുടെ ആവശ്യമാണ്. നിലവിൽ ആർഎസ്.എസ് നേതൃത്വവും ബി.ജെ.പിയും തമ്മിൽ അകൽച്ചയുണ്ടായിട്ടുണ്ട്. മൂന്നാം മോദി സർക്കാരിന് ജനസമ്മിതിയിൽ വലിയ രീതിയിലുള്ള ഇടിവുണ്ടായിട്ടുണ്ട്.
അത് നികത്താൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കേരളം, തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിൽ സഭയെ ആശ്രയിച്ചുകൊണ്ട് ബി.ജെ.പി മറ്റ് പരീക്ഷണങ്ങൾ നടത്തുകയാണ്.
അതിന് സഭാ നേതൃത്വത്തിലെ ആരെങ്കിലുമൊക്കെ വഴങ്ങിയാലും ബി.ജെ.പി ആട്ടിൻ തോലിട്ട ചെന്നായാണെന്നുള്ള തിരിച്ചറിവ് സഭയിലെ 99 ശതമാനം വരുന്ന സഭാ വിശ്വാസികൾക്കും ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
?. ബിഷപ്പ് കുണ്ടുകുളവുമായി കെ. കരുണാകരനുണ്ടായിരുന്ന ബന്ധം ഇപ്പോൾ കോൺഗ്രസിനുണ്ടോ
കുണ്ടുകുളം പിതാവിന്റെ കാലഘട്ടത്തിൽ കോൺഗ്രസുമായി വലിയ അടുപ്പമുണ്ടായിരുന്നു. അന്ന് വിമോചന സമരവും സി.പി.എമ്മിന്റെ നിരീശ്വരവാദവുമായി ബന്ധപ്പെട്ടുമൊക്കെ വിശ്വാസികൾ എതിർത്ത് നിൽക്കുന്ന കാലമാണ്.
സ്വാഭാവികമായി കോൺഗ്രസിനോട് അനുകൂല സമീപനമുണ്ടായിരുന്നു. ലീഡറുടെയും ആന്റണിയുടെയും കാലത്തിന് ശേഷം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലത്തും വലിയ രീതിയിൽ അവരും സഭയുമായി ബന്ധപ്പെട്ടു.
പുതിയ കാലഘട്ടത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും സഭകളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്. കാലഘട്ടമനുസരിച്ച് ബന്ധങ്ങളിൽ ചില മാറ്റങ്ങളുണ്ടാവും.
കൂവക്കാട് പിതാവ് കർദ്ദിനാളായി സ്ഥാനമേറ്റ ശേഷം സന്ദർശിക്കാൻ താൽപര്യപ്പെട്ടതും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുമാണ്.
അദ്ദേഹം മോദിയെ കാണാനല്ല പോയത്. കോൺഗ്രസും സഭാ നേതൃത്വവും തമ്മിലുള്ള ബന്ധത്തിന്റെ വലിപ്പം അത്രയ്ക്കുണ്ട് എന്നുള്ള സന്ദേശമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
?. ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്നു തൃശ്ശൂർ ? ഇപ്പോഴത്തെ സാഹചര്യമെന്താണ് ? ജില്ലയിൽ എത്ര മണ്ഡലങ്ങൾ ജയിക്കാനാവും
2011ന് മുമ്പ് വരെയുള്ള കാലഘട്ടത്തിൽ 12 സീറ്റുകൾ ജയിക്കാൻ കഴിഞ്ഞ രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു.
അതിൽ നിന്ന് വലിയ മാറ്റം തൃശ്ശൂരിലുണ്ടായി. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനം ത്രിതല പഞ്ചായത്ത് ഭരണസമിതികളും പിടിച്ചെടുക്കാനായി. എന്നാൽ 2011ലെ തിരഞ്ഞെടുപ്പിൽ 6 സീറ്റകളിലേക്ക് പാർട്ടി ഒതുങ്ങി.
ജില്ലയിലെ അഞ്ച് സീറ്റുകൾ ഇപ്പോൾ സി.പി.ഐയാണ് ജയിച്ചു വരുന്നത്. മുന്നണിയുടെ ശക്തിയെന്ന രീതിയിലാണ് അതിനെ കാണുന്നത്.
