/sathyam/media/media_files/6Vqcza3EGrWyCnsDHDkb.jpg)
പൊതുസ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് ചാർജ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, കഫെകൾ, ബസ്‍ സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് നിർദേശം.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൗജന്യ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ജ്യൂസ് ജാക്കിങ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ മുന്നറിയിപ്പ്.
യുഎസ്ബി ഉപയോഗിച്ച് ഹാക്കിങ് നടത്തി ഡിവൈസുകളിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന രീതിയാണ് ജ്യൂസ് ജാക്കിങ്. പൊതുചാര്‍ജിങ് സ്റ്റേഷനുകളിൽനിന്ന് ഫോൺ, ലാപ്ടോപ്പ് മുതലായവ ചാര്‍ജ് ചെയ്യുമ്പോള്‍ ഡേറ്റ അപഹരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾക്ക് ഈ പൊതുവിടങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാനാവും.
ചാര്‍ജിങിനും ഡേറ്റ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍ തന്നെയാകുന്നത് തട്ടിപ്പിനിരയാകാന്‍ സാധ്യത കൂടുതലാണ്. കേബിള്‍ പോര്‍ട്ടില്‍ ഒരു ഉപകരണം എത്ര സമയം പ്ലഗ്-ഇൻ ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വലിയ അളവിൽ വിവരങ്ങൾ ചോർത്താനുള്ള സാധ്യതകളുണ്ട്.