കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എഐഎക്‌സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (പഴയ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം പൂർത്തിയായി.വിഹാൻ എഐയുടെ ഭാഗമായി നാല് എയർലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്‍റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാൽവെയ്പ്പാണിത്. എയർ ഇന്ത്യയും വിസ്‌താരയും തമ്മിൽ ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒറ്റ എയർലൈൻ സ്ഥാപിക്കാനുള്ള നീക്കമാണ് അടുത്തത്.
എയർലൈനിന്‍റെ നവീകരിച്ച ബ്രാൻഡ് അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ എയർ ഇന്ത്യ എക്‌സ്പ്രസും എഐഎക്‌സ് കണക്ടും തമ്മിലുള്ള ലയനം പൂർത്തിയാക്കാനായി. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി (ഡിസിജിഎ) ചേർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റേയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടേയും മറ്റ് പ്രധാന ഏജൻസികളുടേയും പങ്കാളിത്തത്തോടെയാണ് അതിവേഗത്തിൽ ലയനം പൂർത്തിയാക്കാനായത്.
എയർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാനുമായ കാംബെൽ വിൽസന്‍റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്ത് വെച്ച് ഡിജിസിഎ ഡയറക്‌ടർ ജനറൽ വിക്രം ദേവ് ദത്ത് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്‌ടർ അലോക് സിംഗിന് പുതുക്കിയ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈമാറി.
എയർ ഇന്ത്യ എക്സ്പ്രസുമായുള്ള എഐഎക്‌സ് കണക്‌ടിന്‍റെ വിജയകരമായ ലയന പ്രക്രിയ വളരെയധികം പ്രശംസനീയമാണെന്നും ഇത് വിമാനകമ്പനികളുടെ ഭാവിയിലെ ലയനങ്ങളുടെ മാനദണ്ഡമായി വർത്തിക്കുമെന്നും ഡിജിസിഎ ഡയറക്‌ടർ ജനറൽ വിക്രം ദേവ് ദത്ത് പറഞ്ഞു. നിരവധി സങ്കീർണതകളുള്ള ഈ പ്രക്രിയ പൂർത്തീകരിക്കുന്നത് ഡിജിസിഎയും വിമാന കമ്പനികളും നടത്തിയ വലിയ ശ്രമങ്ങളുടെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലയന പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ഡിസിജിഎ ഫ്ലൈറ്റ് സ്റ്റാൻഡേർഡ്‌സ് ഡയറക്‌ടറേറ്റ് ഒരുക്കിയ ടീം വെല്ലുവിളികൾ നിറഞ്ഞ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
രണ്ട് വ്യത്യസ്ത എയർലൈനുകളായ എയർ ഇന്ത്യ എക്‌സ്പ്രസിനേയും എഐഎക്‌സ് കണക്‌ടിനേയും ഒരുമിച്ചു കൊണ്ടുവന്ന് ഒരൊറ്റ ബ്രാന്‍ഡാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒരു വർഷം മുൻപാണ് തുടക്കമിട്ടതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്‌ടർ അലോക് സിംഗ് പറഞ്ഞു. ലയനം പൂർത്തിയാക്കുന്നതിൽ ഡിസിജിഎ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങി നിരവധി പേരുടെ സേവന-സഹായങ്ങൾ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസുമായുള്ള എഐഎക്‌സ് കണക്‌ടിന്‍റെ ഈ ലയനം എയർ ഇന്ത്യയുടെ വിഹാൻ എഐ പരിവർത്തന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് എയർ ഇന്ത്യ സി.ഇ.ഒ.യും എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാനുമായ കാംബെൽ വിൽസൺ പറഞ്ഞു. ലയനാനന്തരമുള്ള പുതിയ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യക്കുള്ളിലും സമീപ വിദേശ രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളിലൂടെ ഗുണനിലവാരുമുള്ള സേവനവും അധുനിക സൗകര്യങ്ങളും പ്രതീക്ഷിക്കുന്ന പുതുതലമുറയുടെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്ന വിമാന കമ്പനിയായി മാറും. നവംബർ 12നാണ് വിസ്‌താര എയർ ഇന്ത്യയുമായി ലയിക്കുന്നത്. ഇതും തടസ്സങ്ങളില്ലാതെ നടപ്പാക്കുന്നതിനായി ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശത്തോടെ പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ ഏറ്റെടുക്കുന്നതിനു മുൻപ് 22 വിമാനങ്ങളായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലുണ്ടായിരുന്നത്. ഇന്നത് 88 വിമാനങ്ങളായി വളർന്നു. ഓരോ മാസവും ഏകദേശം നാല് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലേക്ക് ഉൾപ്പെടുത്തുന്നത്. ഇന്ത്യ, ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ 100 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-ന്‍റെ തുടക്കത്തിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷം എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ എണ്ണം 400 ശതമാനം വർദ്ധിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്ന റൂട്ടുകളുടെ എണ്ണം 74 ൽ നിന്ന് 171 ആയും ഉയർന്നു.
2023 ഒക്ടോബറിലാണ് എയർലൈന്‍ ഏകീകൃത ബ്രാൻഡായ എയർ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിക്കുന്നത്. അതിനു ശേഷം എഐഎക്‌സ് കണക്‌ടിന്‍റെ വിമാനങ്ങളും ആവശ്യമായ റെഗുലേറ്ററി അനുമതിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് ബ്രാൻഡിന് കീഴിലാണ് മാർക്കറ്റ് ചെയ്തിരുന്നത്.