Advertisment

സേവനനികുതി ഈടാക്കാത്തതിന്റെ പേരില്‍ കരിമ്പട്ടികയിൽ കുടുങ്ങിയത് 80,000 വാഹനങ്ങൾ

വാഹനം കരിമ്പട്ടികയില്‍പ്പെടുമ്പോള്‍ സെക്കന്‍ഡ്ഹാന്‍ഡ് വാഹനഉടമസ്ഥര്‍ പഴയകുടിശ്ശികയും അടയ്‌ക്കേണ്ടതുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ സ്‌പെഷ്യല്‍ പെര്‍മിറ്റ്, ടാക്‌സ് അടയ്ക്കല്‍, ഫിറ്റ്‌നസ് എടുക്കല്‍ തുടങ്ങിയവയൊന്നും നടക്കില്ല.

New Update
iuytretyuiop

സേവനനികുതി ഈടാക്കാത്തതിന്റെ പേരില്‍ ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെട്ട് വലയുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹനയുടമകള്‍.ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍, കാറുകള്‍ എന്നിവയുടെ ഉടമകളാണ് പെര്‍മിറ്റെടുത്ത് സര്‍വീസ് നടത്തിയിട്ടും പ്രതിസന്ധിയിലായത്. 360 രൂപ ഈടാക്കേണ്ടിയിരുന്ന സ്ഥാനത്ത് സേവനനികുതിയായ 105 രൂപ കുറച്ചുള്ള തുകയാണ് വാഹനയുടമകളില്‍നിന്ന് ഈടാക്കിയത്.

Advertisment

സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിച്ചതില്‍ സേവനനികുതി ഉള്‍പ്പെട്ടിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് കുടിശ്ശിക തിരിച്ചുപിടിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങിയത്. മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ചെക്‌പോസ്റ്റുകളില്‍നിന്ന് പണമടച്ച് സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുത്തിരുന്ന സമയത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെപോയതാണ് വാഹനയുടമകള്‍ക്ക് വിനയായത്.

ഇതിന്റെ ഭാഗമായാണ് കുടിശ്ശികയുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ കുടിശ്ശിക മുഴുവനായി അടച്ചാല്‍മാത്രമേ മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഹനയുടമകള്‍ക്ക് ലഭ്യമാവുകയുള്ളൂ.

ഓരോ വാഹനവും ഓരോതവണ ചെക്‌പോസ്റ്റ് കടക്കുമ്പോഴും ഇത്തരത്തില്‍ 105 രൂപ കുടിശ്ശിക വരും. മുന്നറിയിപ്പില്ലാതെയാണ് വാഹനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. വാഹനം കരിമ്പട്ടികയില്‍പ്പെടുമ്പോള്‍ സെക്കന്‍ഡ്ഹാന്‍ഡ് വാഹനഉടമസ്ഥര്‍ പഴയകുടിശ്ശികയും അടയ്‌ക്കേണ്ടതുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ സ്‌പെഷ്യല്‍ പെര്‍മിറ്റ്, ടാക്‌സ് അടയ്ക്കല്‍, ഫിറ്റ്‌നസ് എടുക്കല്‍ തുടങ്ങിയവയൊന്നും നടക്കില്ല.

Advertisment