തിരുവനന്തപുരം: കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ ഏതു വിധേനയും ജയില്‍ മോചിതയാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സര്‍ക്കാര്‍. ഷെറിനെ മോചിപ്പിക്കാന്‍ ഫെബ്രുവരി 13ന് ഗവര്‍ണര്‍ക്ക് നല്‍കിയ ശുപാര്‍ശ അദ്ദേഹം വിശദീകരണം തേടി തിരിച്ചയച്ചിരുന്നു.
മോചനത്തിന് ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. കുറ്റകൃത്യം, ശിക്ഷ, അനുവദിച്ച പരോള്‍, ജയില്‍ ഉപദേശകസമിതിയുടെയും പൊലീസ്- ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ടിലെ ശുപാര്‍ശ, ഇരയുടെ ബന്ധുക്കളുടെ അഭിപ്രായം, വീണ്ടും കുറ്റകൃത്യം നടത്താനുള്ള സാദ്ധ്യത എന്നിങ്ങനെ വിവരങ്ങളടങ്ങിയ പ്രൊഫോര്‍മയാണ് ആഭ്യന്തര വകുപ്പ് രാജ്ഭവന് കൈമാറിയത്.
മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരമാവണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പേരറിവാളന്‍ കേസില്‍ സുപ്രീംകോടതി ഉത്തരവുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് ഇനി മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കാതെ വഴിയില്ലെന്ന സ്ഥിതിയാണ്.
ഷെറിനെ മോചിപ്പിക്കാന്‍ ഫെബ്രുവരി 13ന് തന്നെ മന്ത്രിസഭാ തീരുമാനമടങ്ങിയ ഫയല്‍ രാജ്ഭവനില്‍ എത്തിച്ചെങ്കിലും തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഫയല്‍ നിയമോപദേശത്തിന് അയച്ചിരുന്നു. 25വര്‍ഷം വരെ ശിക്ഷയനുഭവിച്ച വനിതകളെ ശിക്ഷായിളവിന് പരിഗണിക്കാതെ ഷെറിനെ ഇളവിന് തിരഞ്ഞെടുത്തതില്‍ ആക്ഷേപമുയര്‍ന്നിരുന്നു.
ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിനുള്ള ശുപാര്‍ശയെന്നാണ് ഫയലിലുള്ളത്. എന്നാല്‍ പല തടവുകാരുടെയും മോചനത്തെ എതിര്‍ത്ത പൊലീസ്, ജയില്‍ റിപ്പോര്‍ട്ടുകള്‍ മറികടന്നാണ് ജയില്‍ ഉപദേശക സമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മപരിശോധന നടത്താനാണ് വിവരങ്ങള്‍ സംക്ഷിപ്തമായി നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വിവരങ്ങളെല്ലാം നല്‍കിയതോടെ മോചന ശുപാര്‍ശയില്‍ അന്തിമ തീരുമാനം ഗവര്‍ണര്‍ കൈക്കൊള്ളും.
ഷെറിന് ശിക്ഷായിളവ് അനുവദിച്ച് ജയില്‍ മോചനം നല്‍കാനുള്ള തീരുമാനം തിടുക്കത്തിലുള്ളതെന്നാണ് ആക്ഷേപം. 25വര്‍ഷം വരെ ശിക്ഷയനുഭവിച്ചവരും രോഗികളുമായവരുടെ മോചനത്തിനുള്ള പൂജപ്പുര, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശകള്‍ പരിഗണിക്കാനിരിക്കെയാണ്, 14വര്‍ഷമായ ഷെറിന് ഇളവിനുള്ള ശുപാര്‍ശയില്‍ അതിവേഗം തീരുമാനമെടുത്തത്. ജീവപര്യന്തമായിരുന്നു ഷെറിന്റെ ശിക്ഷ.
കണ്ണൂര്‍ ജയില്‍ ഉപദേശകസമിതി കഴിഞ്ഞ ഡിസംബറില്‍ നല്‍കിയ ശുപാര്‍ശയിലാണ് മന്ത്രിസഭാ തീരുമാനം. മോചനത്തിനുള്ള ശുപാര്‍ശ ജയില്‍മേധാവി ആഭ്യന്തര സെക്രട്ടറിക്കും അദ്ദേഹം മന്ത്രിസഭയിലേക്കും കൈമാറുകയായിരുന്നു. അട്ടക്കുളങ്ങര, മാവേലിക്കര അടക്കം വിവിധ ജയിലുകളില്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷെറിനെ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.
ജയിലില്‍ നല്ലനടപ്പ് അടക്കം റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ശിക്ഷായിളവ് അനുവദിക്കേണ്ടത്. എന്നാല്‍ പൊലീസ്, പ്രൊബേഷണറി ഓഫീസര്‍ എന്നീ റിപ്പോര്‍ട്ടുകളെല്ലാം അനുകൂലമായതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ. ഷെറിന്റെ കൂട്ടുപ്രതി ബാസിതിനെ ശിക്ഷായിളവിന് പരിഗണിച്ചിട്ടില്ല.
മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ഗവര്‍ണര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ തടവുകാരിയെ മര്‍ദ്ദിച്ചതിന് ഷെറിനെതിരേ പൊലീസ് കേസെടുത്തു. അതോടെ, മോചന ശുപാര്‍ശാ ഫയല്‍ ഗവര്‍ണര്‍ നിയമോപദേശത്തിന് അയയ്ക്കുകയായിരുന്നു.
ഭരണഘടനയുടെ 161-ാം അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് മോചനത്തിന് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കേണ്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ വച്ചുതാമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ 'സംക്ഷിപ്ത രൂപം' മാത്രമാണെന്നുമാണ് സുപ്രീംകോടതി പേരറിവാളന്‍ കേസില്‍ പറഞ്ഞത്.
ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം. അധികാര ദുര്‍വിനിയോഗമുണ്ടായാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാവും. ഭൂരിപക്ഷം നഷ്ടമാകുമ്പോള്‍ നിയമസഭ വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചാലോ സ്പീക്കര്‍ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കാതിരുന്നാലോ ഗവര്‍ണര്‍ക്ക് ഇടപെടാം. തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെ ഗവര്‍ണര്‍ ബഹുമാനിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനം.