അലര്‍ജി, വളരെയധികം പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നൊരു ആരോഗ്യപ്രശ്നമാണ്. ഇത് ചികിത്സയിലൂടെ പൂര്‍ണമായി ഭേദപ്പെടുത്തുകയും സാധ്യമല്ല. ജീവിതരീതികളില്‍ കൂടി നിയന്ത്രിച്ചുമുന്നോട്ട് പോകലാണ് പലപ്പോഴും അലര്‍ജിക്ക് പ്രതിവിധിയായി നമുക്ക് ചെയ്യാനാവുക.
അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍, പദാര്‍ത്ഥങ്ങള്‍, അന്തരീക്ഷം എന്നിവയില്‍ നിന്നെല്ലാം പരമാവധി വിട്ടുനില്‍ക്കാനും, ദീര്‍ഘസമയം ചിലവിടുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കാനുമെല്ലാം കഴിഞ്ഞാല്‍ ഒരു പരിധി വരെ അലര്‍ജിയില്‍ നിന്ന് രക്ഷ നേടാം.
ധാരാളം പേരില്‍ അലര്‍ജിക്ക് കാരണമാകുന്നത് പൊടിയാണ്. വീട്ടിനകം എത്ര വൃത്തിയാക്കിയാലും സൂക്ഷ്മമായി പൊടി അടിഞ്ഞുകിടക്കുന്ന സ്ഥലങ്ങളുണ്ടാകും. ഇവ കണ്ടെത്തി വൃത്തിയാക്കിയെടുക്കാത്തിടത്തോളം അലര്‍ജി സാധ്യതയും നിലനില്‍ക്കും. തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കിനകത്ത് എന്തോ തടയുന്നത് പോലത്തെ അനുഭവം, കണ്ണുകളില്‍ ചൊറിച്ചില്‍, ചുമ, ശ്വാസതടസം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങള്‍.
കാര്‍പെറ്റ്സ്, കര്‍ട്ടനുകള്‍, ഫാൻ പോലുള്ള വിവിധ ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകളുടെ അടിഭാഗങ്ങളോ വശങ്ങളോ എല്ലാം പൊടി അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഇടങ്ങളാണ് ഇവിടങ്ങളെല്ലാം വൃത്തിയായിരിക്കണം. കഴിയുന്നതും അലര്‍ജിയുള്ളവര്‍ വാക്വം ക്ലീനിംഗ് തന്നെ ആശ്രയിക്കുക.
വീട്ടിനകത്ത് പെറ്റ്സ് അഥവാ വളര്‍ത്തുമൃഗങ്ങളെ കടത്തുന്നവര്‍ക്ക് ചിലപ്പോള്‍ ഇവയുടെ രോമം മൂലമോ കാഷ്ടം മൂലമോ എല്ലാം അലര്‍ജിയുണ്ടാകാം. അലര്‍ജി പതിവാണെങ്കില്‍ ഇക്കാര്യവും ഒന്ന് ശ്രദ്ധിക്കാവുന്നതാണ്. വളര്‍ത്തുമൃഗങ്ങള്‍ മാത്രമല്ല വീട്ടില്‍ വരുന്ന പാറ്റ, പ്രാവ് എന്നിങ്ങനെ പല ജീവികളും പക്ഷിമൃഗാദികളും അലര്‍ജിക്ക് കാരണമാകാം. ഇവയും ശ്രദ്ധിക്കുക.
വീട്ടിനുള്ളില്‍ ആവശ്യത്തിന് വൃത്തിയാക്കാതെ ഇടുന്നതും അലര്‍ജിക്ക് കാരണമാകാം. നനവ് കിടക്കുന്നത്- ഇതിലൂടെ പൂപ്പല്‍ വരുന്നത് എന്നിവയെല്ലാം അലര്‍ജിയിലേക്ക് നയിക്കാറുണ്ട്. ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. ബാത്ത്റൂമുകളോട് ചേര്‍ന്നോ, ചുവരുകളിലോ, വാഷ് ബേസിനുകളോടോ ചേര്‍ന്നോ എല്ലാം നനവ് ഇരിക്കുന്നുണ്ടെങ്കില്‍ ഇവയെല്ലാം പരിഹരിക്കുക.
പൊടി വൃത്തിയാക്കുമ്പോള്‍ പലരും ശ്രദ്ധിക്കാത്ത ഭാഗങ്ങളാണ് വാതിലുകളും ജനാലകളും ചുവരുകളും. ഇവിടെയും അലര്‍ജിക്ക് ഇടയാക്കുന്ന അലര്‍ജൻസ് അഥവാ പൊടിയും മറ്റും അടിഞ്ഞുകിടക്കാം. ഇവിടവും വൃത്തിയാക്കിയിരിക്കണം.
അലര്‍ജിയുള്ളവരാണെങ്കില്‍ വീടിനകം ക്ലീൻ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. അല്ലെങ്കില്‍ മൂക്കും വായും മൂടത്തക്ക രീതിയില്‍ തുണി കൊണ്ട് കെട്ടിയിരിക്കണം. അല്ലാത്ത പക്ഷം വൃത്തിയാക്കലിന് ശേഷം ദിവസങ്ങളോളം അലര്‍ജിയും അനുബന്ധപ്രശ്നങ്ങളും അസ്വസ്ഥതയുണ്ടാക്കാം.