കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക്  പുതിയ ഓഫീസ് ജനുവരി 11 ന്

New Update
IOCOD Infotech team

കോഴിക്കോട്: ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെക് (IOCOD Infotech) നിലവില്‍ ഗവ. സൈബര്‍പാര്‍ക്കിലെ ഓഫീസ് സംവിധാനം ഗണ്യമായി വിപുലീകരിക്കുന്നു. കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 11 ന് നടക്കും.

അഞ്ച് വർഷം മുൻപ് ഇരുപതില്‍‌ താഴെ ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച അയോകോഡ് എന്ന സ്റ്റാര്‍ട്ടപ്പ് നൂറിലധികം ജീവനക്കാരുമായി സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ടെസ്റ്റിംഗ്, യുഐ/യുഎക്സ് ഡിസൈൻ, സെയിൽസ് ആൻഡ് സപ്പോർട്ട്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി വിപുലമായ ടീം അംഗങ്ങളാണ് കമ്പനിക്കുള്ളത്.

കേരളത്തില്‍ നിന്നു തന്നെയുള്ള ഐടി കമ്പനികള്‍ സൈബര്‍പാര്‍ക്കില്‍ അവരുടെ ആസ്ഥാനം ഉറപ്പിക്കുന്നത് ഐടി ആവാസവ്യവസ്ഥയ്ക്ക് കോഴിക്കോട് എന്ന ഐടി ഡെസ്റ്റിനേഷനിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ കമ്പനികള്‍ സൈബര്‍പാര്‍ക്കില്‍ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അയോകോഡിന്റെ ഏറ്റവും ശ്രദ്ധേയമായ സോഫ്റ്റ്‌വെയര്‍ സൊല്യൂഷനായ 'ഈസിഫൈ' (Easify), അമേരിക്കൻ വിപണി കേന്ദ്രീകരിച്ചുള്ള കമ്മ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണെന്ന് കമ്പനി സിഇഒയും സ്ഥാപകനുമായ ഫാസില്‍ കെ കെ പറഞ്ഞു. നിലവിൽ ഏതാണ്ട് 3.64 മില്യൺ ഡോളര്‍ വാർഷിക വിറ്റുവരവുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. പല സ്റ്റാർട്ടപ്പുകളും ഒന്നിലധികം സഹസ്ഥാപകരുമായി തുടങ്ങുമ്പോൾ, കൃത്യമായ ദീർഘവീക്ഷണത്തോടെ ഫാസിൽ ഒറ്റയ്ക്കാണ് അയോകോഡ് കെട്ടിപ്പടുത്തത്.

പുതിയ വിപുലീകരണത്തോടെ കൂടുതല്‍ രാജ്യങ്ങളില്‍ വിപണി സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് അയോകോഡ് ഡയറക്ടറും സിഒഒയുമായ ഫസ്ന കെ കെ പറഞ്ഞു. ആഗോള ഫിന്‍ടെക് രംഗത്ത് പുതുതലമുറ വികസനത്തിനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2026-ൽ അഹമ്മദാബാദിൽ നടക്കുന്ന പ്രശസ്തമായ 'ലാറാകോൺ' (Laracon 2026) കോൺഫറൻസിന്റെ സിൽവർ സ്പോൺസർ കൂടിയാണ് ഐഒസിഒഡി ഇൻഫോടെക്.
 

Advertisment
Advertisment