ശമ്പളമില്ലാതെ എണ്ണായിരത്തോളം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

2024 ഫെബ്രുവരി 16ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ചുണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഫെബ്രുവരി 21ന് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്തിമ വിധി പറയാന്‍ ജൂണ്‍ 3ലേക്ക് നീട്ടി.

New Update
nbvcxzxcvb

തിരുവനന്തപുരം∙ ശമ്പളമില്ലാതെ എണ്ണായിരത്തോളം ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍. ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളമാണ് മുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസ് നീളുന്നതാണ് അധ്യാപകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി 11ലേക്കു മാറ്റി. 

Advertisment

2024 ഫെബ്രുവരി 16ന് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ചുണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ ഫെബ്രുവരി 21ന് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്തിമ വിധി പറയാന്‍ ജൂണ്‍ 3ലേക്ക് നീട്ടി. ഇതിനിടയില്‍ ട്രൈബ്യൂണലിലും ഹൈക്കോടതിയിലും നടന്ന വാദങ്ങളുടെ അടിസ്ഥാനത്തില്‍ വന്ന ഇടക്കാല നിര്‍ദ്ദേശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി സ്ഥലം മാറ്റം അനിശ്ചിതത്വത്തിലാക്കി. ജൂണ്‍ 3ന് പരിഗണിക്കേണ്ട കേസ് ആദ്യം ആറിലേക്കും പിന്നീട് പതിനൊന്നിലേക്കും മാറ്റിയതോടെ അധ്യാപകരുടെ ശമ്പള വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്ഥലം മാറ്റത്തിലെ അന്തിമ തീരുമാനം അനന്തമായി നീളുന്നതിനാല്‍  ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സ്ഥലം മാറ്റം ലഭിച്ച സ്‌കൂളിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പളം പഴയ സ്‌കൂളില്‍ നിന്നുതന്നെയാണ് പ്രത്യേക സര്‍ക്കുലര്‍ പ്രകാരം നല്‍കിയത്. മേയിലെ ശമ്പളം നല്‍കാനുള്ള നിര്‍ദേശം ഇതുവരെയും നല്‍കാത്തതിനാല്‍ സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ ശമ്പളം ലഭ്യമാക്കാന്‍ പല പ്രിന്‍സിപ്പല്‍മാരും മടിക്കുകയാണ്. സ്ഥലംമാറ്റ ലിസ്റ്റിലുള്‍പ്പെട്ടവരെ മാറ്റി നിര്‍ത്തി ശമ്പളം പ്രോസസ് ചെയ്യുന്ന സാഹചര്യമാണുള്ളത്. പിഎഫ് പോലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നതായി അധ്യാപകര്‍ പറയുന്നു.  

സ്ഥലം മാറ്റം ലഭിച്ച് പുതിയ സ്‌കൂളുകളില്‍ ജോയിന്‍ ചെയ്ത അധ്യാപകരെ സ്ഥലംമാറ്റ കാര്യത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടി പല പ്രിന്‍സിപ്പല്‍മാരും ഹാജര്‍ പുസ്തകത്തില്‍ ഒപ്പുരേഖപ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അധ്യാപകര്‍ക്ക് ശമ്പളേതര ആനുകൂല്യങ്ങള്‍ അടക്കം നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ ശമ്പളം കൂടി നിഷേധിക്കപ്പെടുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര തീരുമാനം കൈക്കൊള്ളണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.  

ജൂണ്‍ 3 ന് സ്‌കൂളുകള്‍ തുറന്ന് പ്ലസ് വണ്‍ പ്രവേശനവും അധ്യാപക പരിശീലനവും ആരംഭിക്കുകയും പ്ലസ്ടു സേ / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥലംമാറ്റ കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാവണം. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അക്കാദമിക അന്തരീക്ഷം കലുഷിതമാവാതിരിക്കാന്‍  അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം എന്നാണ് അസോസിയേഷൻറെ ആവശ്യം. അധ്യാപകരുടെ ശമ്പളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 11 ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് എച്ച്എസ്എസ്​ടിഎ നേതൃത്വം നല്‍കുമെന്ന്  സംസ്ഥാന പ്രസിഡന്‍റ് കെ വെങ്കിട മൂര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് എന്നിവര്‍ പറഞ്ഞു.

8000-higher-secondary-teachers-await-unpaid-salaries
Advertisment