കൊല്ലം: പുനലൂരില്‍ ട്രെയിനില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. മധുര സ്വദേശി നവനീത് കൃഷ്ണനാണ് പിടിയിലായത്. ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ആണ് ഇയാള്‍ പണം എത്തിച്ചത്.
സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫും റെയില്‍വേ പൊലീസും നടത്തിയ പരിശോധനയില്‍ ആണ് ശരീരത്തില്‍ തുണികൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്. ഇയാള്‍ മുന്‍പും ട്രെയിനില്‍ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറുമാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം രൂപയാണ് പുനലൂര്‍ റെയില്‍വേ പൊലീസ് പിടികൂടിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ 8,913 കോടി രൂപ അധികവരുമാനമെന്ന് റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റുകളിലെ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് റെയില്‍വെ കണക്കുകള്‍ പുറത്ത് വിട്ടത്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ നല്‍കിയ മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുക വഴി റെയില്‍വേ അഞ്ച് വര്‍ഷം കൊണ്ട് 8,913 കോടി രൂപയുടെ അധിക വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.