/sathyam/media/media_files/NeQYCoqKoNRiemliuGjA.jpeg)
കൂറ്റനാട്(പാലക്കാട്): കമുകിന് മഹാളിരോഗം പടരുന്നു. ചെറിയ അടയ്ക്കകൾക്കാണ് മഹാളിരോഗം പിടിപെടുന്നത്. മരുന്നുകൾ തളിച്ചിട്ടും രോഗം നിയന്ത്രിക്കാനാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കി.ഇതോടെ, ഞെട്ടുകൾ ചീഞ്ഞ് അടയ്ക്കകൾ പാകമാകുംമുമ്പ് കൊഴിഞ്ഞുപോകുന്നു. പ്രതിരോധമരുന്ന് തളിക്കാൻ പരിശീലകരായ തൊഴിലാളികളുടെ അഭാവവുമുണ്ട്.
തിരുമിറ്റക്കോട് പഞ്ചായത്തിലെ രായമംഗലം, ഇരിങ്കുറ്റൂർ, ചെരിപ്പൂർ, ഇട്ടോണം, മതുപ്പുള്ളി, പെരിങ്ങോട്, ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ, ആലിക്കര, ചാലിശ്ശേരി, കരിമ്പ, പട്ടിശ്ശേരി എന്നിവിടങ്ങളിലെ കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
തുരിശും ചുണ്ണാമ്പും ചേർത്ത ബോർഡോമിശ്രിതം തളിക്കുകയാണ് ഏക പോംവഴി. രോഗം പിടിപെട്ട അടയ്ക്കകൾ പൂർണമായും കൊഴിഞ്ഞുപോകും. രോഗം വരാതിരിക്കാൻ മുൻകൂട്ടി മരുന്ന് തളിക്കുകയാണ് വേണ്ടതെങ്കിലും ഇടതടവില്ലാതെ മഴപെയ്യുന്നത് മരുന്നുതളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.