/sathyam/media/media_files/tSFBH23WdMzBElA1JRTs.jpeg)
കനത്ത സുരക്ഷയോടെ അമര്‍നാഥ് യാത്രയ്ക്ക് തുടക്കമായി.ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടനയാത്രയുടെ ഭാഗമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ജമ്മുവിലെത്തിച്ചേര്‍ന്നത്. ജമ്മുവിലെ അമര്‍നാഥ് ബേസ് ക്യാമ്പില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആദ്യ സംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്തു.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് നിരീക്ഷണവും പ്രവേശനനിയന്ത്രണ ക്രമീകരണങ്ങളും ഒരുക്കിയതായി ജമ്മു പോലീസ് അറിയിച്ചു. പോലീസ്, സി.ആര്‍.പി.എഫ്., ഐ.ടി.ബി.പി. തുടങ്ങിയ സേനകളില്‍നിന്നുള്ള ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ പാതയിലുടനീളം വിന്യസിച്ചു. ഖാസിഗുണ്ട് മുതല്‍ പഹല്‍ഗാം, ബാല്‍താല്‍ ബേസ് ക്യാമ്പുകള്‍ വരെയുള്ള ദേശീയപാത സി.സി.ടി.വി. നിരീക്ഷണത്തിലാണ്.
അമര്‍നാഥ് യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകര്‍ക്കായി ഷാലിമാറില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. 1600 തീര്‍ഥാടകരാണ് ഭഗവതി-നഗര്‍ ബേസ് ക്യാമ്പിലെത്തിയത്. 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അമര്‍നാഥ് യാത്രാസീസണ്‍. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ക്ഷേത്രത്തിലെത്താന്‍ സാധിക്കുക.
അനന്ത്‌നാഗില്‍നിന്ന് പഹല്‍ഗാം വഴി 48 കിലോമീറ്റര്‍ പരമ്പരാഗതമാര്‍ഗമാണ് ആദ്യത്തേത്. രണ്ടാം വഴി മധ്യകശ്മീരിലെ ഗന്ദര്‍ബാള്‍ ജില്ലയിലൂടെയുള്ള 14 കിലോമീറ്റര്‍ മാത്രമുള്ള, കുത്തനെയുള്ള ബാല്‍ട്ടാല്‍ വഴിയും. ജമ്മുവിലെ ഭഗവതിനഗറാണ് ഈ യാത്രയുടെ ബേസ് ക്യാമ്പ്.