കേരള - ഗൾഫ് കപ്പൽ : കപ്പൽ കമ്പനികളുടെ ലിസ്റ്റും പാസഞ്ചർ ഇൻട്രസ്റ്റ് സർവേ ലിസ്റ്റും കൈമാറി - എം ഡി സി.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kappal1.jpg

കോഴിക്കോട് : അമിത വിമാന നിരക്കിൽ നിന്ന്  സാധാരണ യാത്രക്കാർക്ക് മിതമായ നിരക്കിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യുന്നതിനും, കേരളത്തിന്റെ പൊതുവേയും മലബാറിന്റെ പ്രത്യേകിച്ചും സമഗ്ര വികസനത്തിനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ സമർപ്പിച്ച സാധ്യത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കുകയും അത് യാഥാർത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചുചേർത്ത  മാരിടൈം ബോർഡ് ചെയർമാനെയും അതിനാവശ്യമായ അനുമതികൾ ലഭിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,   തുറമുഖ - ടൂറിസം - ഗതാഗത വകുപ്പ് മന്ത്രിമാരും, കേന്ദ്ര  തുറമുഖ, ഷിപ്പിംഗ് വകുപ്പ് മന്ത്രി, വിദേശകാര്യ സഹമന്ത്രി ശ്രീ. വി മുരളീധരൻ, ജനപ്രതിനിധികൾ, യുഎഇയിലെയും കേരളത്തിലെയും  പ്രമുഖ വ്യക്തികളും, സംഘടനകളും, ദൃശ്യമാധ്യമങ്ങളും നൽകിയ പിന്തുണയ്ക്കും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി  നന്ദിയും, അഭിനന്ദനങ്ങളും യോഗത്തിൽ അറിയിച്ചു.

Advertisment

     എം.ഡി.സി യു.എ.ഇ കോഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദിന്റെ നേതൃത്വത്തിൽ യുഎഇയിലും, എം ഡി സി കേരളത്തിലും  നടത്തിയ സർവ്വേയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. സീസണിലും, ഓഫ് സീസണിലും യാത്രക്കാരെയും, കാർഗോയും ലഭിക്കുമോ എന്ന ആശങ്ക അസ്ഥാനത്താണെന്നാണ് ഞങ്ങൾ നടത്തിയ പ്രാഥമിക സർവ്വേയിൽ മനസ്സിലായതെന്നും സദസ്സിനെ അഭിസംബോധന ചെയ്തു അദ്ദേഹം സംസാരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ  എയർ ഇന്ത്യ എക്സ്പ്രസ് അപകടം മൂലം വലിയ വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാരുടെ ലഗേജ് പോലും മുഴുവനായി ചെറിയ വിമാനങ്ങളിൽ കൊണ്ടുപോകാൻ കഴിയുന്നില്ല. ചെരുപ്പ് വ്യവസായ കേന്ദ്രമായ കോഴിക്കോട് നിന്ന് ഏറ്റവും കൂടുതൽ ചെരിപ്പും, മറ്റു കാർഷിക ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ കയറ്റി അയക്കാൻ കപ്പൽ സർവീസ് ഏറെ ഉപകരിക്കും.

kappal kozhikod.jpg

ആഘോഷ അവധി വേളകളിൽ കുടുംബസമേതം യുഎഇ യിലേക്കുള്ള പോക്ക് വരവിനും, ടൂറിസ്റ്റുകൾ, ചികിത്സയ്ക്ക് എത്തുന്നവർക്ക് മിതമായ നിരക്കിൽ കൂടുതൽ ലഗേജോടുകൂടി   യാത്രയ്ക്ക് മൂന്നുദിവസം എടുത്താലും കപ്പൽ വഴി യാത്ര ചെയ്യാൻ വ്യക്തികളും, കുടുംബങ്ങളും,  സംഘടനകളും, ഗ്രൂപ്പുകളും മുന്നോട്ടു വന്നിട്ടുണ്ട്.

