/sathyam/media/media_files/2024/11/16/yDzE2wyf0dAX0YQSndMa.jpg)
പാലക്കാട് : വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ദുരിതാശ്വാസ വകയിനത്തില്‍ പണം നല്‍കില്ലെന്ന കേന്ദ്രനിലപാട് അങ്ങേയറ്റം മനുഷ്യത്വരഹിതവും ക്രൂരവും കേരളത്തോട് കാണിക്കുന്ന നിന്ദ്യവുമായ നിലപാടാണെന്ന് മുന്‍ റവന്യൂ മന്ത്രി കെ. പി.രാജേന്ദ്രന്‍
വയനാട് ദുരന്തം പ്രത്യേകം ദുരിതാശ്വാസം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍ സഭ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് - കണ്ണാടി പഞ്ചായത്തില്‍ നടത്തിയ കര്‍ഷക പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തില്‍ സഹായം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആയിരുന്നു സമരം. ദുരന്തമുണ്ടായി മൂന്നുമാസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്രസഹായം നല്‍കുന്നതിന് ബിജെപി ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ ദുരന്തത്തിന്റെ ബാക്കി പത്രം നേരില്‍കണ്ട് ബോധ്യപ്പെട്ടവരാണ്.
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളാകെ തകര്‍ത്തെറിഞ്ഞ ഉരുള്‍പ്പൊട്ടലുണ്ടായി പതിനൊന്നാം ദിനമായിരുന്നു പ്രധാനമന്ത്രി ദുരന്തപ്രദേശം സന്ദര്‍ശിച്ചത്.
വയനാട്ടിലെ രക്ഷാ - പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കല്‍പ്പറ്റ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ധനസഹായം പരിഗണിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്നാല്‍ ഏറ്റവും അവസാനം കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേകിച്ച് ഒരു ധനസഹായവും നല്‍കുന്നത് പരിഗണനയിലില്ല എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനവും പ്രതിഷേധാര്‍ഹവുമായ കാര്യമാണ്.
കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. രാജ്യം ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്ക് എങ്ങനെയാണ് ഇത്രയും ക്രൂരവും മനുഷ്യത്വരഹിതവുമായനിലപാട് സ്വീകരിക്കാന്‍ കഴിയുന്നതെന്ന് കെ പി രാജേന്ദ്രന്‍ ചോദിച്ചു.
അഖിലേന്ത്യാ കിസാന്‍ സഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ കിസാന്‍ സഭാ ജില്ല സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.സി.ജയപാലന്‍,കെ.മല്ലിക,കെ.വേലു,അശോകന്‍ മാസ്റ്റര്‍,പി.അശോകന്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us