കൊച്ചി: ആമസോണ്‍ ഇന്ത്യയും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്പിസിഎല്‍) ഇന്ത്യയിലെ ദീര്‍ഘദൂര ഗതാഗതത്തിനായി ലോ കാര്‍ബണ്‍ ഇന്ധനങ്ങള്‍ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും സഹകരണം പ്രഖ്യാപിച്ചു. ഈ സഹകരണം ഗതാഗത മേഖലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കൂടാതെ 2040 ഓടെ പ്രവര്‍ത്തനത്തിലുടനീളം നെറ്റ് സീറോ കാര്‍ബണ്‍ കൈവരിക്കുന്നതിനുള്ള ആമസോണിന്‍റെ ആഗോള പ്രതിബദ്ധതയുമായി ചേര്‍ന്ന് പോകുന്നതുമാണ്. 2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എന്ന ദേശീയ ലക്ഷ്യം കൈവരിക്കാനും സഹായകമാകും.
ഫോസില്‍ ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ തീവ്രതയില്‍ ഗണ്യമായ കുറവ് വാഗ്ദാനം ചെയ്യുന്ന പുനരുപയോഗിക്കാവുന്ന ഡീസല്‍, കംപ്രസ്ഡ് ബയോഗ്യാസ് തുടങ്ങിയ ലോ കാര്‍ബണ്‍ ഇന്ധനങ്ങളുടെ വിതരണവും ആവശ്യകതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രം ആമസോണും എച്ച്പിസിഎല്ലും ഒപ്പ് വെച്ചു. ഈ ഇന്ധനങ്ങള്‍ ആമസോണിന്‍റെ ദീര്‍ഘദൂര ഗതാഗത വാഹനങ്ങളില്‍ പരീക്ഷിക്കുകയും കാര്‍ബണ്‍ കുറഞ്ഞ ഇന്ധനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഇന്ധനം നിറക്കുന്ന കേന്ദ്രങ്ങളുടെയും മൊബൈല്‍ ഇന്ധന കേന്ദ്രങ്ങളുടെയും സാധ്യതകള്‍ പഠിക്കുകയും ചെയ്യും. കാര്‍ബണ്‍ കുറഞ്ഞ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇരു കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും വ്യവസായ പ്രമുഖരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ ജൈവ ഇന്ധനങ്ങള്‍ പ്രധാനമാണെന്നും തൊഴിലിനും സാമ്പത്തിക വളര്‍ച്ചയ്ക്കും അവ സംഭാവന നല്‍കുമെന്നും ആമസോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് അഭിനവ് സിംഗ് പറഞ്ഞു. എച്ച്പിസിഎല്ലുമായുള്ള ആമസോണിന്‍റെ സഹകരണം ഈ പരിവര്‍ത്തന മാറ്റത്തെ ശാക്തീകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. 2040 ഓടെ നെറ്റ് സീറോ കാര്‍ബണിലെത്താനുള്ള ക്ലൈമറ്റ് പ്ലെഡ്ജിന്‍റെ ആഗോള ലക്ഷ്യത്തിന് അനുസൃതമായി, ഗതാഗത ശൃംഖലയിലെ ഇന്ധന ബദലുകള്‍ ത്വരിതപ്പെടുത്തുന്നത് രാജ്യത്തിന്‍റെ ഊര്‍ജ്ജ താല്‍പര്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ കാര്‍ബണ്‍ കുറഞ്ഞ ഇന്ധനങ്ങള്‍ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഈ ശ്രമത്തിന്‍റെ പാരിസ്ഥിതിക നേട്ടങ്ങള്‍ കാണുവാനും താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തിനും വ്യവസായത്തിനും പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന സുസ്ഥിര ഇന്ധന പര്യവേക്ഷണങ്ങള്‍ വികസിപ്പിക്കാനും വര്‍ദ്ധിപ്പിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എച്ച്പിസിഎല്‍ അറിയിച്ചു. ഈ സഹകരണം ദീര്‍ഘദൂര ഗതാഗതത്തെ ഡീ-കാര്‍ബണൈസ് ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. ഇന്ത്യയുടെ ദീര്‍ഘകാല ലോ കാര്‍ബണ്‍ ഇന്ധന വികസന തന്ത്രത്തെ പിന്തുണയ്ക്കുകയെന്ന തങ്ങളുടെ കാഴ്ചപ്പാടുമായി യോജിക്കുകയും ചെയ്യുന്നു. ശുദ്ധമായ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്താനും രാജ്യത്തിന് ഹരിതവും സുസ്ഥിരവുമായ ഭാവിക്ക് വഴിയൊരുക്കാനും ഞങ്ങള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നുവെന്നും എച്ച്പിസിഎല്‍ അറിയിച്ചു.