Advertisment

ലിസ് ചേനിയെ വെടിവയ്ക്കണമെന്ന ട്രംപിന്റെ പ്രസ്താവന വധ ഭീഷണിയോ എന്ന് അരിസോണ അന്വേഷിക്കുന്നു

New Update
nbj

റിപ്പബ്ലിക്കൻ ഹൗസ് അംഗമായിരുന്ന ലിസ് ചേനിയെ ഫയറിംഗ് സ്‌ക്വാഡിനു മുന്നിലേക്ക് അയക്കണമെന്ന ഡൊണാൾഡ്  ട്രംപിന്റെ രൂക്ഷമായ അഭിപ്രായത്തിനെതിരെ ഡെമോക്രാറ്റിക്‌ നേതാക്കൾ ആഞ്ഞടിക്കുന്നതിനിടയിൽ, അദ്ദേഹത്തിനെതിരെ വധ ഭീഷണിക്കു കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അരിസോണ അറ്റോണി ജനറൽ ക്രിസ് മയേസ് അറിയിച്ചു.  അന്വേഷണം ആരംഭിച്ചെന്നു അവർ വ്യക്തമാക്കി.

Advertisment

ട്രംപിന്റെ ഈ അഭിപ്രായ പ്രകടനം അദ്ദേഹത്തെ അയോഗ്യനാക്കുന്നുവെവെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വെള്ളിയാഴ്ച്ച രാത്രി വിസ്കോൺസിനിലെ ഡെയ്ൻ കൗണ്ടി വിമാനത്താവളത്തിൽ വച്ചു പറഞ്ഞു.

മുൻ വൈസ് പ്രസിഡന്റ് ഡിക്ക് ചേനിയുടെ പുത്രിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ട്രംപ് വ്യാഴാഴ്ച അരിസോണയിലെ ഗ്ലെൻഡൈലിൽ വലതുപക്ഷ മാധ്യമ പ്രവർത്തകൻ ടക്കർ കാൾസണ് അനുവദിച്ച അഭിമുഖത്തിലാണ് അവരെ വെടി വച്ച് കൊല്ലണമെന്നു പറഞ്ഞത്. "അവർ യുദ്ധം കൊതിക്കുന്ന തികച്ചും വിഡ്ഢിയായ സ്ത്രീയാണ്," ട്രംപ് പറഞ്ഞു. "അവരെ 9 ബാരൽ തോക്കുകൾക്കു മുന്നിൽ നിർത്തി വെടി വയ്ക്കണം.

"തോക്കുകൾ മുഖത്തിനു നേരെ ചൂണ്ടുമ്പോൾ അവർക്കെന്താണ് തോന്നുക എന്നു നോക്കാം."

അരിസോണയിലെ നിയമങ്ങൾ ലംഘിക്കുന്ന വധഭീഷണിയാണോ അതെന്നു പരിശോധിക്കുന്നു എന്നാണ് ഡെമോക്രാറ്റ് ക്രിസ് മേയസ് പറഞ്ഞത്.ട്രംപിന്റെ അക്രമാസക്തമായ പ്രസ്താവന വധ ഭീഷണി തന്നെയെന്നു ലിസ് ചേനി പറഞ്ഞു. "സ്വതന്ത്ര രാഷ്ട്രങ്ങളെ നശിപ്പിച്ച സർവാധിപതികളുടെ ഭാഷയാണ് അദ്ദേഹം പറയുന്നത്. എതിർക്കുന്നവരെ കൊല്ലുമെന്നു പറയുക.

സർവ്വാധിപതിയാവാൻ ആഗ്രഹിക്കുന്ന,  ഇത്രയും അൽപനും പ്രതികാര ദാഹിയും ക്രൂരനും അസ്ഥിരനുമായ ഒരാളെ ഈ രാജ്യം ഏല്പിക്കാൻ നമുക്കാവില്ല."ഹാരിസ് പറഞ്ഞു: "യുഎസ് പ്രസിഡന്റ് ആവാൻ ആഗ്രഹിക്കുന്ന ആരും അത്തരം അക്രമാസക്തമായ ഭാഷ ഉപയോഗിക്കാൻ പാടില്ല. അങ്ങിനെ സംസാരിച്ച ഒരാൾക്കു യുഎസ് പ്രസിഡന്റാവാൻ യോഗ്യതയില്ല.

"റെപ് ലിസ് ചേനി യഥാർഥ രാജ്യ സ്നേഹിയാണ്. പാർട്ടിക്ക് ഉപരിയായി രാജ്യത്തെ ഉയർത്തിപ്പിടിച്ചു അസാമാന്യ ധീരത കാട്ടിയ സ്ത്രീയാണ്. ട്രംപിന്റെ പ്രതികാര ദാഹം കൂടി വരികയാണ്. അദ്ദേഹം അസ്ഥിരനും അനിയന്ത്രിതനുമാണ്."

ട്രംപിന്റെ വെളിവ് കെട്ട, പ്രസിഡന്റിനു പാടില്ലാത്ത ഭാഷയെ അപലപിക്കാൻ അദ്ദേഹത്തിന്റെ മുൻ സഹായി അലിസാ ഫറ ഗ്രിഫിൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളോട് പറഞ്ഞു.  എന്നാൽ തിരിച്ചടി ശക്തമായപ്പോൾ കുറ്റം മാധ്യമങ്ങളുടെ മേൽ വയ്ക്കുന്ന ട്രംപ് കാമ്പയ്ൻ അദ്ദേഹം പറഞ്ഞത് 100% ന്യായമാണെന്നു വാദിച്ചു. "യുദ്ധക്കൊതി മൂത്ത ലിസ് ചേനിയെ പോലുള്ളവർ വേഗത്തിൽ യുദ്ധത്തിനു പോകും," വക്താവ് കരോളിൻ ലിയാവിറ്റ് പറഞ്ഞു.  



 

 

 

Advertisment