അമീബിക് മസ്തിഷ്‌ക ജ്വരം; കൊച്ചിയിൽ ചികിത്സയിലായിരുന്ന കുട്ടി രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി അജ്സലിന് ഇനി സ്‌കൂളിൽ പോകണം, കൂട്ടുകാരെ കാണണം

ഒടുവിൽ പൂർണമായും രോഗമുക്തി നേടി  തിങ്കളാഴ്ച  കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്സലിന്റെ മനസ്സ് നിറയെ സ്‌കൂളിലെത്തി തന്റെ കൂട്ടുകാരെയെല്ലാം കാണാനുള്ള ആഗ്രഹമായിരുന്നു.

New Update
ertyuioiuytrertyu

കൊച്ചി: ഈ അധ്യയന വർഷത്തിൽ ഇതു വരെ സ്‌കൂളിൽ പോകാൻ അജ്സലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ കേരളം മുഴുവൻ  അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ) എന്ന അത്യധികം ഗുരുതരമായ രോഗത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ അതേ രോഗം ബാധിച്ച്  അതീവ ഗുരുതരാവസ്ഥയിൽ തൃശൂരിലും കൊച്ചിയിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു തൃശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഈ 12 വയസ്സുകാരൻ.

Advertisment

drtyuiuiertyu

ഒടുവിൽ പൂർണമായും രോഗമുക്തി നേടി  തിങ്കളാഴ്ച  കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്സലിന്റെ മനസ്സ് നിറയെ സ്‌കൂളിലെത്തി തന്റെ കൂട്ടുകാരെയെല്ലാം കാണാനുള്ള ആഗ്രഹമായിരുന്നു. വെങ്കിടങ് പാടൂർ വാണീവിലാസം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അജ്സലിന്  കണക്കാണ് ഇഷ്ടവിഷയം. സ്‌കൂളിലെ കൂട്ടുകാർ ഓരോ ദിവസവും അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളാണ് മൂന്നാഴ്ചയോളമായി ആശുപത്രിക്കിടക്കയിലിരുന്ന് പഠിച്ചുകൊണ്ടിരുന്നത്.സ്‌കൂളിലെ അധ്യാപകർ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം എത്രയും വേഗം സ്‌കൂളിലേക്കെത്തി കൂട്ടുകാരെ കാണാനാണ് അജ്‌സലിന്റെ പ്ലാൻ.

അപൂർവമായൊരു രോഗത്തെ അതിജീവിക്കാൻ തനിക്ക് കരുത്തേകിയ അമൃതയിലെ ഡോക്ടർമാർക്കെല്ലാം മധുരം നൽകി, നന്ദി പറഞ്ഞാണ് അജ്‌സൽ മാതാപിതാക്കൾക്കൊപ്പം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയത്.  പ്രതീക്ഷിച്ചതിലും വേഗത്തിൽ  കുട്ടി രോഗമുക്തി നേടിയതായി ചികിത്സയ്ക്ക്  നേതൃത്വം നൽകിയ അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി വിനയൻ പറഞ്ഞു അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധം, രോഗനിർണയം. ചികിത്സ എന്നിവ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു

ഡോ. കെ.പി വിനയന്റെ നേതൃത്വത്തിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ ഡോ.വൈശാഖ് ആനന്ദ്,  പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.സജിത് കേശവൻ,  അസോസിയേറ്റ് പ്രൊഫസർ ഡോ.ഗ്രീഷ്മ ഐസക്, പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എൻ.ബി പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്. മകന്  വളരെ വേഗത്തിൽ പുതിയൊരു ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കളായ നൗഫലും അനിഷയും പറഞ്ഞു.

കഴിഞ്ഞ ജൂൺ 1 നാണ് പനിയെ തുടർന്ന് അജ്‌സലിനെ പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.  പനി കൂടിയതിനെ തുടർന്ന് 2 ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുട്ടിയെ ഇവിടെ നിന്നും ത്യശൂർ ഗവ.മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് വെർമമീബ വെർമിഫോർസിസ് (Vermamoeba vermiformis ) അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 നാണ് അമൃത ആശുപത്രിയിലേക്കെത്തിച്ചത്. തുടർന്ന് അമൃതയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്ററിന്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്തു. ഐസിയു വിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ  ആരോഗ്യസ്ഥിതി തൃപ്തികരമായതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ്  മുറിയിലേക്ക് മാറ്റിയത്. തുടർന്ന് ഒരാഴ്ചത്തെ ഫിസിയോതെറാപ്പി കൂടി പൂർത്തിയായതോടെ കാലുകളുടെ ചലനക്ഷമതയും വീണ്ടെടുത്തു.

Advertisment