ഹൈദരാബാദ്: ഹൈദരാബാദിലെ ജഗദീഷ് മാര്‍ക്കറ്റില്‍ നിന്ന് 2.42 കോടി രൂപയുടെ വ്യാജ ആപ്പിള്‍ ഉപകരണങ്ങളുമായി നാലുപേര്‍ പിടിയിലായി. ആബിഡ്സ് പോലീസ് സ്റ്റേഷന് പരിധിയിലുണ്ടായ റെയ്ഡിലാണ് സംഘം പിടിയിലായത്. ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്സ്, സെന്‍ട്രല്‍ സോണ്‍ ടീം, ആബിഡ്സ് പിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോണ്‍ കട ഉടമകള്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തത്.
നിംബ് സിങ് (ടാര്‍ഗറ്റ് മൊബൈല്‍ ഷോപ്പിന്റെ ഉടമ), ഹിരാ റാം (പട്ടേല്‍ മൊബൈല്‍ ഷോപ്പ് ഉടമ), ഗോവിന്ദ് ലാല്‍ ചൗഹാന്‍ (ഔഷപുര മൊബൈല്‍ ഷോപ്പ് ഉടമ), മുകേഷ് ജെയിന്‍ എന്നിവരാണ് പിടിയിലായത്.
പ്രതികള്‍ ആപ്പിള്‍ ബ്രാന്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ ആക്സസറികള്‍ വാങ്ങി ആപ്പിളിന്റെ ലോഗോകളും ചിത്രങ്ങളും ആക്സസറികളില്‍ പ്രിന്റ് ചെയ്ത് ഒട്ടിച്ച് വില്‍ക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്.
യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇവര്‍ വില്‍പ്പനനടത്തിയത്. ഇതില്‍ നിന്ന് ഇവര്‍ വലിയ രീതിയില്‍ ലാഭം നേടുകയും ചെയ്തിരുന്നു. 2,42,55,900 രൂപ വിലവരുന്ന 579 എയര്‍പോഡ്‌സ് പ്രോ, 351 യുഎസ്ബി അഡാപ്റ്ററുകള്‍, 747 യുഎസ്ബി പവര്‍ കേബിളുകള്‍, 17 പവര്‍ ബാങ്കുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.