തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ കീ ടു എന്‍ട്രന്‍സ് എന്ന പേരില്‍ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രില്‍ 16 മുതല്‍ 19 വരെ താത്പര്യമുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
ഈ ദിവസങ്ങളില്‍ സൗകര്യപ്രദമായ സമയത്ത് മൂന്നു മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. യൂസര്‍നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്താല്‍ 'എക്‌സാം' എന്ന വിഭാഗത്തില്‍ 'മോക്/മോഡല്‍ പരീക്ഷ' ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവില്‍ 52000 ത്തിലധികം കുട്ടികള്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും അവസരം നല്‍കുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേ മാതൃകയില്‍ 150 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
ഫിസിക്‌സ് 45, കെമിസ്ട്രി 30, മാത്സ് 75 എന്നിങ്ങനെയാണ് ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.