/sathyam/media/media_files/ophHGaE0j2myJN6A392x.jpg)
തിരുവനന്തപുരം: സുരക്ഷ ഉറപ്പു വരുത്തി വൈദ്യുതി മേഖലയില്‍ അപകടം ഒഴിവാക്കുക ലക്ഷ്യമാക്കി കെഎസ്ഇബി സംഘടിപ്പിക്കുന്ന സേഫ്റ്റി കോണ്‍ക്ലേവിന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ നടന്നു. ശ്രദ്ധയില്ലാത്ത ഒരു പ്രവര്‍ത്തിയും ലക്ഷ്യത്തിലെത്തില്ലെന്നും വൈദ്യുതി മേഖലയില്‍ പണിയെടുക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സന്ദേശത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓര്‍മ്മിപ്പിച്ചു.
ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കായും വൈദ്യുതി സുരക്ഷിതത്വം സംബന്ധിച്ച ബോധവത്ക്കരണം തുടര്‍ച്ചയായി നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കെ.എസ്.ഇ.ബി. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്. ആണ് സേഫ്റ്റി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത്. സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പു വരുത്തി മാത്രമേ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യാന്‍ പാടുള്ളുവെന്നും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് ഓരോ ജീവനക്കാരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കിടയില്‍ സുരക്ഷാ അവബോധം നല്‍കുക, സുരക്ഷാ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, ജീവന്‍ രക്ഷിക്കാന്‍ മതിയായ സുരക്ഷ ശീലങ്ങള്‍ നിര്‍ബന്ധമാക്കുക, ശരിയായ സുരക്ഷാ തൊഴില്‍ സംസ്‌കാരത്തിലൂടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക, അപകടങ്ങള്‍ ഇല്ലാതാക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കുക, സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഭാവി ശുഭകരമാക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യത്തോടെയാണ് സേഫ്റ്റി കോണ്‍ക്ലേവ് പദ്ധതി വിതരണ വിഭാഗം സര്‍ക്കിള്‍ തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കും.