ചെങ്ങന്നൂർ ∙ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ചെങ്ങന്നൂരിൽ ജോലി ചെയ്യാനെത്തുന്ന റെയിൽവേ ജീവനക്കാർക്കു താമസിക്കാൻ ‘ട്രെയിൻ കാരവൻ’ റെഡി. 2 എസി കംപാർട്മെന്റുകളാണു ജീവനക്കാർക്കു താമസിക്കാനായി എത്തിച്ചത്. പിൽഗ്രിം ഷെൽട്ടറിനു സമീപത്തെ അധിക ട്രാക്കിൽ ഇവ നിർത്തിയിട്ടിരിക്കുകയാണ്. 128 ജീവനക്കാർക്ക് 3 ടിയർ സ്ലീപ്പർ എസി കംപാർട്മെന്റുകളിൽ സുഖമായി താമസിക്കാൻ സൗകര്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. സീസൺ അവസാനിക്കുന്ന ജനുവരി 20 വരെ ‘കാരവൻ’ സ്റ്റേഷനിലുണ്ടാകും. പരീക്ഷണമെന്നോണം പ്രീ കൂളിങ് ടെസ്റ്റ് ഇന്നലെ നടത്തി.
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ പൊലീസ്, സ്പെഷൽ ഡ്യൂട്ടിക്കെത്തുന്ന മറ്റു ജീവനക്കാർ എന്നിവർക്കായാണ് കാരവൻ. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ കംപാർട്മെന്റിലെ ശുചിമുറികൾ ഉപയോഗിക്കാനാകില്ല. പ്രാഥമികാവശ്യങ്ങൾക്കായി സ്റ്റേഷനിലെ ശുചിമുറികൾ ഉപയോഗിക്കാം. കംപാർട്മെന്റുകളിലേക്കു വൈദ്യുതി എത്തിക്കാൻ സ്റ്റേഷനിൽ ആഴ്ചകൾക്കു മുൻപു തന്നെ പ്രത്യേക വൈദ്യുതി ലൈൻ സജ്ജീകരിച്ചിരുന്നു. മുൻപ് സീസണിൽ ജോലിക്കെത്തുന്ന ജീവനക്കാർക്കായി പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീർഥാടകർക്കായി ഏറെ സൗകര്യങ്ങൾ ഒരുക്കുമ്പോഴും സ്റ്റേഷനിലെ പഴയ മുറികളിലും മറ്റുമായി താമസിക്കേണ്ട ഗതികേടായിരുന്നു ജീവനക്കാർക്ക്. പുതിയ സംവിധാനത്തോടെ ഇതിനു മാറ്റം വന്നതിന്റെ സന്തോഷത്തിലാണിവർ.