/sathyam/media/media_files/2025/02/15/hV9dXT7zDvyFKVksQ0JO.jpg)
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിന് തിരിച്ചടി. ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ പരിഗണിച്ചാണ് കോടതി നടപടി.
തിരുവനന്തപുരം ജില്ലാ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ആനന്ദകുമാര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൃദ്രോഗിയാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമായിരുന്നു വാദം.
പണം ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് വന്നിട്ടുളളതെന്നും സാമ്പത്തിക ഇടപാടുകളില്‍ തനിക്ക് നേരിട്ട് പങ്കോ അറിവോ ഇല്ലെന്നും ജാമ്യാപേക്ഷയില്‍ ആനന്ദകുമാര്‍ വാദിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. തട്ടിപ്പിനേക്കുറിച്ച് മുന്‍കൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
സാമ്പത്തിക ഇടപാടുകളിലടക്കം ആനന്ദകുമാറിന് പങ്കുണ്ടായിരുന്നുവെന്നും സാമ്പത്തിക തട്ടിപ്പ് ആനന്ദകുമാറിന്റെ അറിവോടെയാണെന്നും പൊലീസ് വാദിച്ചു. പോലീസ് വാദങ്ങള്‍ അംഗീകരിച്ചാണ് ജ പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ആനന്ദകുമാര്‍ നിലവില്‍ റിമാന്റിലാണ്. അറസ്റ്റിലായതിന് പിന്നാലെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ ജാമ്യാപേക്ഷ വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു.
കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികള്‍ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം. പാതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് സംഘപരിവാര്‍ സഹയാത്രികനായ ആനന്ദകുമാര്‍.