ആലപ്പുഴ: ജില്ലയിൽ റോഡ് അപകടങ്ങൾ കുറഞ്ഞതായി മോട്ടർ വാഹന വകുപ്പിന്റെ കണക്ക്. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരമാണിത്.റോഡ് അപകടങ്ങളിൽ 2023ൽ 191 പേർക്കു ജീവൻ നഷ്ടമായപ്പോൾ 2024ൽ 158 പേരാണു മരിച്ചത്.2023 ജനുവരി മുതൽ ജൂൺ വരെ 2503 അപകടങ്ങൾ ഉണ്ടായപ്പോൾ 2024ൽ ഇതേ കാലയളവിൽ 2050 അപകടങ്ങൾ മാത്രമാണുണ്ടായത്.
ദേശീയപാത നവീകരണം ഉൾപ്പെടെ നടക്കുന്ന സമയമായിട്ടും മോട്ടർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിച്ചതാണ് അപകടങ്ങളും മരണങ്ങളും കുറയാൻ ഇടയാക്കിയതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ പറഞ്ഞു. അപകടകരമായി വാഹനം ഓടിച്ചവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ദേശീയപാത നവീകരണത്തിന് എത്തിക്കുന്ന സാധനസാമഗ്രികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും മെറ്റലും മണ്ണും റോഡിലേക്ക് ഇറക്കുന്നതും കണ്ടെത്തി നടപടിയെടുത്തത് അപകടങ്ങൾ കുറയ്ക്കാൻ സഹായിച്ചെന്ന് ആർ.രമണൻ പറഞ്ഞു.