/sathyam/media/media_files/2024/12/23/oOIEByVTnjZbLlm0Sd30.jpg)
കോട്ടയം: ആശുപത്രികളിലെ ഒരു കിടക്കയില്‍ ഒരു ദിവസം കൊണ്ട് 1.5 കിലോ മുതല്‍ രണ്ട് കിലോ മാലിന്യം ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഖരമാലിന്യങ്ങള്‍ക്കൊപ്പം 4.50 ലിറ്റര്‍ ദ്രവമാലിന്യങ്ങളും ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നു കണക്കാക്കപ്പെടുന്നു.
ഖരമാലിന്യത്തില്‍ 85 ശതമാനം അപകടകരമല്ലാത്തവയും, 10 ശതമാനം രോഗവ്യാപനസാധ്യതയുള്ളതും അഞ്ചു ശതമാനം വിഷാംശം ഉള്ളവയുമാണ്. സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രതിവര്‍ഷം ഏകദേശം 83,000 ടണ്‍ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പ്രതിവര്‍ഷം ഏകദേശം 12,500 ടണ്‍ രോഗവ്യാപനസാധ്യതയുള്ളതോ വിഷാംശമുള്ളതോ ആയ ബയോ-മെഡിക്കല്‍ മാലിന്യമാണ്.
സംസ്ഥാനത്ത് പുറന്തള്ളുന്ന ആശുപത്രിമാലിന്യത്തിന്റെ ഏതാണ്ട് 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു കീഴിലെ ഇമേജ് എന്ന സ്ഥാപനമാണ്. എന്നാല്‍, വിവിധ ആശുപത്രികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്ഥാനയത്ത് അകത്തും പുറത്തും തള്ളുന്നത് ഇപ്പോഴും പതിവാണ്.
ആരോഗ്യ കേന്ദ്രങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതില്‍ കേരളം വന്‍ പരാജയമാണെന്നാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങൾ തെളിയിക്കുന്നത്. ബയോ മെഡിക്കല്‍ വേസ്റ്റ് (ബി.എം.ഡബ്ല്യു) സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ച് സാധാരണക്കാര്‍ക്ക് മാത്രമല്ല, അധികൃതര്‍ക്ക് പോലും കാര്യമായ ധാരണയില്ലെന്നതാണ് വസ്തുത.
ഇത്തരം മാലിന്യങ്ങള്‍ കേരളത്തിന് അകത്തും പുറത്തും ആശുപത്രി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കേരളത്തിലെ ആശുപത്രി മാലിന്യം തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും സര്‍ക്കാര്‍ ഇടപെട്ട് ക്ലീന്‍ കേരള വഴി മാലിന്യം നീക്കാന്‍ ആരംഭിച്ച ഇന്നാണ്.
ആശുപത്രികളില്‍നിന്നും ലാബുകളില്‍നിന്നും ശേഖരിക്കുന്നവയില്‍ ദിവസങ്ങളോളം പഴക്കമുള്ള, മനുഷ്യമാംസം അടക്കമുള്ള ആശുപത്രി മാലിന്യങ്ങളുമുണ്ട്.
ആശുപത്രി പരിസരങ്ങളില്‍ കുന്നുകൂട്ടിയും കത്തിച്ചും കളയുന്ന മാലിന്യത്തില്‍ അര്‍ബുദമടക്കം മാരക രോഗങ്ങള്‍ക്കിടയാക്കുന്ന അത്യപകടകരമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്.
നഗരമാലിന്യം സംസ്‌കരിക്കാന്‍ എന്ന പേരില്‍ സ്ഥാപിച്ച പ്ലാന്റുകളിലും ആശുപത്രി മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന് മുൻപ് കണ്ടെത്തിയിന്നു.
അശ്രദ്ധയോടെ കൈകാര്യംചെയ്താല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന ആശുപത്രി മാലിന്യം ഉറവിടത്തില്‍തന്നെ തരംതിരിച്ച് ഉടന്‍തന്നെ നിര്‍വീര്യമാക്കി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നത്.
നിര്‍വീര്യമാക്കാനുള്ള മാലിന്യം ഒരുകാരണവശാലും 48 മണിക്കൂറിലധികം സൂക്ഷിക്കരുതെന്നും 75 കിലോമീറ്റര്‍ ദൂരപരിധിക്കപ്പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ലെന്നുമുള്ള കര്‍ശന വ്യവസ്ഥകള്‍ കാറ്റില്‍പറത്തിയാണ് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കും അതിര്‍ത്തികള്‍ കടന്നും മാലിന്യവണ്ടികള്‍ ആള്‍ത്തിരക്കിലൂടെ പായുന്നത്.
പാതയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന മാലിന്യക്കൂമ്പാരങ്ങളിലും വലിയതോതില്‍ ആശുപത്രി അവശിഷ്ടങ്ങളുണ്ട്. ക്ലിനിക്കുകളില്‍നിന്നും ലാബുകളില്‍നിന്നുമുള്ള ഖര-ദ്രവ മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം മലയാളി കുടിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
കേരളത്തിലെ കുടിവെള്ളത്തിലടക്കം അപകടകരമായ തോതില്‍ കോളിഫോം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കാണപ്പെടുന്നുണ്ട്.
ഇവിടെയുള്ള ജലാശയങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ ക്രമാതീതമായ സാന്നിധ്യമുള്ളതായി സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.