അരയൻകാവ്/ എറണാകുളം.അരയൻകാവ്, തൃപ്പക്കുടം കളിക്കളത്തിൽ ദുർഗ്ഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സെപ്റ്റംബർ 8 - ന് ആരംഭിച്ച് 14 - ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിയ്ക്കും. ദുർഗ്ഗയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 23 -ാ മത് ഫുട്ബോൾ ടൂർണമെൻറ് ആണ് ഇത്.
ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള ഫുട്ബോൾ മത്സരം കാണാൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും എത്തുന്നത് എന്നും ഈ വർഷവും കഴിഞ്ഞവർഷങ്ങളേതിനേക്കാൾ കൂടുതൽ ആളുകൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു എന്നും ദുർഗ്ഗയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ദുർഗ്ഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് ഷെറിൻ ഷിബു അറിയിച്ചു. വില്ലാബോയ്സ് ബംഗളരു, എ എഫ് സി ചെന്നൈ, ഫെബ്സ് ദുബായ്, റോയൽ ട്രാവൽസ് ബ്ലാക്ക് ആൻ്റ് വൈറ്റ് കോഴിക്കോട്,അഭിലാഷ് എഫ്.സി. പാലക്കാട്, ശാസ്താ തൃശൂർ, ദുർഗ്ഗാ അരയൻ കാവ്, യൂണിവേഴ്സൽ എഫ്.സി.കളമശേരി എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
സെപ്തം 8 വൈകീട്ട് 6 മണിക്ക് ഇൻറർനാഷണൽ ഫുട്ബോൾ താരം സി.കെ.വിനീത് ടൂർണമെന്റ് ഉൽഘാടനം ചെയ്യും. കായിക താരങ്ങളായ റിനോ ആൻറണി, മുഹമ്മദ് റാഫി, ടോം ജോസഫ്, ടിനു യോഹന്നാൻ എന്നിവരും മുഖ്യാതിഥികളായി അനൂപ് ജേക്കബ് എം. എൽ.എ, ഉമാ തോമസ് എം.എൽ.എ, സി.കെ.ആശഎം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും വിവിധ ദിവസങ്ങളിലെ മത്സരങ്ങളിൽ അതിഥികളാകും. പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാൻ സമ്മാനദാനം നിർവഹിക്കും.
എല്ലാ ദിവസവും രാത്രി 7.30 ന് ആയിരിയ്ക്കും ഫുട്ബോൾ മത്സരം ആരംഭിയ്ക്കുന്നതെന്ന് സെക്രട്ടറി രാഹുൽ കെ.വി പറഞ്ഞു. മത്സരത്തിന് മുമ്പായി 6.30 ന് ദുർഗ്ഗയിലെ കുട്ടികളുടെ ഫുട്ബോൾ ടൂർണമെൻറ് ഉണ്ടാകും. അതിന് ശേഷം കാണികൾക്കായി നാടൻപാട്ടുകളും, കൈകൊട്ടിക്കളിയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
ദുർഗ്ഗ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് രഞ്ജു പവിത്രൻ, മുൻ സെക്രട്ടറി അമൽ പി.വി, രക്ഷാധികാരി സജേഷ് കുട്ടപ്പൻ, സഹ രക്ഷാധികാരി റോജിമോൻ, ജോയിന്റ് സെക്രട്ടറി നൗഫൽ ഒ.എൻ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഭിലാഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.