ടൊറന്‍റോ: വിവാഹ മോചനത്തിനൊരുങ്ങി കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗറിയും. ബുധനാഴ്ചയാണ് ഇരുവരും ഇന്‍സ്ററഗ്രാമിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. 18 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. നിയമപരമായി വേര്‍പിരിയുന്നതിനുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടതായാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്.
മുന്‍ മോഡലും ടിവി അവതാരകയുമായി സോഫിയെ 2005ലാണ് ട്രൂഡോ വിവാഹം കഴിക്കുന്നത്. 2015ല്‍ ട്രൂഡോ അധികാരത്തിലേറി. ഇരുവരും ക്യാനഡയിലെ ജനങ്ങളുടെ ഹൃദയം കൈയടക്കിയ മാതൃകാദമ്പതികളായിരുന്നു. സേവ്യര്‍, എല്ല ഗ്രേസ്, ഹാഡ്രീന്‍ എന്നീ മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. അര്‍ഥവത്തും അതേ സമയം കഠിനവുമായ നിരവധി സംഭാഷണങ്ങള്‍ക്കു ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു.
എന്നത്തേയും പോലെ തുടര്‍ന്നും അഗാധമായ സ്നേഹവും പരസ്പര ബഹുമാനവും നിലനിര്‍ത്തുമെന്നാണ് ഇരുവരും വിവാഹമോചനവാര്‍ത്ത പങ്കു വച്ചു കൊണ്ട് ഇന്‍സ്ററഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒട്ടാവയിലെ വസതിയില്‍ തന്നെ ട്രൂഡോയും കുട്ടികളും തുടര്‍ന്നേക്കും. സോഫി മറ്റൊരു കോട്ടേജിലേക്കു മാറുമെന്നും അത്യാവശ്യ സാഹചര്യങ്ങളിലും അവധിക്കാലത്തും കുട്ടികള്‍ക്കു വേണ്ടി പഴയ വസതിയില്‍ എത്തുമെന്നുമാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.
കുറച്ചു കാലമായി സോഫി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അപൂര്‍വം ചില വിദേശ പര്യടനങ്ങളില്‍ മാത്രമാണ് ട്രൂഡോയ്ക്കൊപ്പമുണ്ടായിരുന്നതും. കഴിഞ്ഞ മാസം ഒട്ടാവയില്‍ നടന്ന ക്യാനഡ ഡേയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പങ്കെടുത്തത്. പ്രധാനമന്ത്രിയായിരിക്കേ വിവാഹമോചനം നടത്തുന്ന ക്യാനഡയിലെ രണ്ടാമത്തെ വ്യക്തിയാണ് ട്രൂഡോ. ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയാണ് ഇതിനു മുന്‍പ് പ്രധാനമന്ത്രിയായിരിക്കേ വിവാഹമോചനം നേടിയത്.