മുതിര്‍ന്ന പൗരരെ ഫോണില്‍ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് ഒടിപി ചോര്‍ത്തി പണം തട്ടുന്ന പുതിയ രീതി. 'ജീവന്‍ പ്രമാണ്‍ പത്ര'യുടെ പേരിലാണ് തട്ടിപ്പ്

New Update
pension scheme

തിരുവനന്തപുരം: ദിനംപ്രതി നിരവധി തട്ടിപ്പുകളുടെ കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് സംഘങ്ങളെപ്പറ്റിയുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്നത്. 

Advertisment

മുതിര്‍ന്ന പൗരരെ ഫോണില്‍ വിളിച്ച് പെന്‍ഷന്‍ വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ച് ഒടിപി ചോര്‍ത്തി പണം തട്ടുന്നതാണ് പുതിയ രീതി. കേന്ദ്രപെന്‍ഷന് ആവശ്യമായിവരുന്ന 'ജീവന്‍ പ്രമാണ്‍ പത്ര'യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബര്‍ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്.


പെന്‍ഷന്‍കാരുടെ നിയമനത്തീയതി, വിരമിക്കല്‍ തീയതി, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, സ്ഥിരം മേല്‍വിലാസം, ഇ- മെയില്‍ വിലാസം, വിരമിക്കുമ്പോള്‍ ലഭിച്ച തുക, പ്രതിമാസ പെന്‍ഷന്‍തുക, നോമിനി തുടങ്ങിയ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. 

പിന്നീട് പെന്‍ഷന്‍ ഡയറക്ടറേറ്റില്‍നിന്നാണെന്ന വ്യാജേന പെന്‍ഷന്‍കാരെ വിളിക്കും. തട്ടിപ്പുകാര്‍ നേരത്തേ തരപ്പെടുത്തിയ വിവരങ്ങള്‍ പറഞ്ഞശേഷം ഇത് ഉറപ്പാക്കുന്നതിനായി ഒടിപി പറഞ്ഞുകൊടുക്കാന്‍ നിര്‍ദേശിക്കും.


ആദ്യം പറയുന്ന വിവരങ്ങള്‍ ശരിയാണെന്നതിനാല്‍ പലരും ഒടിപി പറഞ്ഞുകൊടുക്കും. ഈ ഒടിപി ഉപയോഗിച്ച് പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടിലെ തുക തട്ടിപ്പുകാര്‍ അപ്പോള്‍ത്തന്നെ പിന്‍വലിക്കും.

പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ പൂര്‍ണരൂപത്തില്‍ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതുസംബന്ധിച്ച് സൈബര്‍ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്.


വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതല്‍ 2500 വരെ ഫോണ്‍കോളുകള്‍ എത്തുന്നുണ്ടെന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു. 

ഇതില്‍ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. പരാതികളില്‍ 90 ശതമാനവും ഒരു ലക്ഷം രൂപയില്‍താഴെ പണം നഷ്ടപ്പെടുന്നവയാണ്.

പ്രതിദിനം ഒരു കോടിക്കും ഒന്നേകാല്‍ കോടിക്കും ഇടയിലുള്ള തുക ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. തട്ടിപ്പുനടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയാല്‍ പണം നഷ്ടമാകുന്നത് തടയാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാം.

Advertisment