അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്: ലോകത്ത് പ്രതിവർഷം 3.5 കോടി ടൺ മത്സ്യം പാഴാകുന്നു; പുതുകണക്കുകളുമായി പഠനം

New Update
puthussery

പുതുച്ചേരി: ലോകമെമ്പാടുമുള്ള സമുദ്രോല്പന്ന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ മൂലം ഓരോ വർഷവും 2.5 കോടി മുതൽ 3.5 കോടി ടൺ വരെ മത്സ്യം പാഴാകുന്നതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും , ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

പുതുച്ചേരിയിൽ നടന്ന 'മറൈൻ ഫിഷറീസ് വാല്യൂ ചെയിൻ' അന്താരാഷ്ട്ര ശില്പശാലയിലാണ് 2025-26 കാലയളവിൽ ഇന്ത്യയടക്കം 11 ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.


ഏഷ്യൻ രാജ്യങ്ങളിൽ ലഭിക്കുന്ന ആകെ മത്സ്യത്തിന്റെ 20 മുതൽ 60 ശതമാനം വരെ വിപണന ശൃംഖലയുടെ വിവിധ ഘട്ടങ്ങളിലായി നശിച്ചുപോകുന്നു. വികസ്വര രാജ്യങ്ങളിൽ ഇത് ശരാശരി 20-35 ശതമാനമാണെങ്കിൽ ചിലയിടങ്ങളിൽ ഇത് 75 ശതമാനം വരെ ഉയരുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും രാജ്യങ്ങളുടെ പോഷകാഹാര സുരക്ഷയെയും സാരമായി ബാധിക്കുന്ന ഒരു 'നിശബ്ദ പ്രതിസന്ധി'യായി മാറുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രധാന കണ്ടെത്തലുകൾ:
ലാൻഡിംഗ് സൈറ്റുകളിലെ നഷ്ടം: ആകെ നഷ്ടത്തിന്റെ 43.5 ശതമാനവും സംഭവിക്കുന്നത് ഫിഷ് ലാൻഡിംഗ് സെന്ററുകളിലാണ്.  ഐസ് സൗകര്യങ്ങളുടെ അഭാവവമാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യയിലെ അവസ്ഥ: ഇന്ത്യയിൽ ഉല്പാദനത്തിനും മത്സ്യബന്ധനത്തിനും വലിയ തോതിൽ പൊതുനിക്ഷേപം നടക്കുന്നുണ്ടെങ്കിലും, പോസ്റ്റ്-ഹാർവെസ്റ്റ് (ശേഖരണാനന്തര) മാനേജ്മെന്റ് വളരെ പിന്നിലാണെന്ന് ബി.ഒ.ബി.പി ഡയറക്ടർ ഡോ. പി. കൃഷ്ണൻ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്: കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ അഭാവം, ഐസ് പ്ലാന്റുകളുടെ കുറവ്, വിപണന ശൃംഖലയിലെ ഏകോപനമില്ലായ്മ എന്നിവ വിടവുകളായി തുടരുന്നു.

പരിഹാര മാർഗങ്ങൾ
മത്സ്യത്തൊഴിലാളികളെ വെറും 'വില സ്വീകരിക്കുന്നവർ'  എന്ന നിലയിൽ നിന്ന് 'മൂല്യം നിശ്ചയിക്കുന്നവർ'  എന്ന നിലയിലേക്ക് മാറ്റണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. നോർവേ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ സാങ്കേതിക വിദ്യയിലൂടെ മത്സ്യനഷ്ടം 5 ശതമാനത്തിൽ താഴെയാക്കി കുറച്ചിട്ടുണ്ട്. ഇത് മാതൃകയാക്കി ഇന്ത്യയിലും ആധുനിക കോൾഡ് സ്റ്റോറേജുകൾ, ട്രെയ്സബിലിറ്റി സംവിധാനം, ബോട്ടുകളിൽ തന്നെ സംസ്‌കരണ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

പുതുച്ചേരി സർക്കാർ, ബിഒബിപി, എഫ്എഒ, നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചത്.

Advertisment
Advertisment