2025ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനും പിടിക്കാനുള്ള 'മിഷൻ 2025' എന്ന തിരഞ്ഞെടുപ്പ് തന്ത്രം രൂപീകരിച്ചിട്ടുണ്ട്. അതു പിടിക്കാനായാൽ നിയസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താനാവും.
?. സി.എൻ ബാലകൃഷ്ണന് ശേഷം ഒരു ഡിസിസി പ്രസിഡന്റ് അവിടെ കൃത്യമായി ഉണ്ടായിട്ടില്ല. ടി എന്‍ പ്രതാപന്‍ ഇടയ്ക്കുവച്ച് ഒഴിഞ്ഞുപോയി. എന്താണ് കാരണം
ബാലകൃഷ്ണന് ശേഷം തേറമ്പിൽ, ഭാസ്‌ക്കരൻ നായർ, ബെന്നി ബെഹനാൻ, അബ്ദുറഹിമാൻ കുട്ടി എന്നിവർ ഡി.സി.സി അദ്ധ്യക്ഷൻമാരായി ഇരുന്നിട്ടുണ്ട്.
എന്നാൽ ടി.എൻ പ്രതാപന്റെ കാലത്ത് ജില്ലയിലെ മൂന്ന് പാർലമെന്റ് സീറ്റും ജയിക്കാൻ കഴിഞ്ഞു. എം.പിയായ ശേഷം അദ്ദേഹം രാജിവെച്ചപ്പോഴാണ് കുറച്ച് ഗ്യാപ് വന്നത്.
അത് മറികടന്ന് മുഴുവൻ സമയ ഡി.സി.സി അദ്ധ്യക്ഷനെ വെച്ച് മുന്നോട്ടു പോകാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. സംഘടനാപരമായ ദൗർബല്യമുണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
?. പുതിയ ഡി.സി.സി അദ്ധ്യക്ഷൻ വന്നാൽ എല്ലാം ശരയാകുമെന്ന് കരുതുന്നുണ്ടോ
ഡി.സി.സി അദ്ധ്യക്ഷനെ കൊണ്ടു മാത്രമല്ല പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയുന്നത്. വയനാട് ക്യാമ്പിൽ വളരെ ആലോചിച്ച് തയ്യാറാക്കിയിട്ടുള്ള മിഷൻ 2025 വിജയിപ്പിച്ചെടുത്താല്‍ ജില്ലയിൽ യു.ഡി.എഫിനും കോൺഗ്രസിനും മുന്നേറാനാവും.
മിഷൻ 2025വുമായി ജില്ലയിലെ മുഴുവൻ ആളുകളെയും സഹകരിപ്പിക്കാൻ ഡി.സി.സി അദ്ധ്യക്ഷൻ വരുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.
?. തൃശ്ശൂരിൽ കാല് വാരിയെന്ന ആരോപണമാണല്ലോ കെ.മുരളീധരൻ ഉന്നയിക്കുന്നത്. വസ്തുതയുണ്ടോ
വ്യക്തിപരമായി അങ്ങനെ ഒരു അഭിപ്രായമില്ല. കാല് വാരിയാൽ പാർലമെന്റ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാവില്ല. ഓരോ മണ്ഡലങ്ങളും പരിശോധിച്ചാൽ വ്യക്തമാകും. ഗുരുവായൂരിൽ ലീഡ് ചെയ്ത മുരളീധരൻ മറ്റിടങ്ങളിൽ ലീഡ് ചെയ്തില്ല.
ഗുരുവായൂരിൽ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. ജില്ലയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും നല്ല പ്രവർത്തനമാണ് നടന്നത്. എന്നാൽ ജില്ലയിൽ സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പിൽ ദോഷം ചെയ്തു.
?. തിരഞ്ഞെടുപ്പ് മൂർദ്ധ്യന്യത്തിൽ സ്ഥാനാർത്ഥി മാറ്റം ഗുണം ചെയ്‌തോ
ടി.എൻ പ്രതാപന്റെ സ്ഥാനാർത്ഥിത്വം മാറുന്നതിൽ ചെറിയ ആശയക്കുഴപ്പത്തിന് വഴിവെച്ചു. എന്നാൽ അത് വളരെ പ്ലാൻ ചെയ്ത് തന്നെയാണ് ഉണ്ടാക്കിയത്.
