തൃശൂർ : സ്കൂളിൽ കയറി വന്ന പൂർവ്വ വിദ്യാർത്ഥി വെടിയുതിർത്തത് സംസ്ഥാനത്ത് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അമേരിക്ക പോലുള്ള ചില രാജ്യങ്ങളിൽ മാത്രം കേട്ട് കേൾവി ഉണ്ടായിരുന്ന സ്കൂൾ വെടിവെപ്പ് കേരളത്തിലും ആരംഭിച്ചു എന്നുവരെ ചിലർ അതിശയിച്ചു. ഇപ്പോൾ ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തിയ പൂർവ്വ വിദ്യാർത്ഥി ജഗൻ 2020 മുതൽ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് വീട്ടുകാർ വ്യക്തമാക്കി.
ഇന്ന് രാവിലെ 10 മണിയോടെ വിവേകോദയം സ്കൂളിൽ എത്തിയ ജഗൻ ആദ്യം സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടി വയ്ക്കുകയും ചെയ്തു. വെടിവെപ്പിന് ശേഷം മതിൽ ചാടി ഓടി രക്ഷപ്പെടാൻ നോക്കിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് ജഗൻ സ്കൂളിൽ വെടിവെപ്പ് നടത്തിയത്. 1500 രൂപ കൊടുത്താണ് ഈ തോക്ക് ഇയാൾ വാങ്ങിയത്. അച്ഛൻ പലപ്പോഴായി നൽകിയ പോക്കറ്റ് മണി കൂട്ടിവച്ചാണ് തോക്ക് വാങ്ങിയത് എന്ന് ഇയാൾ പോലീസിന് മൊഴി നൽകി. തൃശ്ശൂർ അരിയങ്ങാടിയിൽ നിന്നും ആണ് തോക്ക് വാങ്ങിയത്. സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് ജഗൻ വെടിവെപ്പ് നടത്തിയത് എന്ന് സംഭവത്തിന് സാക്ഷിയായ അദ്ധ്യാപിക വ്യക്തമാക്കി.
ഒരു വർഷം മാത്രമാണ് ജഗൻ സ്കൂളിൽ ഉണ്ടായിരുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 2021 ആയിരുന്നു ജഗൻ സ്കൂളിൽ വന്നിരുന്നത്. തൊപ്പി ധരിച്ചു വരുന്നത് വിലക്കിയതിനെ തുടർന്ന് പിന്നീട് പരീക്ഷ എഴുതാൻ പോലും വന്നില്ല. മുളയം സ്വദേശിയായ ജഗൻ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത ജഗനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.