ഗുജറാത്ത് മാരിടൈം ബോർഡ് മുഖേന പ്രമുഖ നാല് കപ്പൽ കമ്പനികൾ സർവീസിന്  താല്പര്യമറിയിച്ച കത്ത് കൈമാറി. ബേപ്പൂർ തുറമുഖത്തിന് ഐ എസ് പി എസ് കോഡ്നേരത്തെ ലഭിച്ചതും, ബേപ്പൂരിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതാണ്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിൽ  കപ്പൽ യാത്ര സർവീസ് ആരംഭിച്ചു എങ്കിലും യാത്രക്കാർ ഇല്ലാത്തതിനാൽ നിർത്തിവെച്ചിരിക്കുകയാണ്. പ്രസ്തുത കപ്പൽ  നിർമ്മിച്ചത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ്. പൂർണ്ണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും.  പ്രസ്തുത കപ്പൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം  ചെലുത്തണമെന്നും അദ്ദേഹം യോഗത്തിൽ  അഭ്യർത്ഥിച്ചു.

തുറമുഖങ്ങളെ ബന്ധിപ്പിച്ച് റെയിൽവേയുടെ മാതൃകയിൽ കലക്ഷനും ഡെലിവറിയും  തുറമുഖങ്ങളിൽ ആക്കി പരിമിതപ്പെടുത്തി പാർസൽ/കൊറിയർ സർവീസ് നടത്തിയാൽ ഓഫ് സീസണിലും കപ്പൽ സർവീസ് ലാഭകരമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമിത വിമാന നിരക്കിൽ നിന്ന് യാത്രക്കാർക്ക് ആശ്വാസം ലഭിക്കുന്നതിന് കപ്പൽ സർവീസ് എന്ന ആവശ്യം വർഷങ്ങളായി മാറിമാറി വന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുന്നിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ അഭ്യർത്ഥിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് അത്  പ്രാവർത്തികമാവാൻ സർക്കാരുകൾ അനുമതി നൽകിയത്.

    മരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ആമുഖപ്രഭാഷണവും പ്രൊജക്റ്റ്  പ്രസന്റേഷനും നടത്തി. വിവിധ കപ്പൽ കമ്പനികളെ പ്രതിനിധീകരിച്ച് പി മനോജ് എംഡി  വാട്ടർ ലൈൻ ഷിപ്പിംഗ് ലിമിറ്റഡ്, ക്യാപ്റ്റൻ സന്ദീപ് ശർമ മാനേജിംഗ് പാർട്ണർ   ജി എസ് ആർ മാരിടൈം വെഞ്ചേഴ്സ് എൽ എൽ പി, വി സജിത്ത് കുമാർ  അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജെ എം ബാക്സി & കമ്പനി, റോബിൻ രാജ് ഡി ജി എം  സീത ഗ്രൂപ്പ് ശ്രീലങ്ക ആൻഡ് ഇന്ത്യ, കണ്ണൻ ആചാരി റീജിനൽ മാനേജർ അൻതാര ക്രൂയിസ്, ശ്രീമതി രേണുക എ ആർ & ക്രൂയിസ് പ്രൈവറ്റ് ലിമിറ്റഡ്, രാധാകൃഷ്ണൻ ഗാങ് വേ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി 25 ഓളം  കപ്പൽ കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

   കേരള ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ എ & എ എസ്, സി ഇ ഒ ഷൈൻ എ ഹക്ക്, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ലിമിറ്റഡ് ട്രാഫിക് മാനേജർ വിപിൻ മേനോൻ,  സ്റ്റേറ്റ് റെസ്പോൺസബിൾ ടുറിസം മിഷൻ സി ഇ ഒ കെ രൂപേഷ് കുമാർ എന്നിവർ പദ്ധതിക്ക് പരിപൂർണ്ണ പിന്തുണ അറിയിച്ചു സംസാരിച്ചു. കേരള മാരിടൈം ബോർഡ് പ്രസിദ്ധീകരിച്ച പാസഞ്ചർ ഇൻട്രസ്റ്റഡ് സർവ്വേ പദ്ധതിക്ക് അഭൂതപൂർവ്വമായ പ്രതികരണങ്ങളും, പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  സർക്കാരുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പദ്ധതികൾ പ്രാവർത്തികമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മാരിടൈം ബോർഡ് ചെയർമാനും, മറ്റു ബന്ധപ്പെട്ട വകുപ്പ് മേധാവികളും സദസ്സിനെ അറിയിച്ചു.


ഷെവലിയാർ സി ഇ ചാക്കുണ്ണി
പ്രസിഡണ്ട് മലബാർ ഡെവലപ്മെന്റ് കൗൺസിൽ &
ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ.
Mob: 9847412000

Advertisment