കോഴിക്കോട്: ശതാഭിഷേകത്തിന് ശേഷം രണ്ടാണ്ട് പിന്നിടുമ്പോള്‍ കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. നിലവിലെ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായും ഉയര്‍ത്തി.
/sathyam/media/media_files/2025/04/12/fWBDfab2Cz5oBF2owj99.jpeg)
കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാകും പുതിയ കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകള്‍. ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാസ്ഥാനത്തും ഇന്ന് 3.30ന് നടന്നു.
1878-ല്‍, പയസ് ഒന്‍പതാമന്‍ മാര്‍പാപ്പ ഇന്നത്തെ മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട് എന്നിവ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മലബാറിലെ വികാരിയേറ്റ് അപ്പസ്തോലിക്കില്‍ നിന്ന് വേര്‍പെടുത്തി ഇറ്റലിയിലെ വെനീസിലെ ജെസ്യൂട്ട്മാര്‍ക്ക് കൈമാറിയിരിന്നു. പിന്നീട് 1923-ല്‍ പയസ് പതിനൊന്നാമന്‍ മാര്‍പാപ്പ മംഗലാപുരം, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ച ഒരു പ്രത്യേക രൂപതയായി കോഴിക്കോട് രൂപത സ്ഥാപിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് രൂപതയുടെ 100-ാം വാര്‍ഷികം ആഘോഷിച്ചത്. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയില്‍ വരുന്നത്.
ഇന്ത്യയിലെ 25-ാമത് ലത്തീന്‍ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. കേരളത്തിലെ മൂന്നാമത്തേതും. 1923 ജൂണ്‍ 12-നാണ് കോഴിക്കോട് ലത്തീന്‍ രൂപത സ്ഥാപിതമായത്.
മലബാറിലെ ആദ്യ ലത്തീന്‍ രൂപത കൂടിയാണ് കോഴിക്കോട് അതിരൂപത. ശതാബ്ദി നിറവില്‍ ലഭിച്ച വലിയ അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം.
നിലവില്‍ രൂപതയുടെ ആറാമത്തെ മെത്രാനാണ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. 1953ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കല്‍ മാളയിലും മംഗലാപുരത്തും പഠനം നടത്തി.
1981ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1998ല്‍ കണ്ണൂരിലെ ആദ്യത്തെ ബിഷപ്പായി സ്ഥാനമേറ്റു. 2012 ല്‍ കോഴിക്കോടു രൂപതാധ്യക്ഷനായി നിയമിതനായി. കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെസിബിസി), ഇന്ത്യന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് (സിസിബിഐ) എന്നിവയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, നിലവില്‍ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) അധ്യക്ഷനാണ്.