പത്മജ പാർട്ടി മാറുമ്പോൾ ഉണ്ടാവുന്ന ഒരു വിഷയത്തെ മറികടക്കാൻ കൂടിയാണ് പ്രതാപനെ മാറ്റിയത്. എന്നാൽ ഫലം അനുകൂലമായില്ല.
ടി.എൻ പ്രതാപനെ മാറ്റിയതിന് കോൺഗ്രസ് നൽകിയ മറുപടി പൊതുജനങ്ങൾ സ്വീകരിച്ചില്ലെന്നാണ് ഫലം കാട്ടിത്തന്നത്.
ഒരു സ്ഥാനാർത്ഥി മണ്ഡലത്തിലാകെ പദയാത്ര നടത്തി മുന്നോട്ട് പോകുമ്പോൾ അദ്ദേഹത്തെ മാറ്റി കെ മുരളീധരനെ പോലെ പാരമ്പര്യമുള്ള സ്ഥാനാർത്ഥിയെ കൊണ്ടു വന്നത് തൃശ്ശൂരിലെ ചില കാര്യങ്ങൾക്ക് കൂടിയുള്ള പരിഹാരമായിട്ടാണ്.
എന്നാൽ ജനങ്ങൾ അത് സ്വീകരിച്ചില്ല. തൊട്ട് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്.
ബാക്കി എല്ലായിടത്തും വലിയ വോട്ടിന് തോറ്റു. അന്ന് കാല് വാരി തോൽപ്പിച്ചുവെന്ന പരാതി ആർക്കും ഉണ്ടായിരുന്നില്ല.
പത്മജ രണ്ട് തവണ പരാജയപ്പെട്ടപ്പോഴും നിയമിച്ച പാർട്ടി അന്വേഷണ കമ്മീഷനുകൾ കാല് വാരി തോൽപ്പിച്ചതാണെന്ന് കണ്ടെത്തിയിട്ടില്ല. അത് പരാജയപ്പെടുമ്പോഴത്തെ വികാരപ്രകടനം മാത്രമാണ്.
?. തിരഞ്ഞെടുപ്പിൽ ഫണ്ട് ദൗർലഭ്യം ഉണ്ടായെന്ന് പറയപ്പെടുന്നു. പാർട്ടി നൽകിയ ഫണ്ട് പോലും വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നും ആരോപണമുണ്ടല്ലോ
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടി തരുന്ന ഫണ്ട് സാധാരണ തികയാറില്ല. ഞാൻ മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പിലും പക്ഷേ ഫണ്ടിന്റെ കാര്യത്തിൽ എനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല.
രണ്ടാമത്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഫലപ്രദമായി ഫണ്ട് കൈകാര്യം ചെയ്തതിന് ശേഷവും സ്ഥാനാർത്ഥിയുടെ ഒരു മേൽനോട്ടം സാധാരണ ഉണ്ടാവാറുണ്ട്.
അതുകൊണ്ട് തന്നെ ഫണ്ട് വിഷയം സാധാരണ രീതിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ബാധിക്കാറില്ല.
?. പത്മജ പോയത് പാർട്ടിക്ക് ക്ഷീണം ചെയ്തില്ലേ ? പോയ ശേഷവും കോൺ്രഗസിനെ വിമർശിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു
പത്മജ തിരഞ്ഞെടുപ്പ് സമയത്ത് പോകുമ്പോൾ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് സ്ഥാനാർത്ഥിയെ മാറ്റിയത്. എന്നാലും ജയിക്കാനായില്ല. അത് അവർ കാരണമാണെന്ന് വിശ്വസിക്കുന്നില്ല.
പത്മജയുടെ സ്ഥാനാർത്ഥിത്വം കഴിഞ്ഞ രണ്ട് തവണ ജില്ലയിൽ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്.
യു.ഡി.എഫിന് ലഭിക്കുന്ന വോട്ടുകൾ നഷ്ടപ്പെടാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ അവരുടെ ചെയ്തികൾക്ക് പ്രസക്തിയില്ല.
പാർട്ടി വിട്ടതിന് ശേഷവും പത്മജ വിമർശിക്കുന്നത് മാനസികമായുള്ള കുറ്റബോധത്തിനേക്കാൾ ഉപരിയായി ബി.ജെ.പിയിൽ സ്ഥാനമാനങ്ങൾ കിട്ടാനാണ്.
വലിയ സൗഭാഗ്യം തേടി ബി.ജെ.പിയിൽ പോയ അവർക്ക് അവിടെ അർഹിക്കുന്ന പരിഗണന ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
പുതിയ ഗവർണർമാരെ വെച്ചപ്പോഴും അവരുടെ പേര് എവിടെയും കണ്ടില്ല. ഇനി വരുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ബി.ജെ.പിയിൽ ഒരു പദവിയിൽ അവർ എത്തിച്ചേരുമെന്നും വിശ്വസിക്കുന്നില്ല.
നിയമസഭയിൽ കെ.എം ഷാജി നടത്തിയ ഒരു പ്രസംഗമുണ്ട്. നേരത്തെ ജലീൽ ജീവിച്ചത് ലീഗിനെ ഉപയോഗിച്ചാണ്. ഇപ്പോൾ ജലീൽ ജീവിക്കുന്നത് ലീഗിനെ കുറ്റം പറഞ്ഞുകൊണ്ടാണ്.
അതുപോലെ നേരത്തെ കോൺ്രഗസിനുള്ളിൽ നിന്ന് പത്മജ നിരവധി പദവികൾ തേടിയിരുന്നു. ഇപ്പോൾ ബി.ജെ.പിയിൽ സ്ഥാനമാനങ്ങൾ കിട്ടാൻ കോൺഗ്രസിനെ വിമർശിക്കുന്ന ശൈലി അവർ സ്വീകരിച്ചിരിക്കുകയാണ്.
?. ലൈഫ് മിഷൻ, കരുവന്നൂർ വിഷയങ്ങളിൽ താങ്കൾ പോരാട്ടം തുടങ്ങി. വേണ്ടത്ര പിന്തുണ പാർട്ടിയിൽ നിന്നും ലഭിച്ചോ ? ഇപ്പോൾ ഇതിലുള്ള അന്വേഷണങ്ങളുടെ ഗതിയെന്താണ്
കരുവന്നൂർ, ലൈഫ് മിഷൻ കേസുകളിൽ പോരാട്ടം ഇപ്പോഴും തുടരുന്നു. കരുവന്നൂർ കേസിൽ പുറമേ നിന്നാണ് ഞാൻ പിന്തുണച്ചിട്ടുള്ളത്.
അതിൽ നേരിട്ട് ഇടപെടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഉൽപ്പന്നമായി കേസ് മാറി. സുരേഷ് ഗോപി വന്നതോടെയാണ് ഇത് സംഭവിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൂർണ്ണമായും മാറ്റി ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം എൽഡി.എഫിന് അനുകൂലമായി നീങ്ങി.
തിരഞ്ഞെടുപ്പിനിടയിലാണ് പ്രതിപട്ടികയിലുള്ള സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടാവുന്നത്.
ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പിന്നീട് അതൊഴിവാക്കിയത്. പിണറായി - മോദി സർക്കാരുകൾ ഇല്ലാതാവുന്ന സമയത്ത് മാത്രമേ കരുവന്നൂർ കേസ് തീർക്കാൻ കഴിയൂ.
ലൈഫ് മിഷൻ കേസിൽ 2020 സെപ്റ്റംബർ 25ന് സി.ബി.ഐ കൊച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ എന്റെ പരാതിപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു. അന്വേഷണത്തെ സർക്കാർ വിവിധ കോടതികളിൽ പോയി തടുക്കാൻശ്രമിച്ചു. ഇപ്പോൾ സുപ്രീം കോടതിയിലാണ് കേസുള്ളത്.
ഫെബ്രുവരിയിൽ അതിന്റെ വാദം നടക്കും. ഞാൻ പരാതിക്കാരനയത് കൊണ്ട് അതിനെ നിയമപരമായി നേരിടാൻ കഴിയും.
പൂർണ്ണമായ രീതിയിൽ അത് കൈകാര്യം ചെയ്യും. മുമ്പ് രമേശിന്റെ കാലത്തും ഇപ്പോൾ വി.ഡി സതീശൻ പ്രതിപക്ഷനേതാവായി ഇരിക്കുമ്പോഴും പൂർണ്ണ പിന്തുണ പാർട്ടിയിൽ നിന്നും ലഭിച്ചിട്ടുണ്ട്.
യു.ഡി.എഫ് രാഷ്ട്രീയത്തിൽ അതിനുള്ള സ്വാതന്ത്ര്യം എല്ലാക്കാലത്തും ലഭിക്കും. എൽ.ഡി.എഫിൽ വി.എസിന്റെ കാലഘട്ടം കഴിഞ്ഞാൽ പാർട്ടിയെന്ന രീതിയിലാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
?. അനിൽ അക്കര പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചോ ? സംഘടനാ രംഗത്ത് സജീവമാകുമോ
നേരത്തെ ഇത് പറഞ്ഞിട്ടുള്ളതാണ്. സേവാഗ്രാമിൽ നിന്നും പരിശീലനം നേടിയിട്ടുള്ള പൊതുപ്രവർത്തകനാണ് ഞാൻ.
എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ചില നിബന്ധനകൾ ഞാൻ വെച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ഒരു സ്ഥാനത്തേക്ക് മത്സരിക്കില്ല എന്നത് വളരെ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.
രണ്ട് തവണ പഞ്ചായത്തിൽ മത്സരിച്ച് രണ്ട് തവണയും പ്രസിഡന്റായിരുന്നു. പിന്നെ ജില്ലാ പഞ്ചായത്തംഗമായി. അതേ ഡിവിഷൻ സംവരണ മണ്ഡലമായി മാറി.
അതുകൊണ്ട് മത്സരിച്ചില്ല. ഇനി ജില്ലാ പഞ്ചായത്തിലേക്ക് പാർട്ടി പറഞ്ഞാൽ മത്സരിക്കും. അത് എന്റെ നിബന്ധനയ്ക്ക് വിരുദ്ധമല്ല.
2016 ലും 2021 ലും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെ ഇനി നിയമസഭയിലേക്ക് മത്സരിക്കില്ല.
ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യമുയർന്നിരുന്നു. ഞാൻ ജനപ്രതിനിധിയായിരിക്കേണ്ടത് എന്റെ നാട്ടിലാണ്.
അതുകൊണ്ട് തന്നെ മത്സരിക്കേണ്ടത് ആലത്തൂരിലാണ്. അത് സംവരണ സീറ്റാണ്. ഇനി 2034ലാണ് അത് മാറാൻ സാധ്യത. അന്ന് അത് ജനറൽ സീറ്റായാൽ മാത്രം പരിഗണിക്കേണ്ടുന്ന കാര്യമാണ്.
എന്നാൽ 65 വയസിന് ശേഷം പാർലമെന്ററി രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നയാളല്ല ഞാൻ. അതുകൊണ്ട് തന്നെ അതിന് സാദ്ധ്യതയില്ല.
യൂത്ത് കോൺ്രഗസിന്റെ മണ്ഡലം പ്രസിഡന്റായാണ് ആദ്യമായി പാർട്ടിയിൽ ഞാൻ ഒരു പദവിയിലേക്ക് വരുന്നത്.
അടാട്ട് പഞ്ചായത്ത് സി.പി.എം മാത്രം ഭരിച്ചു കൊണ്ടിരുന്ന പഞ്ചായത്താണ്. അവിടെ യൂത്ത് കോൺ്രഗസിന്റെ മണ്ഡലം പ്രസിഡന്റെന്ന നിലയിൽ സംഘടനാ പ്രവർത്തനം നടത്തിയാണ് 2000ൽ പഞ്ചായത്ത് പിടിച്ചെടുക്കുന്നത്.
കഴിഞ്ഞ നാല് തവണയും യുഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. അവസാന വട്ടം സി.പി.എം - ബി.ജെ.പി ധാരണയുടെ ഭാഗമായി എഴ് വീതം സീറ്റുകളിൽ യു.ഡി.എഫും, എൽ.ഡി.എഫും മൂന്ന് സീറ്റുകളിൽ ബി.ജെ.പിയും നേടിയിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ സംഘടനാ ദൗർബല്യങ്ങളില്ലാതെ പാർട്ടി താൽപര്യം മാത്രം മുൻനിർത്തി മുന്നോട്ടുപോയാൽ ജില്ലയെ തിരിച്ചു കൊണ്ടു വരാൻ കഴിയും.
സംഘടനാ പ്രവർത്തനത്തിൽ അങ്ങനെ ചില ആളുകൾ വേണമെന്ന ബോധ്യമുണ്ട്. അതിൽ സംഭാവന നൽകാനാണ് ഞാൻ ഇനി ഉദ്ദേശിക്കുന്നത്.