കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ പതിനാലുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന 14കാരനടക്കം നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.
കീഴല്ലൂര്‍ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാര്‍ ഓടിച്ചുവന്നതെന്നാണ് കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞത്.
പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംഭവത്തില്‍ നടപടി തുടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ലൈസന്‍സില്ലാത്ത കുട്ടിയ്ക്ക് കാര്‍ ഓടിക്കാന്‍ കൊടുത്തതില്‍ കാറുടമയ്‌ക്കെതിരെയടക്കം നടപടിയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.