മിഷൻ ബേലൂർ മഗ്നയിൽ പങ്കുചേരാൻ കർണാടകയിൽ നിന്നുള്ള ദൗത്യ സംഘം വയനാട്ടിൽ

കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതുമാണ് നിലവിൽ ദൗത്യത്തിന് തിരിച്ചടിയാവുന്നത്.

New Update
elephant1

കൽപ്പറ്റ: മിഷൻ ബേലൂർ മഗ്നയിൽ പങ്കുചേരാൻ കർണാടകയിൽ നിന്നുള്ള ദൗത്യ സംഘവും വയനാട്ടിലെത്തി. കർണാടക വനംവകുപ്പിന്റെ 22അംഗ സംഘം ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തിയത്. വെറ്റിനറി ഡോക്ടർ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ട്. നേരത്തെ ബേലൂർ മഗ്നയെ കർണാടകയിൽ വെച്ച് മയക്കുവെടി വെച്ച് പിടികൂടിയ സംഘമാണ് എത്തിച്ചേർന്നിരിക്കുന്നത്.

 ബേലൂർ മഗ്ന ദൗത്യം ആറാം ദിവസവും ദുഷ്കരമായി തുടരുന്ന സാഹചര്യത്തിലാണ് കർണാടക സംഘവും കേരളത്തിൽ നിന്നുള്ള ദൗത്യസംഘത്തിനൊപ്പം ചേരുന്നത്. ആനയുടെ റേഡിയോ കോളർ സിഗ്നൽ ലൊക്കേറ്റ് ചെയ്യാനുള്ള ബാഗ്ലൂരിൽ നിന്നുള്ള പ്രത്യേക സംഘവും ഇവർക്കൊപ്പമുണ്ട്. വിജയകരമായ കാട്ടാന ദൗത്യങ്ങളിൽ പങ്കെടുത്ത കർണാടകസംഘമാണ് വയനാട്ടിൽ എത്തിയിരിക്കുന്നത്.

Advertisment

കാട്ടാന വനത്തിലൂടെ നിര്‍ത്താതെ നീങ്ങുന്നതും കുന്നിന്‍ചെരുവിലേക്ക് കയറുന്നതുമാണ് നിലവിൽ ദൗത്യത്തിന് തിരിച്ചടിയാവുന്നത്. നിലവിൽ മാനിവയല്‍ അമ്മക്കാവ് വനത്തിലാണ് ബേലൂര്‍ മഗ്നയുള്ളത്. മറ്റൊരു മോഴയാനയോടൊപ്പമാണ് ബേലൂര്‍ മഗ്നയുടെ സഞ്ചാരം. ഈ മോഴയാന അക്രമകാരിയാണെന്നതാണ് പ്രതികൂലമായ മറ്റൊരു ഘടകം. കാട്ടാനയെ ട്രാക്ക് ചെയ്ത വനത്തില്‍ പുലിയുടെ സാന്നിധ്യമുള്ളതും ദൗത്യത്തിന് വെല്ലുവിളിയാണ്. ദൗത്യ സംഘം ഇന്നലെ രണ്ട് തവണ പുലിയുടെ മുന്നില്‍ പെട്ടിരുന്നു.

വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.

WAYANAD mission beloor magna
Advertisment