ദേവദൂതൻ വീണ്ടും തീയറ്ററിൽ കാണാൻ അവസരമൊരുക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ബോണി അസ്സനാർ എന്ന യുവാവിൻ്റെ നേതൃത്വത്തിലുള്ള 'ഹെെ സ്റ്റുഡിയോസ്' എന്ന സ്ഥാപനത്തിനും അതിൻെ ടീമിന്റേതുമാണ്. എത്ര മനോഹരമായിട്ടാണ് ദേവദൂതനെ 4K ഡോൾബി അറ്റ്മോസ്‌ലേക്ക് റിമാസ്റ്റർ ചെയ്ത് തിയേറ്ററിൽ എത്തിച്ചത്. സാധാരണ ഫിലിം ഓടുമ്പോൾ വെട്ടും കുത്തും നിറംമങ്ങിയ താരങ്ങളും. പഴയ ഫിലിം പെട്ടിയിൽനിന്ന് പൊടിതട്ടിയെടുത്തു പ്രദർശിപ്പിക്കുമ്പോൾ സിനിമ ഇങ്ങനെയൊക്കെയാണ്. ഇത്തരം സിനിമകൾ നെഗറ്റീവ് സ്കാൻചെയ്ത് കളർ കറക്ഷനും റീമാസ്റ്ററിങ്ങും നടത്തി പുതുമയോടെ അവതരിപ്പിക്കുകയാണ് കൊച്ചിആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹെെ സ്റ്റുഡിയോസ് '.
വിപണന സാധ്യതകൾക്കപ്പുറം ഭാവിതലമുറയിലുള്ളവർക്ക് മലയാളത്തിലെ പഴയകാല മികച്ച ചിത്രങ്ങൾ ദൃശ്യമികവിൽ കാണാൻ സാധിക്കുക എന്ന ഉദ്ദേശ്യമായിരുന്നു പ്രധാനെമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ പറയുന്നു. അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു ഈ ടീമിന്.
മുമ്പ് പഴയ ചിത്രങ്ങളുടെ ഫിലിം പ്രിന്റുകളിൽനിന്ന് സാധാരണ രീതിയിലാണ് സിനിമകൾ ഡിജിറ്റലിലേക്ക് പകർത്തിയിരുന്നത്. പകർത്തിയ ചിത്രത്തിൽ പിന്നീട് ചെറിയ രീതിയിലുള്ള എഡിറ്റിങ് ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. ഫോർ കെ റീ മാസ്റ്ററിങ് ചെയ്യുമ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരമാവധി മികച്ച നിലവാരത്തിലാണ് ഫിലിംപ്രിന്റിൽനിന്നുള്ള ദൃശ്യം ഡിജിറ്റലിലേക്ക് പകർത്തുന്നത്. അതിനുശേഷം സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചിത്രത്തിലെ കളർ, വ്യക്തതകളില്ലാത്തയിടത്തെ കറക്‌ഷൻ, മറ്റ് പൊട്ടലുകൾ, പൊരിച്ചിലുകൾ എന്നിവ ശരിയാക്കിയെടുക്കുന്നു. ഒരുസിനിമ ചെയ്ത് തീർക്കാൻതന്നെ മാസങ്ങളെടുക്കും. ശബ്ദത്തിന്റെ ക്വാളിറ്റിയും കൂട്ടിയെടുക്കും. ഇതാണ് നമ്മുടെ സ്റ്റുഡിയോയിൽ ചെയ്യുന്നതെന്ന് ബോണി പറയുന്നു. ഇതിനെല്ലാം വേണ്ട ടെക്‌നീഷ്യന്മാരും ഒപ്പം വേണ്ട പബ്ലിറ്റിയും നമ്മൾ നൽകുന്നു.