Advertisment

'റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ല'; കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഡ്രസ് കോഡിൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

New Update
karnataka education minister.jpg

കർണാടകയിലെ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഹിജാബുകൾക്ക് നിരോധനമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ. കർണാടക പരീക്ഷാ അതോറിറ്റിയുടെ പുതിയ ഡ്രസ് കോഡിൽ എല്ലാത്തരം ശിരോവസ്ത്രങ്ങളും നിരോധിച്ചെന്ന റിപ്പോർട്ടുകൾ വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. 

Advertisment

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളും രാഷ്ട്രീയക്കാരും ഡ്രസ് കോഡിൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വസ്ത്രധാരണ രീതിക്ക് പിന്നിലെ ആശയം ദുരുപയോഗങ്ങൾ പരിശോധിക്കുന്നതാണെന്നും, എന്തായാലും, ഹിജാബുകൾ വായ മൂടുന്നില്ലെന്നും അതിനാൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സാധ്യമല്ലെന്നും പുതിയ നിയമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

“ഹിജാബ് ധരിച്ച വനിതാ ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരുകയും ശരിയായ പരിശോധനയിലൂടെ കടന്നുപോകുകയും ചെയ്യേണ്ടതുണ്ട്. മെറ്റൽ ഡിറ്റക്ടറുകൾ ഉപയോ​ഗിച്ച് ഈ സമയം പരിശോധനകൾ നടത്തും.  മുൻ വർഷങ്ങളിലെ പോലെ ആളുകൾ വഞ്ചിക്കപ്പെടാൻ അനുവദിക്കില്ല“ -മന്ത്രി എം സി സുധാകർ പറഞ്ഞു. “ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കണമെന്നു മാത്രം. അനാവശ്യമായി തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ല, പക്ഷേ അത് ഹിജാബിന് ബാധകമല്ല. എന്തുകൊണ്ടാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഞാൻ ഇതിൽ തെറ്റൊന്നും കാണുന്നില്ല“-സുധാകർ കൂട്ടിച്ചേർത്തു. 

ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോ​ഗിച്ച് പരീക്ഷയിൽ കോപ്പിയടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീണ്ടും ശിരോവസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.  സംസ്ഥാനത്തുടനീളം വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും നവംബർ 18, 19 തീയതികളിൽ പരീക്ഷ നടക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. തലയോ വായയോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ ധരിച്ച് പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്ന് കെഇഎ വ്യക്തമാക്കി.  പരീക്ഷകൾക്കിടെ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഉത്തരവിൽ പറയുന്നു. 

കർണാടകയിൽ വൻ വിവാദത്തിന് ഇടയാക്കിയ ഹിജാബ് നിരോധനത്തിൽ ഒക്ടോബർ 23നാണ് സംസ്ഥാന സർക്കാർ ഇളവു നൽകിയത്.  മത്സര പരീക്ഷയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് ഹിജാബ് ധരിക്കാൻ അനുമതി നൽകികൊണ്ട് കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം സി സുധാകർ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവിനെതിരെ പ്രതിഷേധിക്കുമെന്ന് ഹിന്ദു അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകുന്ന തീരുമാനത്തെ പിന്തുണയ്ക്കുകയും ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും സുധാകർ പറഞ്ഞിരുന്നു. 

KARNATAKA latest news
Advertisment