/sathyam/media/media_files/2026/01/04/oip-2026-01-04-17-09-32.jpg)
കൊച്ചി : കുടുംബശ്രീ ഉത്പന്നമായ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ഇനി ലക്ഷദ്വീപിലും വിതരണം ചെയ്യും . സംസ്ഥാനത്ത് ആറ് മാസം മുതൽ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അംഗനവാടികൾ വഴിയാണ് കുടുംബ ശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം വിതരണം ചെയ്യുന്നത് .
ലക്ഷദ്വീപിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾ , തൂക്ക കുറവുള്ള കുട്ടികൾ എന്നിവർക്കായാണ് അമൃതം പൊടി വാങ്ങുന്നത്. കടൽ മാർഗം ദ്വീപിലെത്തിക്കുന്ന അമൃതം പൊടി സർക്കാർ ഗോഡൗണിൽ സൂക്ഷിക്കും. വനിതാ ശിശു വികസന വകുപ്പിനാണ് അമൃതം പൊടി വിതരണത്തിൻ്റെ മേൽനോട്ടം . ആരോഗ്യ വകുപ്പും ഇക്കാര്യത്തിൽ സഹകരിക്കും. കേരളത്തിലെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി വർഷം തോറും ഇരുപതിനായിരത്തിലധികം ടൺ ന്യൂട്രിമിസ് ഉല്പാദിപ്പിക്കുന്നു.
ന്യൂട്രിമിക്സ് വിറ്റ് വരവിലൂടെ 150 കോടി രൂപയോളം കുടുംബ ശ്രീ യൂണിറ്റംഗങ്ങളായ സ്ത്രീകൾ നേടുന്നത്. അമൃതം പൊടി ധാന്യങ്ങൾ , പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ പോഷക ഘടകങ്ങൾ ചേർത്ത് ശാസ്ത്രീയമായി ഭക്ഷ്യസുരക്ഷാ മാന ദണ്ഡങ്ങൾ പാലിച്ചാണ് അമൃതം പൊടി നിർമ്മിക്കുന്നത് . ലബോറട്ടറിയിൽ പരിശോധന നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷമാണ് അമൃതം പൊടി വിതരണത്തിന് എത്തിക്കുക .
കിലോയ്ക്ക് 100 രൂപാ നിരക്കിൽ ആദ്യ ഘട്ടത്തിൽ 392 കിലോഗ്രാം വരെ അമൃതം പൊടി വാങ്ങാമെന്നറിയിച്ചാണ് ലക്ഷദ്വീപ് വനിതാ ശിശു വികസന വകുപ്പ് കുടുംബ ശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകിയത്.
കേന്ദ്ര സർക്കാർ പദ്ധതിയായ ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി അനുസരിച്ച് കേരള സർക്കാരിന് കീഴിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ,വനിതാ ശിശുക്ഷേമ വകുപ്പ് , തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us