പാലക്കാട് ∙ പാലക്കാട് ഡിവിഷനിലെ ട്രാക്കുകളുടെ പുതുക്കൽ 80 % കഴിഞ്ഞു. പാലത്തിന്റെ മുഴുവൻ ഗർഡറുകളും ട്രാക്കും പൂർണമായി മാറ്റി. പാലത്തിനരികിലൂടെ ട്രോളി കൊണ്ടുപോകാൻ പാകത്തിൽ നടപ്പാത നിർമിക്കൽ ജോലിയാണു ഇനി ബാക്കിയുള്ളത്. ഇതു പിന്നീട് നടത്തും മംഗളൂരു നേത്രാവതി പാലത്തിനു സമീപത്തെ രണ്ടുവരി അടിപ്പാതയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഡിവിഷനിൽ മൊത്തം 500 കോടി രൂപയുടെ ട്രാക്ക്, സുരക്ഷാ ജോലികൾ ഇതിനകം പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു.
പോത്തനൂർ മുതൽ മംഗളൂരു വരെയുളള ഡിവിഷനിലെ 800 കിലോമീറ്റർ യാത്രാപാതയിലെ ഭൂരിഭാഗം സ്ലീപ്പറുകളും മാറ്റി സ്ഥാപിച്ചു.. ഭാരതപ്പുഴപ്പാലത്തിൽ പാലക്കാട്–തിരുവനന്തപുരം, തിരുവനന്തപുരം–പാലക്കാട് ഭാഗത്തെ മുഴുവൻ ഗർഡറുകളുമാണു മാറ്റിയത്. യഥാക്രമം 1980, 1934 വർഷങ്ങളിലാണ് ഇവ നിർമിച്ചത്. നേരത്തേ ട്രെയിൻ ശുചിമുറികളിൽ നിന്നുളള മാലിന്യങ്ങൾ തുടർച്ചയായി വീണതിനെ തുടർന്ന് ഗർഡറുകൾ തുരുമ്പെടുത്തു നശിച്ചുതുടങ്ങിയിരുന്നു ശരാശരി ഒരു സീസണിൽ കൂടി മാത്രം ട്രെയിൻ ഒാടാനുളള ബലമേ ഇവയ്ക്കുളളൂവെന്ന കണ്ടെത്തലിനെ തുടർന്നാണ് അടിയന്തരമായി നിർമാണം ആരംഭിച്ചത്. ഇതിനായി രണ്ടു മാസത്തോളം ട്രെയിൻ സർവീസുകൾക്കു വ്യാപക നിയന്ത്രണം ഏർപ്പെടുത്തി.
ട്രെയിനുകളുടെ വേഗവർധനയും കൂടുതൽ സുരക്ഷയും ഉറപ്പാക്കുന്ന എച്ച്ബീം സ്ലീപ്പറുകളാണ് പാലത്തിൽ സ്ഥാപിച്ചത്. ഇവയ്ക്ക് കൂടുതൽ വർഷം ഈടുണ്ടാകും. 20 കോടി രൂപയാണു മൊത്തം ചെലവ്. കൂടുതൽ ഭാരം താങ്ങുന്ന പുതിയ ഇനം സ്ലീപ്പറുകളാണ് ട്രാക്ക് നവീകരണത്തിന് ഉപയോഗിക്കുന്നത്. വെളളക്കെട്ടിനെ തുടർന്നു ട്രാക്ക് താറുമാറായ കഞ്ചിക്കോടിനും വാളയാറിനും ഇടയിൽ മൂന്നു പാലങ്ങളുടെ പുനർനിർമാണവും മധുക്കരയ്ക്കു സമീപത്തെ ആനകൾക്കുളള അടിപ്പാതയും നവീകരണപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന നിർമാണം കാലവർഷത്തിനു ശേഷം നടത്തും.