കണ്ണൂര്‍: കേസില്‍പ്പെട്ട് സീല്‍ ചെയ്ത കടയില്‍ കുടുങ്ങിയ കുരുവിയെ തുറന്നു വിട്ടു. കണ്ണൂര്‍ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടര്‍ തുറന്ന് കിളിയെ മോചിപ്പിക്കാന്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതോടെയാണ് കുരുവിയുടെ മോചനം നടന്നത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി സീല്‍ ചെയ്ത ഉളിക്കല്‍ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളില്‍ രണ്ട് ദിവസമായി കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവില്‍ പറന്നകന്നത്. വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ആറ് മാസം മുമ്പാണ് കട ൂട്ടി സീല്‍ ചെയ്തത്. സ്ഥാപനത്തിന്റെ മുന്‍വശത്ത് ചില്ലുകൂടാണ്. ഇതിന്റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീല്‍ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാന്‍ വഴിയില്ലാതായി.
ചില്ലിനിടയില്‍ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. പൂട്ടി സീല്‍ ചെയ്തതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല.
ചെറിയ വിടവിലൂടെ വെള്ളവും പഴവും നല്‍കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. ഒടുവില്‍ കുരുവിയെ കുറിച്ച് ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്