Advertisment

കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് ജനാധിപത്യ വിരുദ്ധം; യോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മുകാരെ അഡ്മിനിട്രേറ്റര്‍മാരാക്കിയ സഹകരണ വകുപ്പിന്റെ നടപടി അപഹാസ്യം, സർക്കാർ നടപടിയെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വി ഡി സതീശൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rtyuiourtyuiooiuyt

തിരുവനന്തപുരം: നാലു വര്‍ഷത്തെ കാലാവധി നിലനില്‍ക്കെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും സഹകരണ നിയമത്തിന്റെ നഗ്നമായ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Advertisment

സർക്കാരിന്റെ ഈ നടപടി സഹകരണ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് സര്‍ക്കാര്‍ മറക്കരുത്. സഹകരണ രംഗം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്ത് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെയാണ് യു.ഡി.എഫ് ഭരണത്തിലുള്ള ബാങ്കുകള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പൊതുയോഗം നടന്നില്ലെന്ന വാദം ഉയര്‍ത്തിയാണ് ഭരണസമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. സി.പി.എം പ്രതിനിധികളാണ് യോഗം അലങ്കോലപ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ കൃഷിയും ഭൂമിയും നഷ്ടപ്പെട്ട 42 പേരുടെ 1.07 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാനുള്ള നിര്‍ദേശവും സപ്ലിമെന്ററി ബജറ്റും പ്രധാന അജന്‍ഡയാക്കിയ യോഗമാണ് സി.പി.എം അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയത്. 

സി.പി.എം നേതാക്കള്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് യോഗം അലങ്കോലപ്പെടുത്തിയതും അഡീഷണല്‍ റജിസ്ട്രാര്‍ ഭരണസമിതിയെ പിരിച്ചുവിട്ടതും. സഹകരണ രജിസ്ട്രാര്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലിരിക്കെയാണ് സി.പി.എം അനുകൂലിയായ അഡീഷണല്‍ റജിസ്ട്രാര്‍ അമിതാധികാരം പ്രയോഗിച്ചത്.

യോഗം അലങ്കോലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ മൂന്നു പേരെ അഡ്മിനിസ്‌ട്രേറ്റര്‍മാരാക്കി ഭരണച്ചുമതല ഏല്‍പ്പിച്ചത് നിയവിരുദ്ധവും അപഹാസ്യവുമാണ്. സഹകരണ മേഖലയെ സംരക്ഷിക്കേണ്ട സഹകരണ മന്ത്രിയുടെ കൂടി പിന്തുണയിലാണ് സി.പി.എം അട്ടിമറി നടത്തിയതെന്നും സതീശൻ ആരോപിച്ചു.

18 അംഗ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 13 സീറ്റിലും വിജയിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഭരണസമിതിയെ നിയമവിരുദ്ധമായി പിരിച്ചു വിട്ടതിനെ യു.ഡി.എഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisment