ഡല്‍ഹി: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായി കെ രാധാകൃഷ്ണന്‍ എം പി.
ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ് ഇഷ്ടമുള്ള വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുക എന്നത്. ഈ സ്വാതന്ത്ര്യമാണ് ഇവിടെ നിഷേധിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത്.
സംഭവിക്കാന്‍ പാടില്ലാത്തതാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി, തങ്ങള്‍ക്ക് ഇഷ്ടമുള്ളത് നടപ്പിലാക്കുമെന്നുള്ള ഹുങ്കും അഹങ്കാരവുമാണ് ഇവിടെ കാണിക്കുന്നത്. ഇത്തരം നടപടികള്‍ ശക്തമായി ചോദ്യം ചെയ്യപ്പെടണമെന്നും കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു.
ഇടതുപക്ഷ എംപിമാര്‍ ഛത്തീസ്ഗഢിലേക്ക് പോകുന്ന വിവരവും അദ്ദേഹം പങ്കുവച്ചു. അവിടെ ചെന്നാല്‍ എന്ത് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല. കടുത്ത നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. എന്ത് നിലപാട് സ്വീകരിച്ചാലും അവിടെ പോകാനാണ് തീരുമാനമെന്നും എം പി വ്യക്തമാക്കി.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച അദ്ദേഹം അവരെന്നും അത്തരം നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ അംഗീകരിച്ചാല്‍ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളുമാണ് ഇല്ലാതാകുന്നതെന്നും കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു.